ന്യൂഡൽഹി: ആർഎസ്എസിന്റെ ആവശ്യകതയിൽ നിന്നുമാറി ബിജെപി വളർന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ. ആർഎസ്എസ് പ്രത്യയശാസ്ത്ര സഖ്യമാണെന്നും അത് അതിന്റെ പ്രവർത്തനം നടത്തുന്നുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നഡ്ഡയുടെ പ്രതികരണം. കാശിയിലും മഥുരയിലും തർക്കപ്രദേശത്ത് ക്ഷേത്രം പണിയാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും നഡ്ഡ അഭിമുഖത്തിൽ പറഞ്ഞു.

അടൽ ബിഹാരി വാജ്പേയിയുടെ കാലത്തും ഇപ്പോഴും ആർഎസ്എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തിനായിരുന്നു നഡ്ഡയുടെ പ്രതികരണം. തുടക്കകാലത്ത് പാർട്ടിക്ക് ശക്തി കുറവായിരുന്നു. അന്ന് ആർഎസ്എസിനെ ആവശ്യമായി വന്നിരുന്നു. ഇന്ന് ഞങ്ങൾ വളർന്ന് കരുത്തുള്ള പാർട്ടിയായി. ബിജെപി ഇപ്പോൾ സ്വയം പര്യപ്തതയോടെയാണ് പ്രവർത്തിക്കുന്നത്' നഡ്ഡ പറഞ്ഞു.

ബിജെപിക്ക് ഇപ്പോൾ ആർഎസിഎസിന്റെ പിന്തുണ ആവശ്യമില്ലേയെന്ന ചോദ്യത്തിന് നഡ്ഡ ഇങ്ങനെ മറുപടി നൽകി,'നോക്കൂ പാർട്ടി വളർന്നു. എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആർഎസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്. ആർഎസ്എസ്സുമായുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണ്. ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതും അതാണ്'.

ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഇന്ന് പാർട്ടിക്ക് ഉണ്ട്. ആർഎസ്എസ് സാമൂഹ്യ സാംസ്‌കാരിക സംഘടന ആണെന്നും ബിജെപി രാഷ്ട്രീയ പാർട്ടി ആണെന്നും നഡ്ഡ പറഞ്ഞു. ആർഎസ്എസ് എന്നത് ഒരു പ്രത്യയ ശാസ്ത്ര സംഘടനാണ്. ആ നിലയിൽ നിന്ന് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നു. പാർട്ടിയുടെ ഘടന കൂടുതൽ ശക്തമായിരിക്കുകയാണ്. ബിജെപിയുടെ കടമകൾ പാർട്ടി ഒറ്റയ്ക്കാണ് ചെയ്യുന്നത്.

മഥുരയിലെയും കാശിയിലെയും തർക്ക സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും നഡ്ഡ പറഞ്ഞു. രാമക്ഷേത്രം എന്ന ആവശ്യം പാലമ്പൂർ പ്രമേയത്തിൽ (ജൂൺ 1989) ബിജെപി ഉൾപ്പെടുത്തിയിരുന്നു. നീണ്ട പോരാട്ടത്തിനൊടുവിൽ അത് യാഥാർത്ഥ്യമായി. അത് ഞങ്ങളുടെ അജണ്ടയിൽ ഉണ്ടായിരുന്നു. ചില ആളുകൾ വികാരാധീനരാകുകയോ ആവേശഭരിതരാകുകയോ ചെയ്യുന്നു. ഞങ്ങളുടെ പാർട്ടി വലിയ പാർട്ടിയാണ്, ഓരോ നേതാക്കൾക്കും അവരുടേതായ ശൈലിയുണ്ടെന്നും നഡ്ഡ പറഞ്ഞു.

നഡ്ഡക്ക് മറുപടിയുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ആർ.എസ്.എസിനെ ബിജെപി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് താക്കറെ പറഞ്ഞു.ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും.

മഹാരാഷ്ട്രയിലെ റാലികളിൽ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും. മോദിയുടെ പ്രതിസന്ധി ഘട്ടത്തിൽ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആർ.എസ്.എസിനെ വ്യാജമെന്ന് വിളിക്കാൻ അവർ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.