- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നു'
കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് രാജ്യം ഒരുങ്ങവെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ മമത സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാർ തൃണമൂൽ കോൺഗ്രസിനെതിരെനിന്ന് ബിജെപിയെ പിന്തുണയ്ക്കുകയാണെന്ന മമതാ ബാനർജിയുടെ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ജനങ്ങളുടെമേൽ അധികാരം കാണിക്കുകയും ചെയ്ത തൃണമൂൽ കൊൺഗ്രസ്, ഇപ്പോൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. സേവനത്തിന്റെയും ധാർമ്മികതയുടെയും പേരിൽ രാജ്യത്തിനകത്തും പുറത്തും പേരുകേട്ട സംഘടനകളാണ് ഇസ്‌കോണും രാമകൃഷ്ണമിഷനും ഭാരത് സേവാശ്രം സംഘവും. ഇന്ന് ബംഗാൾ മുഖ്യമന്ത്രി അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വോട്ട് ബാങ്ക് നേടാൻ വേണ്ടി മാത്രമാണിത്, മോദി പറഞ്ഞു.
കഴിഞ്ഞദിവസം ഭാരത് സേവാശ്രം സന്യാസി കാർത്തിക് മഹാരാജിനെ മമത വിമർശിച്ചിരുന്നു. 'ബംഹ്രാംപൂരിലൊരു രാജാവുണ്ട്, കാർത്തിക് മഹാരാജ്. കുറച്ചു നാളായി അദ്ദേഹത്തേപ്പറ്റി ഞാൻ കേൾക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ഒരു ഏജന്റിനെ പോലും പോളിങ്ങ് ബൂത്തിലേക്ക് കയറ്റില്ലന്നാണ് അയാൾ പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങി രാജ്യത്തെ നശിപ്പിക്കുന്ന അദ്ദേഹത്തെ ഞാൻ സന്യാസിയായി കാണുന്നില്ല. ഭാരത് സേവാശ്രം സംഘത്തെ ഞാൻ ഒരുപാട് ബഹുമാനിച്ചിരുന്നു', മമതാ ബാനർജി ബഹ്രാംപൂരിൽ നടന്ന റാലിയിൽ പറഞ്ഞു.
സന്ദേശ്ഖലി സംഭവം ചൂണ്ടിക്കാട്ടിയും തൃണമൂൽ കോൺഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് അവരുടെ 'ഷാജഹാനെ' സംരക്ഷിക്കാനായി സന്ദേശ്ഖലിയിലെ സഹോദരികളെ കുറ്റപ്പെടുത്തുകയും അവരെ വ്യക്തിഹത്യ നടത്തുകയും ചെയ്തതായി മോദി ആരോപിച്ചു.
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് അംബേദ്കർ എതിരായിരുന്നെന്നും എന്നാൽ, ഇന്ത്യാ സഖ്യത്തിന് മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു. കർണാടകയിൽ അവർ മുസ്ലീങ്ങൾക്ക് ഒ.ബി.സി ക്വാട്ട വഴി സംവരണം നൽകി. ഈ ഗൂഢാലോചനയിൽ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിനൊപ്പം കൈകോർത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.