ഹിസാർ: രാഹുൽ ഗാന്ധിക്ക് ജൂൺ നാലിന് ശേഷം കോൺഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുപോലും നേടാൻ കോൺഗ്രസിനാകില്ലെന്നും ബൈനോക്കുലറിൽപോലും കോൺഗ്രസിനെ കാണില്ലെന്നും അമിത് ഷാ പറഞ്ഞു.

ഹരിയാണയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ ആദ്യനാലു ഘട്ടം പിന്നിട്ടപ്പോഴുള്ള സ്ഥിതി സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ബിജെപി ഇതിനോടകം 270 സീറ്റുകളിലധികംനേടി കഴിഞ്ഞെന്ന് അമിത് ഷാ മറുപടി നൽകി. അടുത്ത മൂന്ന് ഘട്ടങ്ങൾകൂടി കഴിയുമ്പോൾ ബിജെപി 400 സീറ്റ് കടക്കുമെന്നും കോൺഗ്രസ് 40 കടക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

'കോൺഗ്രസിന്റെ രാജകുമാരൻ രാഹുൽബാബ, ഭാരത്ജോഡോ യാത്ര നടത്തിയിരുന്നു. ജൂൺ നാലിന് ശേഷം രാഹുൽ ബാബയ്ക്ക് കോൺഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും. ബൈനോക്കുലറിൽപോലും കോൺഗ്രസിനെ കാണില്ല' അമിത് ഷാ പറഞ്ഞു.

ഒരു വശത്ത് വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലും മറുവശത്ത് ദരിദ്ര കുടുംബത്തിൽ ജനിച്ച പ്രധാനമന്ത്രി മോദിയുമാണെന്നും അമിത് ഷാ റാലിക്കിടെ പറഞ്ഞു. ഇന്ത്യയിൽ ചൂട്കൂടുമ്പോൾ രാഹുൽ തായ്ലൻഡിലേക്കും ബാങ്കോക്കിലേക്കും പോകും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ, ജൂൺ നാലിന് ഫലം വന്നശേഷം ജൂൺ ആറിന് രാഹുൽ അവധിക്കാലം ആഘോഷിക്കാൻ പോകുമെന്നും അമിത് ഷാ പറഞ്ഞു.