- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സഖ്യസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: അഞ്ചാംഘട്ട പോളിങ് അവസാനിച്ചതോടെ ജൂൺ നാലിന് മോദി സർക്കാർ തുടച്ചുനീക്കപ്പെടുമെന്നും ഇന്ത്യ സഖ്യസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ ജനങ്ങളെ അപമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയെന്നതിൽ അഭിമാനംകൊള്ളുന്ന അമിത് ഷാ അഹങ്കാരിയായി തീർന്നെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം അമിത് ഷാ ജി ഡൽഹിയിൽ വന്നു. അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പൊതുയോഗത്തിലുണ്ടായിരുന്നത്. ഡൽഹിയിൽ വന്ന അദ്ദേഹം രാജ്യത്തെ ജനങ്ങളെ അപമാനിച്ചു. ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നവർ പാക്കിസ്ഥാനികളാണെന്ന് പറഞ്ഞു. എ.എ.പിയെ 62 സീറ്റും 56% വോട്ടും തന്ന് വിജയിപ്പിച്ച ഡൽഹിക്കാർ പാക്കിസ്ഥാനികളാണോയെന്ന് കെജ്രിവാൾ അമിത് ഷായോട് ചോദിച്ചു.
'117-ൽ 92 സീറ്റുകൾ പഞ്ചാബിലെ ജനത എ.എ.പിക്ക് തന്നു. ഗുജറാത്ത്, ഗോവ, ഉത്തർപ്രദേശ്, അസം, മധ്യപ്രദേശ് അടക്കം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ജനങ്ങൾ ഞങ്ങളിൽ വിശ്വാസമർപ്പിക്കുകയും സ്നേഹം തരുകയുംചെയ്തു. രാജ്യത്തെ ജനങ്ങളായ ഇവരെല്ലാം പാക്കിസ്ഥാനികളാണോ', അദ്ദേഹം ആരാഞ്ഞു.
'പ്രധാനമന്ത്രി മോദി നിങ്ങളെ പിൻഗാമിയായി തിരഞ്ഞെടുത്തു. ഇതിൽ അഭിമാനിക്കുന്ന നിങ്ങൾ ജനങ്ങളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ തന്നെ നിങ്ങൾ ധിക്കാരിയായി മാറി. നിങ്ങളുടെ അറിവിലേക്ക് ഒരുകാര്യം പറയാം, താങ്കൾ പ്രധാനമന്ത്രിയാവില്ല. ജൂൺ നാലിന് ജനങ്ങൾ ബിജെപി. സർക്കാരിനെയല്ല തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അഞ്ചാംഘട്ട പോളിങ് അവസാനിച്ചതോടെ ജൂൺ നാലിന് മോദി സർക്കാർ തുടച്ചുനീക്കപ്പെടുമെന്നും ഇന്ത്യ സഖ്യസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും കൂടുതൽ വ്യക്തമാവുകയാണ്. ജൂൺ നാലിന് ഇന്ത്യ സഖ്യത്തിന് 300-ലേറെ സീറ്റുകിട്ടും', കെജ്രിവാൾ അവകാശപ്പെട്ടു.
രാഹുൽഗാന്ധിക്കും അരവിന്ദ് കെജ്രിവാളിനും ഇന്ത്യയിലേക്കാൾ കൂടുതൽ പിന്തുണ പാക്കിസ്ഥാനിലുണ്ടെന്നായിരുന്നു അമിത് ഷായുടെ ആരോപണം. 370-ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്നും സി.എ.എ. റദ്ദാക്കുമെന്നും മുത്തലാഖ് നിരോധനം പിൻവലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞതായും അമിത് ഷാ ആരോപിച്ചിരുന്നു. ഡൽഹിയിലെ സംഗം വിഹാറിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.