- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരണത്തിൽ ലഭിച്ച പല അവസരങ്ങളും 'ഇന്ത്യ' സഖ്യം പാഴാക്കിയെന്ന് പ്രശാന്ത് കിഷോർ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പും പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. ബിജെപി പ്രതിരോധത്തിലായ പല സമയത്തും പ്രതിപക്ഷം തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതെങ്കിലും ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. സഖ്യത്തിനുള്ളിലെ പാർട്ടികൾ പോലും പരസ്പരം പോരടിക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്.
അയോധ്യാ രാമക്ഷേത്ര നിർമ്മാണം ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. വിഷയം പ്രധാന ചർച്ചയായപ്പോൾ ഇന്ത്യാ സഖ്യം ഒന്നും മിണ്ടാതെ കൈകെട്ടി നിന്നു. ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് പ്രതിപക്ഷം ചർച്ചയ്ക്ക് തുടക്കമിടുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നുവെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. അപ്പോഴേക്കും ബിജെപി ഏറെ മുന്നോട്ടുപോയിരുന്നു. പ്രധാനമന്ത്രി മുഖമെന്ന നിലയ്ക്ക് ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാൻ ഇന്ത്യാ സഖ്യത്തിന് സാധിച്ചില്ല. ഇത് ബിജെപി പ്രധാന ആയുധമാക്കി. പ്രതിപക്ഷത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സഖ്യത്തിലെ നിർണായക പാർട്ടിയെന്ന് കരുതുന്ന മമത ബാനർജി പോലും മത്സരിക്കുന്നത് സ്വന്തമായിട്ടാണ്. കോൺഗ്രസുമായുണ്ടായുള്ള സീറ്റ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് തൃണമൂലിന് ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥ വന്നത്. ബിജെപി ആഗ്രഹിച്ച പോലെ വോട്ടുബാങ്കിലുള്ള വിള്ളലുണ്ടാക്കാൻ മാത്രമാണ് ഇതുകൊണ്ട് കഴിഞ്ഞതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. മോദിയും ബിജെപിയും അപരാജിതരല്ല. പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതിൽ തോറ്റുപോയെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
2015, 2016 കാലത്തെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അവസ്ഥ പരിതാപകരമായിരുന്നു. പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. എന്നിട്ടുപോലും പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശരിയായ തന്ത്രങ്ങളുണ്ടാക്കാൻ സാധിച്ചില്ല.
നോട്ട് നിരോധനത്തിന് ശേഷം ബിജെപിക്കും മോദിക്കുമെതിരേയുമുള്ള ജനവികാരം ശക്തമായിരുന്നു. 2017-ൽ ഗുജറാത്തിൽ പോലും തോൽവിയുടെ വക്കിലെത്തി. പക്ഷെ ഉത്തർപ്രദേശിലടക്കം ബിജെപിയുടെ വലിയ മുന്നേറ്റം കാണേണ്ടി വന്നു. ഇതിന് ശേഷം 2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 52 സീറ്റ് മാത്രമാണ് നേടാനായതെന്നും പ്രശാന്ത് പറയുന്നു.
രാജ്യം കോവിഡിന്റെ പിടിയിലകപ്പെട്ടപ്പോൾ എൻ.ഡി.എ സർക്കാരിന്റെ പല തീരുമാനങ്ങളും വലിയ രീതിയിലാണ് വിമർശിക്കപ്പെട്ടത്. പക്ഷെ ഇതൊന്നും ശരിയായ രീതിയിൽ ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും പ്രശാന്ത് കിഷോർ വിമർശിച്ചു. ക്രിക്കറ്റ് കളിയിൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഒരുപക്ഷെ ആ ബാറ്റർ സെഞ്ച്വറിയടിച്ചേക്കാം. പ്രത്യേകിച്ചും ആയാൾ നല്ല ഒരു ബാറ്റർ കൂടിയാവുമ്പോൾ. സമാന അവസ്ഥയാണ് കോൺഗ്രസിനെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.