ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നാംഘട്ടത്തിൽ 66.14 %, രണ്ടാംഘട്ടത്തിൽ 66.71 %, മൂന്നാംഘട്ടത്തിൽ 65.68 %, നാലാംഘട്ടത്തിൽ 69.16 %, അഞ്ചാം ഘട്ടത്തിൽ 62.20 % എന്നിങ്ങനെയാണ് പോളിങ്. ഓരോ പോളിങ് സ്റ്റേഷനിലേയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17-സി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് അഞ്ച് ഘട്ടങ്ങളിലെയും ഓരോ മണ്ഡലങ്ങളിലേയും സമ്പൂർണ്ണ വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

സുപ്രീംകോടതി നടപടി കമ്മിഷന്റെ ആത്മധൈര്യം വർധിപ്പിച്ചതായി കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പിന് ശേഷം പോളിങ് ശതമാനം പരസ്യപ്പെടുത്തുന്നത് വൈകുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ക്രമക്കേട് നടത്തുന്നതിനായി പോളിങ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത എക്കാലത്തെയും താഴ്ന്നതലത്തിലാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചിരുന്നു.

പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ലെന്നും സ്ഥാനാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ പോളിങ് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും രാവിലെ 9.30 മുതൽ വോട്ടിങ് ശതമാനത്തിന്റെ വിവരങ്ങൾ കമ്മിഷന്റെ ആപ്പിൽ ലഭ്യമായിരുന്നെന്നും കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന ഓരോ മണ്ഡലങ്ങളിലെയും പോളിങ് ശതമാനം പ്രത്യേകം രേഖപ്പെടുത്തിയ പട്ടികയാണ് കമ്മിഷൻ പുറത്തിറക്കിയത്.

അഞ്ചുഘട്ടത്തിലേയും വോട്ടിങ് ശതമാനം, വോട്ടർമാരുടെ എണ്ണം എന്നിവയടക്കമുള്ള ഇതുവരേയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ തകർക്കാൻ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവെന്ന ആരോപണവും കമ്മിഷൻ മുന്നോട്ടുവെച്ചു. പോൾചെയ്ത വോട്ടുകളുടെ കണക്കുകളും തിരഞ്ഞെടുപ്പ് ദിവസം എല്ലാ സ്ഥാനാർത്ഥികളുടെയും പോളിങ് ഏജന്റുമാർക്ക് നൽകിയ ഫോം 17 സിയിലെ കണക്കുകളും മാറ്റാൻ ആർക്കും കഴിയില്ലെന്ന് കമ്മിഷൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്കായി ഉറക്കിയ ഔദ്യോഗിക ആപ്പ് വഴി സ്ഥാനാർത്ഥികൾക്കും പൊതുജനങ്ങൾക്കും വോട്ടിങ് കണക്കുകൾ 24 മണിക്കൂറും ലഭ്യമാകുമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.

പോളിങ് വിവരങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞ നിർദേശങ്ങളും വിധിയും തിരഞ്ഞെടുപ്പ് കമ്മിഷന് ശക്തിപകരുന്നതാണെന്നും ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ജൂൺ ഒന്നിനാണ് ഏഴാം ഘട്ടത്തിൽ അവസാന വോട്ടെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങൾമാത്രം ബാക്കിനിൽക്കേ പോളിങ് സ്റ്റേഷനിലെ യഥാർഥ വിവരങ്ങൾ അടങ്ങുന്ന ഫോം 17 സി വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകുന്നത് തിരഞ്ഞെടുപ്പു കമ്മിഷന് പ്രായോഗികമാവില്ലെന്നായിരുന്നു ശനിയാഴ്ച സുപ്രീംകോടതി പറഞ്ഞത്. തിരഞ്ഞെടുപ്പുപ്രക്രിയയെ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞാലുടൻ അതത് പോളിങ് സ്റ്റേഷനുകളിലെ യഥാർഥ വിവരങ്ങളടങ്ങുന്ന ഫോം 17-സി പരസ്യപ്പെടുത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. നിലവിൽ ദിവസങ്ങൾ കഴിഞ്ഞുമാത്രം യഥാർഥ കണക്കുകൾ പുറത്തുവരുമ്പോൾ ആദ്യം പറഞ്ഞതിൽനിന്ന് വലിയ വ്യത്യാസങ്ങളുണ്ടാകുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. വിവരങ്ങൾ കമ്മീഷന്റെ ആപ്പിൽ ലഭ്യമാണെന്നും വ്യക്തമാക്കി.

ഓരോ ബൂത്തിലും പോളിങ് അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ, പോൾ ചെയ്ത വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാതെ സുപ്രിംകോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം വരുന്നത്. യഥാർഥ കണക്ക് പുറത്തുവിടാത്തതിൽ പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ഉയർത്തിയിരുന്നു.