- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസും എസ്‌പിയും വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തുവെന്ന് നരേന്ദ്ര മോദി
ലഖ്‌നൗ: കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചായ വിളമ്പിയാണ് താൻ വളർന്നത്. ചായയുമായി മോദിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിർസാപുരിൽ നടന്ന റാലിയിൽ ഇന്ത്യ മുന്നണിയെ വർഗീയ വാദികളെന്ന് വിശേഷിപ്പിച്ച മോദി സമാജ്വാദി പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും പരിഹസിച്ചു.
സമാജ്വാദി പാർട്ടിക്ക് വേണ്ടി ആരും തങ്ങളുടെ വോട്ടുകൾ പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. സർക്കാർ രൂപവത്കരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വേണ്ടി മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യുകയുള്ളൂ. ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനങ്ങൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. അവർ കടുത്ത വർഗീയവാദികളാണ്. ഇക്കൂട്ടർ തീവ്രജാതി ചിന്ത പേറുന്നവരും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമ പ്രവർത്തിക്കുന്നവരുമാണെന്നും മോദി ആരോപിച്ചു.
യാദവ സമുദായത്തിൽപ്പെടുന്ന കഴിവുള്ള ഒരുപാട് പേരുണ്ടെങ്കിലും അഖിലേഷ് യാദവ് തന്റെ കുടുംബത്തിൽപ്പെട്ടവർക്ക് മാത്രമേ സീറ്റ് നൽകുകയുള്ളൂ. പിടിക്കപ്പെടുന്ന തീവ്രവാദികളെപ്പോലും എസ്‌പി സർക്കാർ വെറുതെ വിടും. ഇക്കാര്യത്തിന് മടി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അവർ സസ്‌പെൻഡ് ചെയ്യും.
യു.പിയും പുർവാഞ്ചലും അവർ മാഫിയകളുടെ വിഹാരകേന്ദ്രങ്ങളാക്കി. തങ്ങളുടെ ജിവിതവും സ്ഥലവും എപ്പോൾ വേണമെങ്കിലും ആർക്കും തട്ടിയെടുക്കാമെന്ന സ്ഥിതിയായിരുന്നു എസ്‌പിയുടെ ഭരണകാലത്ത്. അക്കാലങ്ങളിൽ മാഫിയ അംഗങ്ങളും വോട്ട് ബാങ്കായി പരിഗണിക്കപ്പെട്ടുവെന്നും മോദി പരിഹസിച്ചു.
കോൺഗ്രസും സമാജ് വാദി പാർട്ടിയും വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തെന്നും അതിർത്തിക്കപ്പുറത്തുള്ള ജിഹാദികൾ ഇവരെ പിന്തുണയ്ക്കുന്നുവെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഇന്ത്യ സഖ്യം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനല്ല ശ്രമിക്കുന്നതെന്നും പിന്നോട്ടടിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. അവരുടെ അജണ്ട രാജ്യത്തെ വികസനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പാക്കിസ്ഥാനിൽ ഇന്ത്യസഖ്യ കക്ഷികളായ കോൺഗ്രസിന്റെയും എസ്‌പിയുടെയും വിജയത്തിനായി ദുആ (പ്രാർത്ഥന) നടക്കുകയാണ്. അതിർത്തിക്കപ്പുറമുള്ള ജിഹാദികൾ മുഴുവൻ അവരെ പിന്തുണയ്ക്കുന്നു. ഇവിടെ വോട്ട് ജിഹാദിനായി കോൺഗ്രസും എസ്‌പിയും ആഹ്വാനം ചെയ്യുന്നു' മോദി പറഞ്ഞു.
മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർത്തതിന് 'ഇൻഡി ജമാഅത്ത്' തന്നെ അധിക്ഷേപിക്കുകയാണെന്നും ഇന്ത്യ സഖ്യത്തെ ലക്ഷ്യമിട്ടുകൊണ്ട് മോദി കൂട്ടിച്ചേർത്തു. ബ്രഹ്‌മോസ് മിസൈൽ വാങ്ങാൻ തയ്യാറായ രാജ്യങ്ങളെ കോൺഗ്രസ് തടസ്സപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.