ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് രാജ്യം ഒരുങ്ങവെ കോൺഗ്രസിനേയും രാഹുലിനേയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിന്റെ പെരുമാറ്റരീതിയിൽ മാറ്റം വന്നെന്നും രാഷ്ട്രയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ആവശ്യമായ സീറ്റുകൾ ആദ്യ അഞ്ചുഘട്ടങ്ങളിൽ നിന്നുതന്നെ ബിജെപി നേടിക്കഴിഞ്ഞുവെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടു.

പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'എന്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവേശനത്തിന് ശേഷമാണ് കോൺഗ്രസിന്റെ പെരുമാറ്റത്തിൽ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞു' അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 20 വർഷമായുള്ള പാർലമെന്റ് ബഹിഷ്‌കരണത്തിന്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. പാർലമെന്റിൽ നിന്ന് പുറത്തുപോകാൻ അവർ ഒഴികഴിവുകൾ കണ്ടെത്തുകയാണ്. നേരത്തെ, ബഹിഷ്‌കരണത്തിന് കാരണമായ സംഭവങ്ങൾ ഉണ്ടായിരുന്നു, ആ ബഹിഷ്‌കരണം പോലും കുറച്ച് ദിവസങ്ങൾ മാത്രമായിരുന്നു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോൾ ഒന്നര മണിക്കൂർ തുടർച്ചയായി അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നതും ഞാൻ മുമ്പ് കണ്ടിട്ടില്ല. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് ആ ജനവിധി നൽകിയതിനാലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്, നിങ്ങൾ നരേന്ദ്ര മോദിയെയല്ല, ഭരണഘടനാ സംവിധാനത്തെയാണ് അവഹേളിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്ന നടപടികളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടം പൂർത്തിയായപ്പോൾ തന്നെ തങ്ങൾ സുരക്ഷിതമായ സീറ്റുകൾ സ്വന്തമാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു. 'സർക്കാർ രൂപീകരണത്തിന് ആവശ്യമായ സീറ്റുകൾ ആദ്യ അഞ്ചുഘട്ടങ്ങളിൽ നിന്നുതന്നെ ഞങ്ങൾ നേടിക്കഴിഞ്ഞു. ആറാം ഘട്ടം കണക്കാക്കാതെ 300-310 സീറ്റുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. ഞങ്ങൾ സുരക്ഷിതമായ സ്ഥാനത്താണുള്ളത്. പത്ത് വർഷത്തെ ട്രാക്ക് റെക്കോഡുമായി ശക്തമായ പോസിറ്റീവ് അജണ്ടയുമായിട്ടാണ് ഞങ്ങൾ ഇത്തവണ ജനങ്ങളെ സമീപിച്ചത്' അമിത് ഷാ പറഞ്ഞു.