- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ജയിച്ചാൽ ഒഡിയ സംസാരിക്കുന്ന മുഖ്യമന്ത്രിയെ തരാമെന്ന് അമിത് ഷാ
ഭുവനേശ്വർ: ബിജെഡിക്കും നവീൻ പട്നായിക്കിനുമെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നവീന് പിന്നിൽനിന്ന് ഒരു തമിഴൻ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാൻ കഴിയുമോയെന്ന് അമിത് ഷാ ചോദിച്ചു. ഒരു തമിഴൻ മുഖ്യമന്ത്രി ആവുന്നത് അംഗീകരിക്കാൻ കഴിയുമോയെന്നു ചോദിച്ച അദ്ദേഹം, അതിന് കഴിയില്ലെങ്കിൽ ബിജെപിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു.
ഒഡിഷയിലെ പുരിയിൽ ബിജെപി. പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി. നേതാവും നവീൻ പട്നായിക്കിന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അമിത് ഷായുടെ വിമർശനം.
'ഒഡിഷയുടെ അഭിമാനം, ഭാഷ, സംസ്‌കാരം, കല എന്നിവ ബഹുമാനിക്കപ്പെടണോ? നവീൻ ബാബുവിന്റെ പിന്നിൽനിന്ന് ഒരു തമിഴ് ബാബു ഒഡിഷ ഭരിക്കുന്നത് അംഗീകരിക്കാൻ കഴിയുമോ? ഒരു തമിഴൻ മുഖ്യമന്ത്രിയാവുന്നത് അംഗീകരിക്കാൻ കഴിയുമോ? അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ബിജെപിക്ക് വോട്ടുചെയ്യാനുള്ള അവസരമുണ്ട്. ഞങ്ങൾക്ക് 75 സീറ്റിൽ കൂടുതൽ തന്നാൽ, നിങ്ങൾക്ക് ഒഡിയ സംസാരിക്കുന്ന ഒരു മുഖ്യമന്ത്രിയെ തരാം', അമിത് ഷാ പറഞ്ഞു.
ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ താക്കോൽ കാണാനില്ല. അതിനെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട് പുറത്തുവിടേണ്ടേ? ക്ഷേത്രത്തിന്റെ നാലുവാതിലുകളും അടച്ചിട്ടിരിക്കുകയാണ്. അത് തുറക്കേണ്ടേ? ജഗന്നാഥക്ഷേത്രത്തിന്റെ രത്നഭണ്ഡാരത്തിന്റെ താക്കോൽ എവിടെയാണുള്ളത്, നവീൻ ബാബു? ആരാണ് കൃത്രിമ താക്കോൽ നിർമ്മിച്ച് അന്വേഷണറിപ്പോർട്ട് തടഞ്ഞത്? ഒഡിഷയിൽ അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ അന്വേഷണറിപ്പോർട്ട് പുറത്തുവിടുകയും കുറ്റവാളികളെ ജയിലിലടയ്ക്കുകയുംചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
ഭദ്രകിലേയും ജാജ്പുരിലേയും റാലികളിലും അമിത് ഷാ ബി.ജെ.ഡിക്കെതിരെ ആഞ്ഞടിച്ചു. ജൂൺ നാലിന് നവീൻ പട്നായിക് മുഖ്യമന്ത്രിയാവില്ലെന്ന് പറഞ്ഞ അദ്ദേഹം, അന്നുമുതൽ പട്നായിക് മുന്മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുമെന്നും പറഞ്ഞു. 21-ൽ 17 ലോക്സഭാ സീറ്റുകളിൽ ബിജെപി. ജയിക്കും. 75-ലേറെ നിയമസഭാ സീറ്റുകളും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭദ്രകിലും വി.കെ. പാണ്ഡ്യനെ പരോക്ഷമായി അമിത് ഷാ വിമർശിച്ചു. താമരചിഹ്നത്തിൽ വോട്ടുചെയ്താൽ സംസ്ഥാനം ഭരിക്കാൻ ഒരു ഓഫീസർക്ക് പകരം ജനസേവനകനെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി. അധികാരത്തിലെത്തിയാൽ തൊഴിൽതേടി യുവാക്കൾക്ക് പുറത്തുപോകേണ്ടിവരില്ല. വ്യവസായങ്ങൾ കൊണ്ടുവരുമെന്നും അമിത് ഷാ വാഗ്ദാനംചെയ്തു.