- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാണ്ഡ്യൻ പിൻഗാമിയല്ല'; ബിജെപി നേതാക്കൾക്ക് മറുപടിയുമായി നവീൻ പട്‌നായിക്
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായ വി.കെ. പാണ്ഡ്യൻ സംസ്ഥാന ഭരണത്തിൽ നിർണായക ഇടപെടൽ നടത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ പിൻഗാമിയാകുമെന്നുമുള്ള ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നവീൻ പട്‌നായിക്. താൻ പൂർണ ആരോഗ്യവാനാണെന്നും പാണ്ഡ്യൻ പിൻഗാമിയല്ലെന്നും നവീൻ പട്‌നായിക് വ്യക്തമാക്കി. പാർട്ടിയോ സർക്കാരോ പാണ്ഡ്യനെ പിൻഗാമിയായി നിശ്ചയിച്ചിട്ടില്ലെന്നും അഞ്ചുവർഷം കൂടി സംസ്ഥാനം ഭരിക്കാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും പട്‌നായിക് വ്യക്തമാക്കി.
"പിൻഗാമിയെ തീരുമാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളാണ്. അതാണ് എല്ലാത്തിന്റെയും സ്വാഭാവിക പരിണിത ഫലം. പാണ്ഡ്യൻ എന്റെ പിൻഗാമിയല്ല. പട്‌നായിക്കിന് പകരം പാണ്ഡ്യനെത്തുമെന്നത് പ്രതിപക്ഷത്തിന്റെ അവകാശവാദം മാത്രമാണ്. അത് തെറ്റിദ്ധരിപ്പിക്കുന്നതും അതിശയോക്തി കലർന്നതുമാണ്.?"-എ.എൻ.ഐക്കു നൽകിയ അഭിമുഖത്തിൽ നവീൻ പട്‌നായിക് പറഞ്ഞു.
'എനിക്ക് ഈ അതിശയോക്തികൾ മനസ്സിലാക്കാൻ കഴിയില്ല. അദ്ദേഹം തിരഞ്ഞെടുപ്പിൽ പോലും നിൽക്കുന്നില്ല എന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം.' പാണ്ഡ്യനെ ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ, പട്‌നായിക് പ്രതികരിച്ചത്, 'അദ്ദേഹം എന്റെ പിൻഗാമിയല്ല, ഇത് അതിശയോക്തികളും കള്ളക്കഥകളും മാത്രമാണ്.'
ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. അതിനിടയിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു നവീൻ പട്‌നായിക്കിന്റെ ആരോഗ്യവും തമിഴ് വംശജനായ പാണ്ഡ്യൻ എന്ന ബ്യൂറോക്രാറ്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പട്‌നായിക്കിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പാണ്ഡ്യൻ ആണ് മുഖ്യമന്ത്രിക്ക് പകരം തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രചാരണമുണ്ടായി. പൊതുപരിപാടിക്കിടെ പട്‌നായിക്കിന്റെ കൈകൾ വിറക്കുന്നതായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. പാണ്ഡ്യൻ മുഖ്യമന്ത്രിയുടെ കൈ പിടിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോ പ്രചരിച്ചതിന്റെ തൊട്ടടുത്ത ദിവസം, ബിജെപി സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ നവീൻ പട്‌നായിക്കിന്റെ ആരോഗ്യം വഷളായതിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമീഷനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെയാണ് പട്‌നായിക് ഇക്കാര്യത്തിൽ വിശദീകരണവുമായി വന്നത്.
തമിഴ്‌നാട് സ്വദേശിയാണ് പട്‌നായികിന് വേണ്ടി തീരുമാനങ്ങളെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പട്നായിക്കിന്റെ ആരോഗ്യസ്ഥിതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സൂചിപ്പിച്ചിരുന്നു, ഇത് ഒരു സ്വാധീനമുള്ള ലോബി തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. മോദി ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും അമിത സ്വാധീനം ചെലുത്തിയെന്ന് മുമ്പ് ആരോപിച്ച പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തനിക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും എല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. "ഇപ്പോൾ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുംതന്നെയില്ല. കടുത്ത ചൂടിലും കഴിഞ്ഞ മാസം ഞാൻ പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു. കൈ വിറക്കുന്നത് ഒരു ആരോഗ്യപ്രശ്‌നമല്ല. അത് പ്രതിപക്ഷവും മറ്റൊരു ബിജെപി മുഖ്യമന്ത്രിയും പ്രചരിപ്പിക്കുന്നതാണ്.?"-അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സൂചിപ്പിച്ചായിരുന്നു പട്‌നായിക്കിന്റെ മറുപടി.
ഇക്കുറി രണ്ട് നിയമസഭ മണ്ഡലങ്ങളിൽ പട്‌നായിക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കി തുടങ്ങിയത്. മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഒന്ന് പാണ്ഡ്യന് നൽകുമെന്നായിരുന്നു ഒരു പ്രചാരണം. നാലുമാസം മുമ്പാണ് ഉദ്യോഗസ്ഥ പദവിയിൽ നിന്ന് വിരമിച്ച പാണ്ഡ്യൻ ബി.ജെ.ഡിയിൽ ചേർന്നത്.
ജൂൺ ഒന്നിനാണ് ഒഡിഷയിൽ അവസാനഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ആറ് ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. അതോടൊപ്പം 42 നിയമസഭ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.