ന്യൂഡൽഹി: ബിജെപിയും കോൺഗ്രസും പ്രതീക്ഷയിൽ. എൻഡിയും ഇന്ത്യാ മുന്നണിയും അങ്ങനെ സത്യപ്രതിജ്ഞാ തയ്യാറെടുപ്പിലും. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന് കഴിയുന്നതോടെ എക്‌സിറ്റ് പോളും പുറത്തു വരും. രാത്രി ആറു മണിയോടെ ചാനലുകൾ എക്‌സിറ്റ് പോൾ പുറത്തു വിടുമ്പോൾ ആരാകും ഇനി ഇന്ത്യ ഭരിക്കുക എന്ന ചർച്ച സജീവമാകും. മൂന്നാം ടേമിലും മോദി എന്നാണ് ബിജെപിയുടെ ഉറച്ച വിശ്വാസം.

ഇന്ത്യ സഖ്യയോഗം ഇന്ന് ഡൽഹിയിൽ ചേരും. കോൺഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല. മൂന്ന് മണിക്ക് മല്ലികാർജ്ജുൻ ഖർഗെ യുടെ വസതിയിലാണ് യോഗം. ഫലം അനുകൂലമെങ്കിൽ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബി ജെ ഡി ,വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്‌സിറ്റ് പോൾ ഫലവും തുടർ നീക്കത്തിൽ പ്രധാനമാകും. അതേസമയം വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം നിർണ്ണായകമാണ്. വോട്ടെണ്ണെൽ ദിനത്തിനായുള്ള തയ്യാറെടുപ്പുകളും ഭാവി നീക്കങ്ങളും ചർച്ച ചെയ്യും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ തിരികെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടത് കൂടി കണക്കിലെടുത്താണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് തിരക്കുകളിൽ ആയതിനാൽ മമതാ ബാനർജി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യ സഖ്യം 350 ൽ കൂടുതൽ സീറ്റുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

അതിനിടെ എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം ആയുധമാക്കി ബിജെപി. എക്‌സിറ്റുപോളുകളിൽ തന്നെ വൻ പരാജയം ഉറപ്പായതിനാൽ കോൺഗ്രസിന് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. പരാജയ കാരണം വിശദീകരിക്കാൻ കഴിയാത്തത്തിനാലാണ് എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അങ്ങനെ കോൺഗ്രസിന്റെ എക്‌സിറ്റ് പോൾ ബഹിഷ്‌കരണവും ബിജെപിക്ക് ആത്മവിശ്വാസം നൽകുകയാണ്.

ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം വോട്ടെടുപ്പ് ദിവസമായ ഇന്ന് അവസാനിക്കും. കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനം മൂന്നു മണിയോടെ അവസാനിക്കും.

നാവിക സേനാ ബോട്ടിൽ കന്യാകുമാരിയിലെത്തുന്ന മോദി അവിടെ നിന്ന് 3.25 ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. 4.10 ന് ഡൽഹിക്ക് മടങ്ങും. ധ്യാന ദ്യശ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഫോട്ടോഗ്രാഫർമാരും വീഡിയോ ഗ്രാഫർമാർ ഉൾപ്പെട്ട സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.