കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകൾ സംശയാസ്പദമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. എല്ലാ മേഖലയിലും ജാഗ്രതയുണ്ടാവണമെന്ന ഇന്ത്യാ മുന്നണിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലമെന്നും ജയരാജൻ പറഞ്ഞു.

"ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള നിലപാടാണ് എല്ലാ എക്‌സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്" ഇ.പി.ജയരാജൻ പറഞ്ഞു.

എക്‌സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്‌സിറ്റ് പോൾ. അതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് സംശയിക്കുകയാണ്.

ബിജെപി പറഞ്ഞതു പോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്‌സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞതുപോലെ വോട്ടെണ്ണൽ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലം.

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത വളരെ പരിമിതമാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാൽ തന്നെ ബിജെപി കേരളത്തിൽ വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. രണ്ടു ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന് ബാക്കിയുള്ളുവെന്നും അപ്പോൾ എല്ലാം വ്യക്തമാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.