- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ബിജെപിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി: കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ അവസ്ഥ വച്ചാണെങ്കിൽ എക്സിറ്റ് പോൾ വിശ്വസിക്കാനാകില്ലെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. ഒന്നും കിട്ടാത്തവർക്ക് 48 മണിക്കൂർ സന്തോഷിക്കാൻ എക്സിറ്റ് പോൾ സഹായിക്കുമെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോൾ സർവേ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്ന് കെ.മുരളീധരൻ പരിഹസിച്ചു. മുരളീധരനെ ബോധം കെടുത്തുന്ന സർവേ റിപ്പോർട്ടാണിത്. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ജയിക്കുമെന്ന് വി.മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും. തൃശൂരിലെ 7 നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം.
കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കും. പരമാവധി 25,000 വോട്ട് മാത്രമേ ബിജെപിക്ക് കൂടുകയുള്ളൂ. എൽഡിഎഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ. കേരളത്തിൽ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്നും മുരളീധരൻ പറഞ്ഞു. 48 മണിക്കൂർ കഴിയുമ്പോൾ തിരഞ്ഞെടുപ്പിന്റെ പൂർണചിത്രം കിട്ടും. മോദിക്ക് കൈ കൊടുക്കാൻ ഒരാൾ പോലും ഡൽഹിയിക്ക് പോകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വി. മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് വി. മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുെമന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമസർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.