- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതൊരിക്കലും എക്‌സിറ്റ് പോൾ അല്ല; മോദി മീഡിയ പോൾ': രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വൻഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോളുകൾ തള്ളി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പോളുകളെ 'മോദി മീഡിയ പോൾ' എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തെ മഷിയിട്ട് നോക്കിയാൽ കാണില്ലെന്ന് ബിജെപി തിരിച്ചടിച്ചു.
ഇന്ത്യ മുന്നണിക്ക് 295 സീറ്റുകൾ ലഭിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എ.ഐ.സി.സി. ആസ്ഥാനത്ത് കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥികളുമായുള്ള ഓൺലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇതിനെ എക്‌സിറ്റ് പോളുകൾ എന്നല്ല വിളിക്കുക, മോദി മീഡിയ പോൾ എന്നാണ് പേര്. ഇത് മോദിജിയുടെ പോൾ ആണ്, അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലുള്ള പോൾ', രാഹുൽ പറഞ്ഞു. 'ഇന്ത്യ' സഖ്യം 295 സീറ്റുകൾ നേടുമെന്ന മുന്നണി യോഗത്തിലെ നിഗമനം രാഹുൽ ആവർത്തിച്ചു. 'നിങ്ങൾ സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295', എന്നായിരുന്നു എത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം. എക്‌സിറ്റ് പോൾ ഫലം ഇങ്ങനെയേ വരികയുള്ളൂവെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
അതിനിടെ എക്‌സിറ്റ് പോൾ ഫലങ്ങളും തുടർനീക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി-കോൺഗ്രസ് പാർട്ടി നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. എൻഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവർ 32 ഇങ്ങനെയാണ് എക്‌സിറ്റ് പോൾ ഫലങ്ങളുടെ ദേശീയ ശരാശരി. ഏജൻസികളുടെ മേൽ ബിജെപി സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പുറത്ത് വിട്ട കണക്കുകളെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിരോധം.
വോട്ടെണ്ണി കഴിയുമ്പോൾ 295ൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് തന്നെയാണ് നേതാക്കൾ ആവർത്തിക്കുന്നത്. എക്‌സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ സ്ഥാനാർത്ഥികൾ, പിസിസി അധ്യക്ഷന്മാരുമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുമായി രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയവർ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്നും സംസ്ഥാനങ്ങളിലെ സാഹചര്യമല്ല എക്‌സിറ്റ് പോളുകളിൽ പ്രതിഫലിച്ചിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
എക്‌സിറ്റ് പോൾ ഫലം വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. തെക്കേ ഇന്ത്യയിലും, കിഴക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലം വരുമെന്നാണ് പ്രതീക്ഷ. ധ്യാനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനും, വോട്ടിങ് മെഷീനെതിരായ പ്രചാരണത്തെ ചെറുക്കാനുമുള്ള വഴികൾ ആലോചിക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലും യോഗം നടന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തും. ചൊവ്വാഴ്ചയോടെ ഇന്ത്യ സഖ്യ നേതാക്കളെ തപ്പി നടക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു.
അതേസമയം, ബംഗാളിലെ എക്‌സിറ്റ് പോൾ ഫലങ്ങളെ തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവചനം പങ്കുവച്ചാണ് ഫലങ്ങളെ ബിചെപി ചോദ്യം ചെയ്യുന്നത്. തൃണമൂലിനെ കടത്തിവെട്ടി 150നടുത്ത് സീറ്റുകൾ ബിജെപി നേടുമെന്നായിരുന്നു പ്രവചനങ്ങളെങ്കിൽ ഫലം വന്നപ്പോൾ തൃണമൂലിന് 215 സീറ്റും, ബിജെപിക്ക് 77 സീറ്റുമാണ് കിട്ടിയത്. ബംഗാളിലെ ഫലങ്ങളിൽ സന്ദേശമുണ്ടെന്ന ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പറയുന്ന വീഡിയോയും നേതാക്കൾ പങ്ക് വച്ചിട്ടുണ്ട്.
എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയാൽ 100 ദിവസത്തിൽ നടപ്പിലാക്കേണ്ട പരിപാടികളുടെ അജൻഡ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. മോദിയുടേത് സമ്മർദ്ദതന്ത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. താൻ പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ പോകുന്നുവെന്ന് ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകാനാണ് മോദി ശ്രമിക്കുന്നത്. വോട്ടെണ്ണാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം സമ്മർദതന്ത്രങ്ങളിൽ ഭയപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.