ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് അഭ്യൂഹങ്ങൾ സജീവമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനായിരുന്നു പെട്ടെന്നുള്ള കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്. അടുത്ത ദിവസങ്ങളിൽ തന്നെ നിയമസഭ പിരിച്ചു വിടാൻ സാധ്യതയുണ്ട്. മോദി വീണ്ടും കേന്ദ്രഭരണം പിടിച്ചാൽ അതുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബിഹാറിൽ ജെഡിയുവിന്റെ കരുത്ത് ചോരുന്നുവെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രിയാകാൻ നിതീഷിന് താൽപ്പര്യമുണ്ടത്രേ. റെയിൽവേ വകുപ്പ് കിട്ടിയാൽ നിതീഷ് കേന്ദ്രമന്ത്രിയാകും. പകരം ബീഹാറിൽ ബിജെപിയെ ഭരണ നേതൃത്വം ഏൽപ്പിക്കാനും നിതീഷ് തയ്യാറാകുമെന്നും റിപ്പോർട്ടുണ്ട്. ഇതിനൊപ്പമാണ് നിയമസഭ പിരിച്ചു വിടുമെന്ന അഭ്യൂഹവും പടരുന്നത്. കേന്ദ്ര സർക്കാരിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് അനുസൃതമായി സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കണം എന്നാണ് ആവശ്യം.

നിതീഷ് കുമാറിന്റെ ഡൽഹി സന്ദർശനവുമായി ഈ ആവശ്യത്തിന് ബന്ധമില്ലെന്നാണ് ജെ ഡി യു ദേശീയ വക്താവും മുൻ രാജ്യസഭാ എം പിയുമായ കെ സി ത്യാഗി പ്രതികരിച്ചത്. "നിതീഷ് കുമാറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നു. പതിവ് നേത്രപരിശോധനയ്ക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു,' ത്യാഗി പറഞ്ഞു. എന്നാൽ അടുത്ത വർഷത്തിന് പകരം ഈ വർഷം അവസാനം ഝാർഖണ്ഡിനൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ജെഡിയു അനുകൂലിക്കുന്നു എന്നാണ് വിവരം.

പുറത്തുവന്ന എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലമാണ് എന്നാണ്. ജെഡിയു സംസ്ഥാനത്ത് തകർച്ചയിലാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയുടെ മുന്നേറ്റം നിലനിൽക്കുകയാണെങ്കിൽ പാർട്ടിയുടെ കൂടുതൽ അടിത്തറ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മേൽക്കൈ നഷ്ടപ്പെടുന്നതിന് മുൻപ് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താം എന്നാണ് ജെഡിയു കണക്കുകൂട്ടുന്നത്.