- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പ് ഫലമറിയാൻ മറുനാടനിൽ വിപുലമായ ഒരുക്കങ്ങൾ
തിരുവനന്തപുരം: ലോക്സഭയിലേക്ക് ആരു ജയിക്കുമെന്ന് ഇന്ന് അറിയാം. ഇന്ത്യ ഭരിക്കാനുള്ള നിയോഗത്തിൽ വിധി ഇന്ന്. ആകാംക്ഷയുടെ മുൾമുനയിൽ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ തുടങ്ങും. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ആദ്യം തപാൽവോട്ട് എണ്ണും. ഒൻപതുമണിയോടെ ആദ്യ ഫലസൂചന കിട്ടും. 11 മണിയോടെ വിജയി ആരെന്ന് അന്തിമതീർപ്പാവും. സുരക്ഷിതവും സുതാര്യവുമായി വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പ് ജനങ്ങളിലെത്തിക്കാൻ മറുനാടൻ മലയാളിയും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
എക്‌സിറ്റ് പോളുകളിൽ ബിജെപിക്കാണ് കേന്ദ്ര ഭരണത്തിൽ മുൻതൂക്കം. എന്നാൽ ഇന്ത്യാ സഖ്യവും പ്രതീക്ഷയിലാണ്. കേരളത്തിൽ ഭൂരിഭാഗം സർവേകളും യു.ഡി.എഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. കേരളത്തിൽ ബിജെപി. അക്കൗണ്ട് തുറക്കുമെന്നും എൽ.ഡി.എഫിന് നാലു സീറ്റുവരെ കിട്ടാൻ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോളുകൾ പറയുന്നു. എന്നാൽ, എക്‌സിറ്റ് പോൾ ഫലത്തെ തള്ളിയ എൽ.ഡി.എഫ്. കേന്ദ്രങ്ങൾ, മികച്ച വിജയം നേടാനാവുമെന്ന് ആവർത്തിച്ചു. തിരുവനന്തപുരത്തും തൃശ്ശൂരും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിൽ എല്ലാം ഉപരി രാജ്യം ആരു ഭരിക്കുമെന്നതാണ് നിർണ്ണായകം. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടർ ഹെൽപ്ലൈൻ ആപ്പിലും തത്സമയം ഫലമറിയാം. ഇതിനൊപ്പം തന്നെ മറുനാടൻ മലയാളി വാർത്തകളും വിശകലനങ്ങളും എത്തിക്കും. മറുനാടൻ ടിവിയിലും തൽസമയം ഫലം ലഭ്യമാകും.
രാവിലെ എട്ട് മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. തുടർന്ന് രാവിലെ എട്ടരയോടെ ഇവി എം വോട്ടുകളും എണ്ണും. ഇവി എം വോട്ടുകൾ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റൽ ബാലറ്റും എണ്ണും. പല മണ്ഡലത്തിലും പതിനായിരത്തോളം പോസ്റ്റൽ വോട്ട് ഇത്തവണയുണ്ട്. പ്രായമായവരുടെ വീട്ടിലെ വോട്ട് അടക്കമുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റൽ ഫലങ്ങളും അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ വിധിയെ സ്വാധീനിക്കും. കേന്ദ്രം ഭരിക്കുന്ന എൻഡിഎ തീർത്തും ആത്മവിശ്വാസത്തിലാണ്. എക്സിറ്റ്പോളുകൾക്ക് അപ്പുറത്തേക്കുള്ള വിജയം ബിജെപി മുന്നണി പ്രതീക്ഷിക്കുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളും തെറ്റാകുമെന്ന് ഇന്ത്യാ മുന്നണിയും പറയുന്നു. കോൺഗ്രസും വിജയാഹ്ലാദ ഒരുക്കത്തിലാണ്.
ജൂൺ നാല് ചൊവ്വാഴ്ച രാവിലെ എട്ടര കഴിഞ്ഞാൽ 543 മണ്ഡലങ്ങളിലേയും ജനഹിതങ്ങളുടെ കണക്കുകൾ പുറത്ത് വന്ന് തുടങ്ങും. പത്തര ലക്ഷം സ്റ്റേഷനുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈർഘ്യമേറിയവോട്ടെടുപ്പ് പ്രക്രിയയാണ് 2024 ൽ പൂർത്തീകരിച്ചത്. രാവിലെ എട്ട് മുതലാണ് രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലേയും ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിക്കുന്നത്.
64.2 കോടി പേർ വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. 64.2 കോടി പേർ വോട്ട് ചെയ്തു. ഇതിൽ 31. 2 കോടി പേർ സ്ത്രീകളാണ്. ഇത് ലോകറെക്കോർഡാണെന്നും കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 19-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് മുതൽ പോളിങ് ശതമാനത്തിൽ പ്രകടമായ ഇടിവ്, ഇത്തവണ ആർക്കും അനുകൂലതരംഗം ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. പക്ഷേ എക്സിറ്റ്പോളകളെത്തിയതോടെ മോദി തരംഗം ചർച്ചയായി.
ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കിടെ നടന്ന അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഞായറാഴ്ച പുറത്തുവന്നിരുന്നു. ഈ രണ്ട് സംസ്ഥാന നിയമസഭകളുടെയും കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു വോട്ടെണ്ണൽ രണ്ട് ദിനം നേരത്തെയാക്കിയത്. അരുണാചലിൽ ബിജെപിയും സിക്കിമിൽ എസ്‌കെഎമ്മും അധികാരം നിലനിർത്തി. എസ് കെ എമ്മും ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമാണ്. ഒഡീഷയിലേയും ആന്ധ്രയിലേയും ഫലങ്ങളും നിർണ്ണായകമാകും. രണ്ടിടത്തും ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
ഹാട്രിക് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി- എൻ.ഡി.എ. തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇന്ത്യയെ തിരിച്ചുപിടിക്കാനെന്ന പ്രചാരണവുമായാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങിയത്. മോദിക്കെതിരെ 25-ലേറെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ പ്രചരണം ആവേശത്തിലായി. എന്നാൽ മോദിയെ മുൻനിർത്തി ആവേശ പോരിൽ ജയം നേടുമെന്നാണ് ബിജെപി പറയുന്നത്.
കേരളത്തിൽ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാൻ ഓരോ ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകൾവീതമുണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥൻ കൗണ്ടിങ് സൂപ്പർവൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും.
ഇവർക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ, നിരീക്ഷകർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്കുമാത്രമാവും ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാൽവോട്ടുകൾ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സർവീസ് വോട്ടർമാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.
അതേസമയം, ഫലം വിലയിരുത്താൻ ഇന്ത്യ മുന്നണി നേതാക്കൾ പ്രത്യേകയോഗം ചേരും. ഫലപ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടോ ബുധനാഴ്ച രാവിലെയോ ആയിരിക്കും ചോദ്യം. യോഗം ചേരാനുള്ള തീരുമാനം ശനിയാഴ്ച എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.