- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പുലർച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. സ്‌ട്രോംഗ് റൂമുകൾ രാവിലെ 5.30 ന് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്‌ട്രോംഗ് റൂമുകൾ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി.
റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകൾ ഒരുക്കിയിട്ടുണ്ട്. തുടർന്നാകും വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണുക. എട്ടരയോടെ ഇതും തുടങ്ങും. സ്‌ട്രോംഗ് റൂമിൽനിന്ന് എത്തിച്ച വോട്ടിങ് യന്ത്രം സ്ഥാനാർത്ഥികളുടെ കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്നുറപ്പാക്കിയ ശേഷം മുദ്ര പൊട്ടിച്ചു. തുടർന്ന് വോട്ടുകൾ എണ്ണിത്തുടങ്ങും.
ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസി ടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസത്തെ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നു. ഇന്ത്യാ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോൺഗ്രസിന് ആശ്വസിക്കാമെന്നും സർവേകൾ പ്രവചിക്കുന്നു. എന്നാൽ ഇന്ത്യാ സഖ്യം ഇത് തള്ളിക്കളയുന്നു. അധികാരത്തിൽ എത്തുമെന്നാണ് അവരും പറയുന്നത്.