ലണ്ടൻ: ഏജന്റിനാൽ കബളിക്കപ്പെട്ട്, ബ്രിട്ടനിലെത്തി ദുരിതമനുഭവിക്കുന്ന ഒരു മലയാളി യുവാവിന്റെ കഥ കഴിഞ്ഞ ദിവസം ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കുടിയേറ്റ കെയറർമാർ പൊതുവിൽ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ദ്ചയായിരുന്നു അത്. വൻ തുകകൾ കടം വാങ്ങി, നല്ലൊരു ഭാവി സ്വപ്നം കണ്ട് ബ്രിട്ടനിലെത്തുന്നവരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.പതിനൊന്നോളം വ്യത്യസ്ത കെയർ ദായകർക്കൊപ്പം ജോലി ചെയ്യുന്ന ഡസനിലധികം കുടിയേറ്റ കെയർ വർക്കർമാരായിരുന്നു തങ്ങളുടെ ദുരിതങ്ങൾ ഗാർഡിയനോട് പറഞ്ഞത്.

ആയിരക്കണക്കിന് പൗണ്ട് ഏജന്റിന് ഫീസായി നൽകി യു കെയിൽ എത്തിയ അവരിൽ പലർക്കും ഇനിയും തൊഴിൽ ലഭിച്ചിട്ടില്ല. മറ്റു ചിലർക്കാകട്ടെ വാഗ്ദാനം ചെയ്ത തൊഴിലിനും ശമ്പളത്തിനും പകരമായി പരിമിതമായ വേതനം മാത്രമുള്ള മറ്റു ചില തൊഴിലുകളാണ് ലഭിച്ചത്. നാട്ടിൽ വരുത്തിവെച്ച കടബാദ്ധ്യത തീർക്കുന്നത് പോയിട്ട്, അന്നന്നത്തെ ഭക്ഷണം കണ്ടെത്താൻ പോലും കഴിയാതെ വിഷമിക്കുകയാണ് പലരും.

വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുന്നവർ ഇപ്പോൾ ഈ പ്രശ്നം ഗൗരവകരമായി പരിഗണിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. വിദേശ കെയർ വർക്കർമാർ, യു കെയിലേക്ക് വരുമ്പോൾ കൂടെ കുടുംബത്തെയും കൊണ്ടു വരുന്നതിനെ വിമർശിച്ച ടോറികൾ അടുത്തിടെ അത് നിരോധിച്ചിരുന്നു. നിരോധനം, നെറ്റ് ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കാൻ സാധിക്കും എന്നാണ് ലേബർ പാർട്ടിയും പറയുന്നത്.

എന്നാൽ, കുടിയേറ്റ കെയർ വർക്കർമാർ ചൂഷണത്തിന് ഇരയാകുന്നത് തടയാൻ, ഇത്തരത്തിലുള്ള നിരോധനം മതിയാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അങ്ങനെ ചൂഷണത്തിന് വിധേയരായവരിൽ പലരും ഇപ്പോഴും യു കെയിൽ തന്നെ ദാരിദ്ര്യത്തിൽ ജീവിക്കുന്നുണ്ട്. തങ്ങളുടെ തൊഴിലുടമകളെ വിട്ടുപോയാൽ വിസ നഷ്ടമാവുകയും രാജ്യം വിട്ട് പോകേണ്ടി വരികയും ചെയ്യും എന്ന ഭയമാണ് അവരെ ചൂഷണത്തിന് സ്വയം വിട്ടുകൊടുക്കാൻ നിർബന്ധിതരാക്കുന്നത്.

ഇപ്പോൾ, ഇക്കാര്യത്തിൽ ഒരു സമ്പൂർണ്ണ സർക്കാർ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആർ സി എൻ മൂന്ന് പ്രധാന ദേശീയ പാർട്ടികൾക്കും കത്തയച്ചിരിക്കുകയാണ്. റോയൽ കോളേജ് ഓഫ് നഴ്സിങ് (ആർ സി എൻ) ആക്റ്റിങ് ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറയുന്നത് കുടിയേറ്റ കെയർവർക്കർമാരെ ചൂഷണം ചെയ്യുന്നത് ഒരു വൻ അഴിമതിയും തട്ടിപ്പുമാണെന്നാണ്. എന്നാൽ, അത് തടയാൻ ഉതകുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നുമില്ല.

സോഷ്യൽ കെയർ മേഖലയിൽ ഗുരുതരമായ തൊഴിലാളിക്ഷാമം അനുവഭവപ്പെട്ടതോടെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വർദ്ധിപ്പിച്ചു. ഇതിൽ നിയന്ത്രണങ്ങൾ ഇല്ലാതിരിക്കുകയും, നിയമങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതോടെ ചില തൊഴിലുടമകൾ കൂടുതൽ ലാഭമുണ്ടാക്കുന്നതിനായി കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലാഴ്‌ത്തുകയാണെന്നും അവർ പറഞ്ഞു. അതുകൊണ്ടു തന്നെ, അടുത്ത തെരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ എത്തിയാലും ഇക്കാര്യത്തെ കുറിച്ച് എത്രയും പെട്ടെന്ന് ഒരു സമ്പൂർണ്ണ സർക്കാർ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.