ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തോട് അടുക്കവെ കേന്ദ്രത്തിൽ സർക്കാർ രൂപീകരണത്തിനുള്ള നിർണായക നീക്കവുമായി ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും 'ഇന്ത്യ' മുന്നണിയുടേയും നേതാക്കൾ. രാജ്യത്ത് ഇനി ബിജെപി മാത്രം നിർണായക തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയിൽ നിന്നും യഥാർത്ഥ മുന്നണി ഭരണത്തിലേക്ക് എന്ന് വ്യക്തമാകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. എൻഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. മറുവശത്ത്, എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ നഷ്ടമായ ആത്മവിശ്വാസം വോട്ടെണ്ണൽ ദിനത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ഇന്ത്യ സഖ്യ നേതാക്കളും സജീവമായി. ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്.

മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 300 അടുത്ത സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. ഇന്ത്യാ സഖ്യം 230 സീറ്റുകളിലും മുന്നേറുന്നുണ്ട്.
ടിഡിപിയെ എൻഡിഎയിൽ തന്നെ നിർത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണിൽ സംസാരിച്ചു. എൻഡിഎയിൽ തന്നെ ഉറച്ച് നിൽക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.

അതേസമയം, ടിഡിപിയുമായി ചർച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യാ സഖ്യ നേതാക്കൾ. നിതീഷ് കുമാറുമായും ഇന്ത്യാ സഖ്യം ചർച്ച നടത്തുന്നുണ്ട്. ഒരു ഭാഗത്ത് പ്രാദേശിക കക്ഷികളെ കൂടെ നിർത്തി ഭരണം പിടിച്ചെടുക്കാൻ ഇന്ത്യാ സഖ്യം നീക്കം നടത്തുമ്പോഴാണ് ഭരണതുടർച്ചയ്ക്കായി ബിജെപി ടിഡിപി ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികൾ വിട്ടുപോകാതിരിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയത്.

നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന് നിലവിൽ 97 സീറ്റുകളിലാണ് ലീഡുള്ളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി.

നിലവിലെ സാഹചര്യത്തിൽ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനർജി അടക്കം ചില സഖ്യകക്ഷികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യാ മുന്നണിയുടെ കൺവീനർ സ്ഥാനം നിതീഷിന് നൽകി സർക്കാർ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

400 സീറ്റെന്ന പ്രതീക്ഷയിലായിരുന്ന എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. കോൺഗ്രസിന്റെ വോട്ട് ഷെയർ കഴിഞ്ഞവട്ടം 19 ശതമാനമായിരുന്നു. ഇത് ഇത്തവണ 24.84 ശതമാനമായി മാറി. അഞ്ച് ശതമാനം വോട്ട് വിഹിതം കൂട്ടാൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ അതേ സമയം, ബിജെപിക്ക് വോട്ട് ഷെയറിൽ വലിയ മാറ്റമുണ്ടായിട്ടില്ല.

ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിന് കനത്ത തിരിച്ചടിയായി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻതിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചിട്ടുണ്ട്. ജൂൺ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി അറിയിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്നും മോദി അറിയിച്ചു. കൂടെ നിർത്തുന്നതിനായി എൻഡിഎയുടെ കൺവീനർ സ്ഥാനം ഉൾപ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. ടിഡിപിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം സജീവമായതോടെയാണ് ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാൻ എൻഡിഎ കൺവീനർ സ്ഥാനം അടക്കമുള്ള വലിയ വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 175 സീറ്റുകളിൽ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്. വൈഎസ്ആർ 25ൽ താഴെ സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളൂ. പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.

ഇന്ത്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലർത്തുന്നതായാണ് വിവരം. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുൻ സഹയാത്രികനും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പർക്കത്തിലാണ്.

ഇന്ത്യ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർക്കു പുറമേ സീറ്റുകൾ കുറവാണെങ്കിലും വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാൻ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.