ചെന്നൈ: ദക്ഷിണേന്ത്യയിൽ ബിജെപി നേതൃത്വം ലക്ഷ്യമിട്ടതുപോലെ കേരളത്തിൽ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാനായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങി വലിയ പ്രചാരണങ്ങൾ നടത്തിയിട്ടും ദേശീയ പാർട്ടിക്ക് വേരുറപ്പിക്കാനാവാതെ തമിഴകം. തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വം നൽകിയ പോരാട്ടത്തിൽ കോൺഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം വൻ നേട്ടമുണ്ടാക്കിയപ്പോൾ എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിൽ മുന്നിൽ നിൽക്കുന്നത് മാത്രമാണ് ആശ്വാസമായുള്ളത്.

തമിഴ്‌നാട്ടിൽ നിലവിൽ വോട്ട് വിഹിതത്തിൽ ബിജെപി നാലാം സ്ഥാനത്താണ്. എം കെ സ്റ്റാലിന്റെ പടയോട്ടം തന്നെയാണ് തമിഴകത്ത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് ഒൻപത് സീറ്റിലും മുന്നിലാണ്. സിപിഎമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിർത്തുന്നുണ്ട്. കേരളത്തിലടക്കം ദക്ഷിണേന്ത്യയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമ്പോഴാണ് തമിഴ്‌നാട്ടിലെ കനത്ത തിരിച്ചടി നേരിടുന്നത്.

കോയമ്പത്തൂരിൽ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് വോട്ടെണ്ണുന്ന ഘട്ടത്തിൽ ഒരു തവണ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല. തമിഴ്‌നാട്ടിൽ ബിജെപി കരുത്ത് കൂട്ടാൻ നോക്കിയ സമയത്ത് കലൈഞ്ജർ കരുണാനിധിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് സ്റ്റാലിൻ തിരിച്ചടിച്ചത്. താൻ തിരിച്ചടിച്ചാൽ താങ്ങാനാവില്ലെന്ന് കലൈഞ്ജർ പറഞ്ഞിട്ടുണ്ട്, അത് ഓർമ്മിപ്പിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഈ വാക്കുകൾ ചർച്ചയാകുന്നുണ്ട്.

തമിഴ്‌നാട്ടിൽ 2019 ലെ മുന്നേറ്റം ഡി എം കെ നയിക്കുന്ന ഇന്ത്യ സഖ്യം ഇത്തവണയും തുടരുകയായിരുന്നു. ഇതുവരേയുള്ള ഫലം പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റിൽ 36 സീറ്റിലാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഇന്ത്യാ സഖ്യത്തിൽ ഡി എം കെ 21 സീറ്റിലാണ് മുന്നേറുന്നത്. കോൺഗ്രസ് ഒൻപത് സീറ്റിലും വി സി കെ, സിപിഐ, സി പി എം എന്നീ പാർട്ടികൾ രണ്ട് സീറ്റിലും മുന്നേറുകയാണ്. സഖ്യത്തിന്റെ ഭാഗമായ ലീഗും എം ഡി എംകെയും ഒരു സീറ്റിൽ മുന്നേറുന്നു.

ബിജെപി നയിക്കുന്ന എൻ ഡി എ സഖ്യത്തിൽ പാട്ടാളി മക്കൾ കക്ഷിക്ക് മാത്രമാണ് ഒരു സീറ്റിൽ മുന്നേറാൻ സാധിച്ചത്. എ ഐ എ ഡി എം കെ നയിക്കുന്ന സഖ്യത്തിൽ അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി എം ഡി കെ യ്ക്ക് ഒരു സീറ്റിലും ലീഡ് പിടിക്കാൻ സാധിച്ചിട്ടുണ്ട്. തമിഴ്‌നാടിനെ സംബന്ധിച്ച് ബിജെപിക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.

പ്രതീക്ഷിച്ച ഒരു മണ്ഡലത്തിലും തമിഴ്‌നാട്ടിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. പാർട്ടി അധ്യക്ഷൻ കെ അണ്ണാമല കോയമ്പത്തൂരിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു ബുത്തിൽ അണ്ണാമലൈക്ക് ലഭിച്ചത് ഒരു വോട്ട് മാത്രമായിരുന്നു.

എൻഡിഎ സഖ്യത്തിൽ ബിജെപി 18 സീറ്റിലാണ് മത്സരിച്ചത്. ഐജെകെ, ഐഎംഎഎംഎ ,പിഎൻകെ,ടിഎംഎംകെ തുടങ്ങിയവർ ഓരോ സീറ്റിൽ താമര ചിഹ്നത്തിലും മത്സരിച്ചിരുന്നു. പിഎംകെ 10, തമിൾ മാനില കോൺഗ്രസ് 3, അമ്മ മക്കൾ മുന്നേറ്റ കഴകം 2 സീറ്റിലും മത്സരിച്ചെങ്കിലും കനത്ത തിരിച്ചടി നേരിട്ടു. സ്വതന്ത്രനായി മത്സരിക്കുന്ന ഒ പനീർശെൽവത്തിനും ബിജെപി പിന്തുണ നൽകിയിരുന്നു.