മുംബൈ: അധികാരം പിടിക്കാൻ കൂടുമാറ്റങ്ങളും പിളർപ്പുകളും കണ്ട മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന്മാരെ തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ശരദ് പവാറും ഉദ്ധവ് താക്കറെയും. സംസ്ഥാനത്തെ 48 മണ്ഡലങ്ങളിലെയും ഫലസൂചനകൾ ലഭ്യമാകുമ്പോൾ 29 സീറ്റുകളിലും 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ മഹാ വികാസ് അഘാഡി സഖ്യം ലീഡ് ചെയ്യുകയാണ്. 18 സീറ്റുകളിൽ മാത്രമാണ് എൻഡിഎയ്ക്ക് ലീഡ് നിലനിർത്താനായത്. ഒരു സീറ്റിൽ രണ്ടു മുന്നണികളെയും പിന്നിലാക്കി സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മുന്നിട്ടുനിൽക്കുന്നത്.

മഹാവികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസ് 12 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകളിലും എൻസിപി ശരദ് പവാർ വിഭാഗം ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. നിലനിൽപ്പിന്റെ പോരാട്ടത്തിൽ ഉദ്ധവും ശരദ് പവാറും കരുത്തുകാട്ടുന്ന ചിത്രമാണ് മഹാരാഷ്ട്രയിൽ തെളിയുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും വരെ നഷ്ടമായ സാഹചര്യത്തിൽ നിന്നാണ് ഉദ്ധവും ശരദ് പവാറും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ശിവസേനയെ പിളർത്തി എൻഡിഎയ്ക്ക് ഒപ്പം പോയ ഏക്നാഥ് ഷിൻഡെ വിഭാഗത്തെയും എൻസിപി പിളർത്തി എൻഡിഎയിൽ എത്തിയ അജിത് പവാർ പക്ഷത്തെയും ജനം തള്ളിക്കളഞ്ഞപ്പോൾ മഹാരാഷ്ട്രയിൽ യഥാർഥ ശിവസേനയും എൻസിപിയും തങ്ങളാണെന്നു തെളിയിക്കാൻ ഉദ്ധവിനും ശരദ് പവാറിനും കഴിഞ്ഞു.

മഹാരാഷ്ട്രയിൽ അനന്തരവൻ അജിത് പവാറുമായി ഇടഞ്ഞ് പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടതിന് ശേഷവും മത്സരിച്ച 10 സീറ്റുകളിൽ ഏഴിലും വിജയിച്ചാണ് ശരദ് പവാറിന്റെ വൻ തിരിച്ചുവരവ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തു കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ശരദ് പവാർ. കോൺഗ്രസിന്റെ നേതൃത്വത്തിൽ എൻസിപി(എസ്‌പി)യും ഭാഗമായ വികാസ് അഘാഡി സഖ്യത്തിനാണ് മഹാരാഷ്ട്രയിൽ നേട്ടം.

തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും പോലും അംഗീകരിച്ച പാർട്ടികളെയാണ് ജനം തള്ളിക്കളഞ്ഞത്. യഥാർഥ ശിവസേനയും എൻസിപിയും തങ്ങളാണെന്ന് അവകാശമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിച്ച ഉദ്ധവിനും ശരദ് പവാറിനും തിരിച്ചടിയാണ് നേരിട്ടത്. വർഷങ്ങളായി മത്സരിച്ചു വന്ന തിരഞ്ഞെടുപ്പ് ചിഹ്നം പോലും അവർക്ക് നഷ്ടമായ സാഹചര്യത്തിലാണ് അവർ ജനഹിതം തേടിയത്.

എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ ഇക്കുറി അജിത് പവാർ പക്ഷവും ശിവസേനയുടെ അമ്പും വില്ലും ചിഹ്നത്തിൽ ഷിൻഡെ പക്ഷവുമാണ് മത്സരിച്ചത്. ശരദ്പവാർ വിഭാഗം എൻസിപിക്ക് ഇത്തവണ കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നത്തിലും ഉദ്ധവ് വിഭാഗം ശിവ്സേന ദീപശിഖ ചിഹ്നത്തിലുമാണ് മത്സരിച്ചത്. എൻസിപിയുടെയും ശിവ്സേനയുടെയും പിളർപ്പ് വോട്ട് വിഭജനത്തിൽ കാര്യമായ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയായിരുന്നു എൻഡിഎയ്ക്ക്. എന്നാൽ ആ പ്രതീക്ഷകൾ അപ്പാടെ തകരുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിൽ കണ്ടത്. ഷിൻഡെ പക്ഷവുമായി നേർക്കുനേർ ഏറ്റുമുട്ടിയ നാലിടങ്ങളിലും ഉദ്ധവ് വിഭാഗത്തിന് വൻ ലീഡാണുള്ളത്.

എൻഡിഎയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് ദേശീയ സഖ്യമുണ്ടാക്കുകയെന്ന ആശയത്തിന്റെ സൂത്രധാരൻ പവാറാണ്. അതുകൊണ്ടുതന്നെ ഈ വിജയം പവാറിന്റെ പവർ തെളിയിക്കുന്നതാണ്. വരും വർഷങ്ങളിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുമെന്നും കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത ചില പ്രാദേശിക പാർട്ടികളെങ്കിലും പരിഗണിക്കുമെന്നും അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പവാർ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനു പിന്നിലും ശരദ് പവാറിന്റെ ബുദ്ധിയാണ്.

2022 ജൂൺ 21-ന് എൻ സി പി- കോൺഗ്രസ് -ശിവസേന എന്നിവർ ചേർന്നുണ്ടാക്കിയ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ ഒരുകൂട്ടം എംഎൽഎമാരുമായി പുറത്തുപോകുന്നതോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കളികൾ ആരംഭിച്ചത്. തൊട്ടടുത്ത വർഷം എൻസിപിയെ പിളർത്തി എട്ട് എംഎൽഎമാരുമായി അജിത് പവാറും മഹാവിഘാസ് സഖ്യത്തോടു വിടപറഞ്ഞു.

പിന്നീട് യഥാർഥ ശിവസേനയും എൻസിപിയും തങ്ങളാണെന്നു തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു ഉദ്ധവും ശരദ് പവാറും. എന്നാൽ കോടതിയിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും തിരിച്ചടി നേരിട്ട ഇരുവർക്കും പാർട്ടി ചിഹ്നവും പേരും നഷ്ടമാകുകയായിരുന്നു. തുടർന്ന് വർഷങ്ങളായി മഹാരാഷ്ട്രയിൽ പാറിക്കളിച്ച കൊടിക്കൂറകൾ പോലും മാറ്റിയാണ് നിർണായക പോരാട്ടത്തിന് ഇരുപക്ഷവും ഇറങ്ങിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനായതോടെ കൂറുമാറ്റ രാഷ്ട്രീയത്തിന് മറാത്ത മണ്ണിൽ സ്ഥാനമില്ലെന്നും തങ്ങളുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്നും തെളിയിക്കാൻ ഇരുവർക്കും കഴിഞ്ഞു. കനത്ത തിരിച്ചടി നേരിടുന്ന ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെയും രാഷ്ട്രീയ ഭാവിക്കുകൂടി ചോദ്യചിഹ്നമാകുകയാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം.

മഹാരാഷ്ട്രയിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശരദ് പവാറിനെതിരെ കടുത്ത ആക്രമണം നടത്തിയെങ്കിലും അതൊന്നും വോട്ടർമാരെ ഏശിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 83കാരനായ ശരദ് പവാറിനെ സംബന്ധിച്ച് പാർട്ടിയുടെയും സ്വന്തം നിലനിൽപ്പിന്റെ പ്രശ്‌നം കൂടിയായിരുന്നു ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്.

2023ൽ എൻസിപിയിൽനിന്ന് പിളർന്ന് അജിത് പവാർ 41 എംഎൽഎമാർക്കൊപ്പം ബിജെപി പിന്തുണയുള്ള ശിവസേനയുടെ ഏക്‌നാഥ് ഷിൻഡേ വിഭാഗത്തിനൊപ്പം ചേർന്നിരുന്നു. പിന്നാലെ പാർട്ടി ചിഹ്നവും പേരും അജിത് പവാർ വിഭാഗം സ്വന്തമാക്കിയെങ്കിലും ചാരത്തിൽനിന്ന് പറന്നുയരുമെന്ന് ശരദ് പവാർ അന്നേ പ്രഖ്യാപിച്ചിരുന്നതാണ്.

ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യാ സഖ്യം ചലനമുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശരദ് പവാറിന്റെ പ്രതികരണം. രാജ്യത്തെ സാഹചര്യം മാറിയെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ നിന്നുള്ള ഫലം കാണിക്കുന്നത്. ഈ ഘട്ടത്തിൽ ദേശീയതലത്തിലെ സാധ്യതകൾ ഇന്ത്യാ മുന്നണി പ്രയോജനപ്പെടുത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി. ജനതാദൾ യുണൈറ്റഡ് നേതാവ് നേതാവ് നിതിഷ് കുമാറുമായി ഇതുവരെ ഫോണിൽ സംസാരിച്ചില്ല.

ആരുമായും സംസാരം നടന്നിട്ടില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞതോടെ സർക്കാർ രൂപീകരണത്തിന് നീക്കങ്ങൾ നടത്തുകയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും.ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്‌നായിക്കിന്റെ ബിജെഡി, ജഗന്മോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്,നിതീഷ് കുമാറിന്റെ ജെഡിയു തുടങ്ങിയ പാർട്ടികളെ ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഉപമുഖ്യമന്ത്രി സ്ഥാനം ഇന്ത്യാ മുന്നണി കൺവീനർ സ്ഥാനം അടക്കമാണ് നിതീഷിനും ചന്ദ്രബാബു നായിഡുവിനും മുന്നിൽ ഇന്ത്യാ മുന്നണി വെക്കുന്നതെന്നാണ് വിവരം.