- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിനിഷിങ് മികവുമായി യൂസഫ് പഠാൻ; അധീർ രഞ്ജൻ ചൗധരിക്കെതിരെ ജയത്തിലേക്ക്
കൊൽക്കത്ത: പശ്ചിമ ബെംഗാളിലെ ബെഹ്‌റാംപൂർ ലോക്‌സഭാ മണ്ഡലത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന്റെ വമ്പൻ പോരാട്ടത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസിന്റെ തലമുതിർന്ന നേതാവും ലോക്‌സഭാ കക്ഷിനേതാവും പശ്ചിമബംഗാൾ പാർട്ടി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി. എഴുപത്തി അയ്യായിരത്തിലേറെ വോട്ടിനാണ് യൂസുഫ് പഠാൻ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു.
2014 മുതൽ അധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിൽ ജയിച്ചു പോന്നത്. ശക്തമായ കോൺഗ്രസ് വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുമ്പോൾ വൻ പ്രതീക്ഷയായിരുന്നു. എന്നാൽ പഠാന്റെ കരുത്തിന് മുന്നിൽ അടിപതറിയ ചൗധരി വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി ഡോ. നിർമൽകുമാർ സാഹക്കും പിന്നിൽ മൂന്നാം സ്ഥാനത്തുപോലുമായി.
ശക്തമായ തൃണമൂൽ വിരുദ്ധത കാരണം പശ്ചിമ ബംഗാളിൽ കോൺഗ്രസ് - തൃണമൂൽ സഖ്യത്തിന് അധീർ രഞ്ജൻ ചൗധരി തയ്യാറാകാതെ വരികയും സിപിഎമ്മുമായി കൈകോർക്കുകയുമായിരുന്നു. തുടർന്ന് മമത ഇന്ത്യ സഖ്യവുമായി ഇടയുകയും ചെയ്തിരുന്നു. 1999 മുതൽ പശ്ചിമ ബംഗാളിലെ ബെർഹാംപൂരിനെ പാർലമെന്റിൽ പ്രതിനിധാനം ചെയ്യുന്ന അധീർ രഞ്ജൻ ചൗധരിക്ക് ജനവിധി എതിരായി മാറി. തൃണമൂൽ ബന്ധത്തിനെതിരെ പ്രതികരിച്ചതിന് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നും കടുത്ത വിമർശനം നേരിട്ടിരുന്നു.
പരമ്പരാഗതമായി കോൺഗ്രസ് കൈവശം വെച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അപ്രതീക്ഷിത സ്ഥാനാർത്ഥിയായി യൂസഫ് പഠാനെ പ്രഖ്യാപിച്ചപ്പോൾ പലരും നെറ്റി ചുളിച്ചെങ്കിലും ആശങ്കകളെയെല്ലാം സിക്‌സറിന് പറത്തിയാണ് ഒരു കാലത്ത് ഇന്ത്യൻ ടീമിലെ മിന്നും ഫിനിഷറായ പഠാൻ മുന്നേറുന്നത്. 2014ലും 2019ലും ശക്തമായിരുന്ന മമതാ തരംഗത്തിൽ പോലും മണ്ഡലം നിലനിർത്തിയ അധീർ രഞ്ജൻ ചൗധരിയെ കോൺഗ്രസ് ലോക്‌സഭയിലെ കക്ഷി നേതാവുമാക്കിയിരുന്നു.
എന്നാൽ ഇത്തവണ പത്താൻ കരുത്തിന് മുന്നിൽ അടിപതറിയ ചൗധരി വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി ഡോ. നിർമൽകുമാർ സാഹക്കും പിന്നിൽ മൂന്നാം സ്ഥാനത്തുപോലുമായി. കോൺഗ്രസ് സുരക്ഷിത സീറ്റായി കരുതിയിരുന്ന ബെർഹാംപൂരിൽ വിജയം നേടിയാൽ അത് മമതയുടെ മറ്റൊരു നേട്ടമാകും. ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കാതെ ഒറ്റക്ക് മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തെ വിമർശിച്ചവർക്കുള്ള മറുപടിയ കൂടിയാണ് യൂസഫ് പഠാന്റെ മുന്നേറ്റം.
2019ലെ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ അപൂർവ സർക്കാരിനെ 80,696 വോട്ടുകൾക്കാണ് അധീർരഞ്ജൻ ചൗധരി ബെർഹാംപൂരിൽ പരാജയപ്പെടുത്തിയത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാനായി പ്രതിഫലം വാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ ബിജെപി സ്ഥാനാർത്ഥി അമൃത റോയിക്കെതിരെ 51880 വോട്ടുകൾക്ക് മുന്നിലാണെന്നതും മമതയുടെ വിജയമായി.