തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ അടിതെറ്റിവീണ ഇടതുമുന്നണിക്ക് 'കനൽ' തരിയായി പിടിച്ചുനിന്നത് ആലത്തൂരിൽ ജയിച്ച കെ രാധാകൃഷ്ണനായിരുന്നു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എൽ.ഡി.എഫിന്റെ മാനം കാത്തു. ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു. എൽഡിഎഫ് വിജയം എന്നതിനേക്കാൾ രാധാകൃഷ്ണൻ എന്ന ജനകീയനേതാവിന്റെ വ്യക്തിപ്രഭാവത്തിന് ജനങ്ങൾ നൽകിയ സമ്മാനമെന്ന് വേണമെങ്കിൽ ഈ വിജയത്തെ അടയാളപ്പെടുത്താം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം. 40,3447 വോട്ടുകളാണ് അദ്ദേഹം നേടിയത്.

മന്ത്രിയായ കെ രാധാകൃഷ്ണനെ ആലത്തൂരിൽ മത്സരത്തിനിറക്കുമ്പോൾ ഇടതുപക്ഷം വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. താൽപര്യമില്ലാതെ മത്സരത്തിനിറങ്ങിയിട്ടും കേരളത്തിലെ കനൽ ഒരു തരിയായി ആലത്തൂരിൽ തിളങ്ങുന്ന വിജയം സ്വന്തമാക്കി രാധാകൃഷ്ണൻ മുന്നണിയുടെ അഭിമാനം കാത്തപ്പോൾ ഉയരുന്ന ചോദ്യം ചേലക്കരയിലും മന്ത്രിസഭയിലും ഇനി കെ രാധാകൃഷ്ണന് പകരം ആരെത്തുമെന്നതാണ്.

നിയമസഭയിൽ ചേലക്കരയെ പ്രതിനിധീകരിക്കുന്ന കെ രാധാകൃഷ്ണൻ എം പിയായി ജയിച്ചതോടെ എം എൽ എ സ്ഥാനം രാജിവേക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ചേലക്കരയിൽ ആറു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പിൽ ആരാകും സ്ഥാനാർത്ഥിയാകുക എന്ന ചോദ്യം പോലെ തന്നെ പ്രസക്തമാണ് പിണറായി വിജയൻ സർക്കാരിൽ ദേവസ്വം മന്ത്രിയായ രാധാകൃഷ്ണന്റെ പകരക്കാരനായി ആരെത്തുമെന്നതും.

ഇ കെ നായനാർ മന്ത്രിസഭയിൽ മന്ത്രിയും വി എസ് അച്യുതാനന്ദൻ സർക്കാരിൽ സ്പീക്കറുമായിരുന്ന രാധാകൃഷ്ണനെപ്പോലെ പരിണിതപ്രജ്ഞനായ നേതാവിന്റെ പകരക്കാരനെ കണ്ടെത്തുക എന്നതാകും സിപിഎമ്മിന് മുന്നിലെ വലിയ വെല്ലുവിളി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കുമോ എന്നും ജനങ്ങൾ ഉറ്റുനോക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ ചേലക്കരയിൽ വിജയം നേടുക വലിയ ബുദ്ധിമുട്ടാവില്ലെങ്കിലും മന്ത്രിസഭയിൽ രാധാകൃഷ്ണന് പകരക്കാരനെ കണ്ടെത്തുന്നത് അതുപോലെയാകില്ല.

ചേലക്കരയുടെ ജനകീയ മുഖം

ലളിത ജീവിതവും വിനയവും കൊണ്ട് ഏവരുടെയും ആദരം നേടിയ നേതാവാണ് കെ.രാധാകൃഷ്ണൻ. നാട്ടുകാർക്ക് ഏതു പ്രശ്നത്തിനും പരിഹാരം തേടി എപ്പോഴും സമീപിക്കാവുന്ന ചേലക്കരക്കാരുടെ സ്വന്തം രാധേട്ടൻ. മികച്ച പൊതുപ്രവർത്തകൻ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കർഷകൻ കൂടിയാണ് രാധാകൃഷ്ണൻ.

നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ പദവികൾ നേരത്തെ വഹിച്ചിരുന്നു. നിലവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം. 1964 മാർച്ച് 24ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് ജനനം. ഇപ്പോൾ ചേലക്കരയ്ക്കടുത്ത് തോന്നൂർക്കരയിൽ താമസം.

തോന്നുർക്കര വടക്കേവളപ്പിൽ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായ രാധാകൃഷ്ണൻ കഷ്ടതകളുടെ കനൽ വഴികൾ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവൻ പ്രിയപ്പെട്ട രാധേട്ടനായി വളർന്നത്. പട്ടിണി നിറഞ്ഞ ബാല്യകാലം. നാട്യൻചിറയിലെയും തോന്നൂർക്കരയിലെയും പാടങ്ങളിൽ കന്നു പൂട്ടിയും വിത്തെറിഞ്ഞും നിവർന്നു നിൽക്കാൻ പണിപെട്ട കൗമാരകാലം.

തോന്നൂർക്കര എയുപി സ്‌കൂൾ, ചേലക്കര എസ്എംടി ജിഎച്ച്എസ്, വടക്കാഞ്ചേരി ശ്രീവ്യാസ കോളജ്, ശ്രീ കേരളവർമ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളവർമ്മകോളജിലെ ബിരുദക്ലാസിലെത്തിയ രാധാകൃഷ്ണൻ എന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പൊതുകാര്യവും തൻകാര്യവും രണ്ടായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി, ദലിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം എന്നിവയിൽ പ്രവർത്തിച്ചു. സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളിയായി.

ചേലക്കരയുടെ അടിയുറച്ച ജനകീയ മുഖമാണ് കെ രാധകൃഷ്ണൻ. കോൺഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയിൽ നിന്നാണ് 1996 ൽ ആദ്യമായി രാധാകൃഷ്ണൻ ജനവിധി തേടുന്നത്.

1991 ൽ ജില്ലാ കൗൺസിലേക്ക് മത്സരിച്ച് വിജയിച്ച രാധാകൃഷ്ണൻ 1996ൽ യുഡിഎഫിന്റെ കുത്തകമണ്ഡലമായ ചേലക്കരയിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് വിജയിച്ചു. ഇ.കെ നയനാർ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎ‍ൽഎമാരിൽ ഒരാളായിരുന്നു കെ. രാധാകൃഷ്ണൻ. 2001 ൽ വീണ്ടും ചേലക്കരക്കരയിൽ നിന്നും വിജയിച്ച് നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായി.

2006 ൽ മൂന്നാം തവണയും ചേലക്കരയിൽ നിന്നും വിജയിച്ച് കെ രാധാകൃഷൻ സഭയിലെത്തുകയും സ്പീക്കർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ പട്ടികജാതി വിഭാഗത്തിലെ വ്യക്തി സ്പീക്കർ സ്ഥാനം ഏറ്റെടുത്തെന്ന് പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ടായിരുന്നു. 2011 മുതൽ 2021 വരെ ചേലക്കരക്കാർ രാധാകൃഷ്ണനെ നേഞ്ചോടു ചേർത്ത് പിടിച്ചു.

നിലവിൽ ദേവസ്വം മന്ത്രിയാണ് കെ രാധാകൃഷ്ണൻ. മറ്റു വകുപ്പുകളെ അപേക്ഷിച്ച് നിത്യേന ജനങ്ങളുമായി അധിക സമ്പർക്കമില്ലാതിരുന്ന വകുപ്പായിരിന്നിട്ടും അദ്ദേഹം നേടിയ ഈ മിന്നും വിജയം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ വ്യക്തമാക്കുന്നു.

നിലവിൽ മന്ത്രി സ്ഥാനം ഉള്ളൊരു വ്യക്തി വീണ്ടും ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിമർശനങ്ങൾ ഉയർത്തിയെങ്കിലും കൈവിട്ടു പോയ ആലത്തൂർ മണ്ഡലത്തെ പിടിച്ചെടുക്കാൻ എൽഡിഎഫിന് മറ്റൊരു മാർഗമുണ്ടായിരുന്നില്ല. ഇപ്പോൾ എൽഡിഎഫിന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് കെ രാധാകൃഷ്ണന്റെ വിജയം.

3,83,336 വോട്ടുകളാണ് രമ്യ ഈ വട്ടം നേടിയത്. സിറ്റിങ്ങ് എംപി പരാജയപ്പെട്ടുവെങ്കിൽ അതിനർത്ഥം കഴിഞ്ഞകാല പ്രവർത്തനം ദയനീയ പരാജയമായിരുന്നുവെന്ന് പറയാം. കഴിഞ്ഞ് തവണ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ട തകർത്തെറിഞ്ഞയായിരുന്നു രമ്യയുടെ ചരിത്ര വിജയം.ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. പി.കെ ബിജുവിന്റെ ഹാട്രിക്ക് സ്വപ്നത്തിന്റെ മേലായിരുന്നു രമ്യയുടെ വിജയ കോട്ട.

2014 ലിൽ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിയത്. രാഷ്ട്രപതിപദം വരെയെത്തിയ കെ.ആർ നാരായണനിൽ നിന്ന് എസ്. ശിവരാമൻ പിടിച്ചെടുത്ത ഒറ്റപ്പാലം 27 വർഷത്തിന് ശേഷം സിപിഎമ്മിനെ കൈവിട്ടു. വെറും തോൽവിയല്ല മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് നാണംകെട്ടത്. പാർട്ടി പ്രതീക്ഷിക്കാത്തൊരു പതനം.

എന്നാൽ കേരള രാഷ്ട്രീയത്തെ മിന്നുന്ന വിജയം തുടരാൻ രമ്യയ്ക്കായില്ല.കഴിഞ്ഞ വർഷം പുതുമുഖം എന്ന് പേരിൽ ലഭിച്ച ശക്തമായ മൈലേജ് രമ്യയ്ക്ക് പിടിച്ച് നിർത്താനായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ച് ആത്മവിശ്വാസം നൽകിയ എൻഡിഎ സ്ഥാനാർത്ഥിയെന്ന പേരിൽ ടി.എൻ സരസു ഇലക്ഷൻ സമയത്ത് വാർത്തകളിലിടം നേടിയിരുന്നു.ആലത്തൂർ ലോക്?സഭാ മണ്ഡലത്തിൽ വൈകി പ്രഖ്യാപിച്ച എൻഡിഎ സ്ഥാനാർത്ഥിയാണ് ഡോ. ടിഎൻ സരസു. ബിജെപിയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഉയർന്ന പേരാണിത്.രാഷ്ട്രീയത്തിൽ പുതുമുഖമായിട്ടു കൂടി സരസു നേടിയ 188230 വോട്ടുകൾ തള്ളികളയാനുവുന്നതല്ല. കഴിഞ്ഞ തവണ ടിവി ബാബു നേടിയ 89837 വോട്ടിനെ അനായാസമായിട്ടാണ് സരസു മറികടന്നത്.

ചേലക്കരക്ക് പുറമെ പാലക്കാട് എം എൽ എ ആയിരുന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്ന് മത്സരിച്ച് ജയിച്ചതിനാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രണ്ട് ഉപതെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കാനാണ് സാധ്യത. രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതിനാൽ വയനാട് മണ്ഡലം എം പി സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചാൽ ആറ് മാസത്തിനുള്ളിൽ വയനാട്ടിൽ വീണ്ടുമൊരു പാർലമെന്റ് തെരഞ്ഞടുപ്പിനും സാഹചര്യമൊരുങ്ങും