മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരേയൊരു സീറ്റിൽ മാത്രമൊതുങ്ങിയ ഇടതുപക്ഷത്തിന്റെ പരാജയം പല തരത്തിൽ ചർച്ചയാവുമ്പോൾ മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിൽ അതിന് മറ്റൊരു തലം കൂടിയുണ്ട്. മുസ്ലിം ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സിപിഎമ്മിന്റെ കഠിനശ്രമങ്ങളെ നിഷ്ഫലമാക്കിയാണ് മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വൻ വിജയം സ്വന്തമാക്കിയത്. ഇ.ടി മുഹമ്മദ് ബഷീർ 2019 ൽ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 റെക്കോർഡ് ലീഡ് കടന്ന് 3,00,118 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു.

എക്കാലത്തും മുസ്ലിം ലീഗുമായി ചേർന്നുനിന്ന മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ലീഗുമായി ഇടഞ്ഞതും ഈ സാധ്യത ലീഗിനെതിരായ വോട്ടാക്കി മാറ്റി നേട്ടമുണ്ടാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങളും പാളിപ്പോയി. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ തിളക്കമാർന്ന വിജയം സ്വന്തമാക്കിയപ്പോൾ രണ്ടിടങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലീഡ് വർദ്ധിപ്പിക്കുകയും ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തോറ്റിടത്തടക്കം ലോക്‌സഭയിൽ വമ്പിച്ച ലീഡാണ് ലീഗ് നേടുന്നത്. ഫിറോസിനെ തോൽപിച്ചത് സമസ്തയാണെന്ന് പ്രചാരണമുണ്ടായിരുന്നു. പൊന്നാനിയിൽ 2,35,760 വോട്ടിന്റെ ഭൂരിപക്ഷം ലീഡാണ് സമദാനി പിന്നിട്ടിരിക്കുന്നത്. 2019ൽ ഇ.ടി പൊന്നാനിയിൽ നേടിയ 1,93,273 വോട്ടിന്റെ ഭൂരിപക്ഷവും കടന്നാണ് സമദാനിയുടെ തേരോട്ടം.

പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി കെ.എസ് ഹംസയ്ക്ക് സമസ്തയുടെ ഇടതു ചായ്‌വിലൂടെ 70,000 വോട്ടുകളെങ്കിലും അധികമായി കിട്ടുമെന്നായിരുന്നു കണക്കുകൾ. സോഷ്യൽ മീഡിയയിൽ ഇതിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ വരെ പ്രചരിപ്പിച്ചു. ലീഗിന്റെ വഞ്ചനയ്ക്ക് സമസ്ത പ്രവർത്തകരും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നതായിരുന്നു പ്രധാന പ്രചരണം. പക്ഷേ ഫലം വന്നപ്പോൾ ലീഗിനെ തൊടാൻ പോയിട്ട് പേടിപ്പിക്കാൻ പോലും സമസ്തയ്ക്ക് കഴിഞ്ഞില്ലെന്ന് വേണം അനുമാനിക്കാൻ.

സമസ്തയിലെ ലീഗ് വിരുദ്ധർ ഭീഷണി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചയിടങ്ങളിലെല്ലാം ലീഗ് മികച്ച പ്രകടനം കാഴ്ച വെക്കുന്നതാണ് പ്രാഥമിക വിലയിരുത്തലിൽ മനസിലാവുന്നത്. സമസ്ത-ലീഗ് വിള്ളൽ മുതലെടുക്കാൻ മലപ്പുറത്ത് സിപിഎമ്മിന് സാധിച്ചില്ല. മലപ്പുറത്തിന് പുറത്ത് ലീഗിന് സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നും സമസ്തപ്രശ്‌നം പ്രതിഫലിച്ചില്ലെന്നാണ് ഫലസൂചനകൾ.

പൊന്നാനിയിൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി മുഹമ്മദ് ബഷീർ നേടിയത് 1,93,273 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ഇത്തവണ സമസ്തയുടെ ഭീഷണി കൂടി വന്നിട്ടും പൊന്നാനിയിൽ മത്സരിച്ച അബ്ദുൽ സമദ് സമദാനിയുടെ ഭൂരിപക്ഷം 2,35,760 ആയി ഉയർന്നു. മലപ്പുറത്താകട്ടെ 2019ൽ മത്സരിച്ച കുഞ്ഞാലിക്കുട്ടി നേടിയത് 2,60,153 വോട്ടിന്റെ ലീഡായിരുന്നെങ്കിൽ ഇത്തവണ ഇത്തവണ മത്സരിച്ച ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡ് 3,01,18 ആയി ഉയർന്നു. സമസ്തയിലെ ലീഗ് വിരുദ്ധ ചേരി ഭീഷണി സൃഷ്ടിക്കുമെന്ന് വിചാരിച്ചിരുന്ന സ്ഥാനത്ത് വൻ മുന്നേറ്റമാണ് എല്ലാറ്റിനെയും അതിജീവിച്ച് ലീഗ് സ്വന്തമാക്കിയത്.

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി. വസീഫും പൊന്നാനിയിൽ സമദാനിക്കെതിരെ, നേരത്തെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സമിതിയംഗം കെ.എസ് ഹംസയുമാണ് മത്സരിച്ചത്. ഹംസയ്ക്ക് സമസ്ത നേതാക്കളുമായുള്ള ബന്ധം എൽഡിഎഫിനെ തുണയ്ക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല ലീഗിന്റെ ഭൂരിപക്ഷത്തിൽ വർദ്ധനവാണുണ്ടായത്.

സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ മലപ്പുറം ജില്ലയിൽ ഉരുണ്ടുകൂടിയ രോഷം ഈ ഘട്ടത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിക്കുക എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ആഹ്ലാദപ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്നും അതിരുവിടരുതെന്നും പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പ്രത്യേകം പ്രസ്താവന നടത്തിയിട്ടുണ്ട്.

മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും, പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയുമാണ് മത്സരിച്ചത്. ഹംസ സമസ്തയുടെ സ്ഥാനാർത്ഥിയാണ് എന്ന നിലയിലായിരുന്നു അവതരിപ്പിക്കപ്പെട്ടത്. ഹംസക്ക് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ പിന്തുണ നൽകിയെന്ന പരാതിയും ലീഗ് കണ്ടെത്തി.

ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ട് താഴേത്തട്ടിലേക്കിറങ്ങി കാര്യങ്ങൾ നിയന്ത്രിച്ചു. സമദാനിക്കാകട്ടെ പൊന്നാനിയിലെ ബഹുസ്വരസമൂഹത്തിന്റെ വോട്ട് നേടാനുമായി. പൊന്നാനി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സമദാനിയുടെ ഫലം എത്തുന്നത്. മലപ്പുറത്തും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കുറിക്കുകയാണ് ലീഗ്.

സമസ്തയുടെ എതിർപ്പ് നിലനിന്നപ്പോഴും മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം വർദ്ധിച്ചതോടെ ഇനി സമസ്ത അതിന്റെ വഴിക്ക് പോകട്ടെ എന്നതാണ് ലീഗിന്റെ നിലപാട്. മലപ്പുറത്തിനുമപ്പുറം മലബാറിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് വർദ്ധിപ്പിക്കാനും പാർട്ടികൾക്ക് സാധിച്ചു. പണ്ഡിത സഭ എന്ന നിലയിൽ സമ്മർദ ശക്തിയായി നിന്നിരുന്ന സ്ഥാനത്തു നിന്ന് ലീഗിനോട് ഇടഞ്ഞ് പരസ്യമായ എതിർപ്പ് പ്രകടിപ്പിക്കുകയും അതുകൊണ്ട് കാര്യമായ ഒരു സ്വാധീനവും ഉണ്ടാക്കാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെ സമസ്തയുടെ ശക്തിയും സ്വാധീനവും ചോദ്യം ചെയ്യപ്പെടാനും ഈ ഫലം ഇടയൊരുക്കും.