- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിറ്റ് പോൾ ഫലം തെറ്റിപ്പോയതിന് ചാനൽ ചർച്ചയ്ക്കിടെ പൊട്ടിക്കരച്ചിൽ
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങൾ പിഴച്ചതിന് പിന്നാലെ ചാനൽ ലൈവ് ചർച്ചക്കിടെ പൊട്ടിക്കരഞ്ഞ് ആക്‌സിസ് മൈ ഇന്ത്യയുടെ തലവൻ പ്രദീപ് ഗുപ്ത. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധി ട്രോളുകൾക്കും പ്രദീപ് ഗുപ്തയുടെ കരച്ചിൽ കാരണമായി. പൊട്ടിക്കരഞ്ഞ പ്രദീപിനെ ചാനൽ അവതാരകൻ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇന്ത്യ ടുഡെ ചാനലിന്റെ തെരഞ്ഞെടുപ്പ് അവലോകന ചർച്ചക്കിടെയാണ് നാടകീയ സംഭവങ്ങൾ. പ്രദീപ് തലവനായ ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നണിക്കു 361- 401 സീറ്റുകളാണ് പ്രവചിച്ചത്. ഇന്ത്യ മുന്നണിക്ക് 131- 166 സീറ്റുകളാണ് പ്രവചിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻഡിഎ സഖ്യം 300 കടന്നില്ല. ഇന്ത്യ മുന്നണി മികച്ച പ്രകടനം നടത്തുകയും ചെയ്തു.
വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുൻപ് തങ്ങളുടെ ഫലം കൃത്യമാകുമെന്ന വലിയ ആത്മവിശ്വാസവും ഗുപ്ത പ്രകടിപ്പിച്ചിരുന്നു. രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 69 തെരഞ്ഞെടുപ്പ് ഫലങ്ങളിൽ തങ്ങൾ പ്രവചിച്ചിട്ടുണ്ടെന്നും മിക്കവാറും എല്ലാ തവണയും അതു യാഥാർഥ്യമായിട്ടുണ്ടെന്നും പറഞ്ഞു. പത്ത് വർഷത്തിലേറയായി ഈ പണിയെടുക്കുന്നുവെന്നും തങ്ങളുടെ പ്രവചനം ചോദ്യം ചെയ്യുന്നവർ ആക്‌സിസ് മൈ ഇന്ത്യയുടെ ചരിത്രം പരിശോധിക്കാനും പ്രദീപ് ഗുപ്ത വെല്ലുവിളിച്ചിരുന്നു. എന്നാൽ ഫലങ്ങൾ എല്ലാ എക്‌സിറ്റ്‌പോൾ ഫലങ്ങളേയും പിന്തള്ളുന്നതാണ് കണ്ടത്.
എൻ.ഡി.എ സഖ്യം 361-401 സീറ്റുകൾ നേടുമെന്നായിരുന്നു ഞങ്ങൾ പ്രവചിച്ചത്. എന്നാൽ, ഇപ്പോൾ 295 ആണ് അവരുടെ സീറ്റ് നില. അതിനർഥം ഞങ്ങൾ പറഞ്ഞ ഏറ്റവും കുറഞ്ഞ സംഖ്യക്ക് 66 സീറ്റുകൾ കുറവാണത്. ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഞങ്ങൾക്ക് പൂർണമായും തെറ്റുപറ്റി. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും' -ഇന്ത്യ ടുഡേ ടെലിവിഷനിൽ നടന്ന ചർച്ചയിൽ പ്രദീപ് ഗുപ്ത പറഞ്ഞു. പ്രമുഖ മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായിയും രാഹുൽ കൻവാലും നയിച്ച ചർച്ചക്കിടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനാവാതെ ഗുപ്ത 'ലൈവായി' കരയുകയും ചെയ്തു.