ലണ്ടൻ: ലോകത്തെ തന്നെ സ്വാധീനിച്ചേക്കാവുന്ന മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഈ വർഷം നടക്കുക എന്ന് നേരത്തെ തന്നെ പാശ്ചാത്യ മാധ്യമങ്ങൾ എഴുതിയിരുന്നു. ഇന്ത്യൻ, ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പുകളും അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പും ഭൗമ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്നവയാണെന്നാണ് പാശ്ചാത്യ നിരീക്ഷകരും വിലയിരുത്തിയത്. അതിൽ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ അത് വലിയൊരു വാർത്തയാക്കുകയാണ്.

മൂന്നാം തവണയും ജനങ്ങൾ വിശ്വാസമർപ്പിച്ചു എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഗാർഡിയൻ പത്രം തലക്കെട്ട് നൽകിയതെങ്കിലും, പാർട്ടിക്ക് ഒറ്റക്ക് ഭരിക്കാൻ കഴിയില്ലെന്ന് വാർത്തയിൽ ആശങ്കപ്പെടുന്നുണ്ട്. പത്ത് വർഷത്തിനിടയിൽ ഇതാദ്യമായി ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെന്നും ഇത് സഖ്യകക്ഷികളെ കൂടുതലായി ആശ്രയിക്കാൻ അവരെ നിർബന്ധിതരാക്കുമെന്നും ഗാർഡിയൻ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടും, പാർട്ടി ഫണ്ടുകൾ മരവിപ്പിച്ചിട്ടും, തെരഞ്ഞെടുപ്പിന് മുൻപായി നേതാക്കളെ ജയിലിലടച്ചിട്ടും 20 പാർട്ടികളുടെ സഖ്യത്തിന് പ്രതീക്ഷിച്ചതിലധികം മുന്നോട്ട് പോകാനായി എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഏറ്റവുമധികം പ്രാധാന്യം നൽകി അവർ പ്രസിദ്ധീകരിച്ചിരിക്കുന്നത് പഞ്ചാബിൽനിന്നുള്ള സിഖ് നേതാവ് അമൃത്പാൽ സിംഗിന്റെ വിജയമാണ്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അമൃത്പാൽ സിംഗിന്റെ 4 ലക്ഷത്തിലേറെ വോട്ട് നേടിക്കൊണ്ടുള്ള വിജയം ഒരു ആഘോഷം തന്നെ ആക്കിയിട്ടുണ്ട് ഗാർഡിയൻ. താൻ മത്സരിച്ച ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നും 3000 കിലോ മീറ്റർ ദൂരെ, ആസാമിലെ ഒരു അതി സുരക്ഷാ ജയിലിൽ കഴിഞ്ഞുകൊണ്ടാണ് അമൃത്പാൽ മത്സരിച്ചതെന്ന് അതിൽ പറയുന്നു.

മോദി വിജയിച്ചെങ്കിലും, ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയതാണ് സി എൻ എന്നും എടുത്ത് പറയുന്നത്. 400 സീറ്റിലധികം ലഭിക്കുമെന്ന് അവകാശവാദം മുഴക്കിയ മോദിക്ക് ഇപ്പോൾ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഭരിക്കാൻ ആകാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, എഴുതിത്ത്തള്ളിയിരുന്ന കോൺഗ്രസ്സിന്റെ ഉയർത്തെഴുന്നേൽപും അവർ ചർച്ചയാക്കുന്നുണ്ട്. മാത്രമല്ല, 'മോദി, അമ്പാനി, അഡാനി - ഇന്ത്യൻ സമ്പദ്ഘടന രൂപപ്പെടുത്തുന്ന ത്രിമൂർത്തികൾ' എന്ന പേരിൽ വിശദമായ ഒരു വിശകലന കുറിപ്പും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ബിജെപി യുടെ പരാജയ കാരണങ്ങൾ, അല്ലെങ്കിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതിന്റെ കാരണങ്ങൾ വിലയിരുത്തുകയാണ് ബി ബി സി. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വലിയൊരു അളവിൽ തന്നെ ബിജെപിക്ക് വോട്ട് നേടിക്കൊടുക്കുമായിരുന്നു എന്ന് അതിൽ പറയുന്നു. എന്നാൽ, ആരും , തീവ്ര നിലപാടുകൾ പരസ്യമായി പറഞ്ഞ് ഒരു വിഭാഗീയത ഉണ്ടാക്കാൻ ബിജെപി ശ്രമിക്കും എന്ന് കരുതിയിരുന്നില്ല എന്നും അവർ പറയുന്നു. കോൺഗ്രസ്സിന്റെ ചില പഴയ പരാമർശങ്ങളെ എടുത്തുകാട്ടി ഹിന്ദു വോട്ടിന്റെ ധ്രൂവീകരണം ലക്ഷ്യമിട്ടെങ്കിലും, ഹിന്ദുക്കൾ അത് തള്ളിക്കളയുകയായിരുന്നു എന്ന് ബി ബി സി പറയുന്നു.

മാത്രമല്ല, അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഹിന്ദുക്കളെ എത്രത്തോളം സ്വാധീനിച്ചു എന്നതിലും ബി ബി സി സംശയം പ്രകടിപ്പിക്കുന്നു. ക്ഷേത്രമിരിക്കുന്ന നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ട കാര്യം പരാമർശിച്ചു കൊണ്ടാണ് അവർ അത് പറയുന്നത്. തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകൾ കൊണ്ടു വന്ന ക്ഷേമ പദ്ധതികളും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കുന്നതിന് തടസ്സമായി എന്ന് ബി ബി സി പറയുന്നു. അന്താരാഷ്ട്ര തലത്തിൽ ഇനി മോദിയുടെ വേഗത ഒന്ന് കുറയും എന്ന് പറഞ്ഞാണ് ബി ബി സി അവരുടെ റിപ്പോർട്ട് സംഗ്രഹിക്കുന്നത്.