- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തർദ്ദേശീയ മാധ്യമങ്ങളിലും ഇന്ത്യൻ ആവേശം
ലണ്ടൻ: മൂന്നാം തവണയും അധികാരത്തിലേറാൻ നരേന്ദ്ര മോദി തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്നതാണ് റോയിറ്റേഴ്സ് പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു വമ്പൻ വിജയമുണ്ടാകുമെന്ന പ്രവചനങ്ങളെ ഇന്ത്യൻ ജനത അട്ടിമറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം നിക്ഷേപകരെ പുറകോട്ടടിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഹരി വിപണിയിലെ ഇടിവ് ചൂണ്ടിക്കാട്ടിയാണ് അവർ ഇത് റിപ്പോർട്ട് ചെയ്യുന്നത്.
2014 - ൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായി ഭരണത്തിലെത്താൻ ചുരുങ്ങിയത് മൂന്ന് പ്രാദേശിക പാർട്ടികളുടെ പിന്തുണയെങ്കിലും തേടേണ്ട അവസ്ഥയിലാണ് ബിജെപി എന്നും അവർ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും അധികം ജനങ്ങൾ ഉള്ള ജനാധിപത്യ രാജ്യത്തിന്റെ നയരൂപീകരണങ്ങളിൽ അസ്ഥിരതയുണ്ടാകുന്നതിന് ഇടയാക്കിയേക്കുമെന്നും റോയിറ്റേഴ്സ് മുന്നറിയിപ്പ് നൽകുന്നു. ഒരു ദശാബ്ദക്കാലം, സർവ്വ പ്രതാപങ്ങളോടും കൂടി രാജ്യം അടക്കി ഭരിച്ച മോദിക്കാണ് ഇപ്പോൾ ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെന്നും അവർ ഓർമ്മപ്പെടുത്തുന്നു.
ഇന്ദിരാ യുഗത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായ അസ്ഥിരതക്ക് അറുതി വരുത്തിക്കൊണ്ട് 2014 -ൽ ഭാരതീയ ജനതാ പാർട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടുകയായിരുന്നു. 2019 - ലും അത് ആവർത്തിച്ചു. ഇപ്പോൾ മൂന്നാം തവണയും ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചു എന്ന് മോദി പറയുമ്പോഴും, വിശ്വാസത്തിന്റെ ശക്തി കുറഞ്ഞതായും റോയിറ്റർ പറയുന്നു. അതേസമയം, ഇത്രയധികം പാർട്ടികൾ ഐക്യത്തോടെ ഒരുമിച്ചു നിന്നിട്ടും, ബിജെപി എന്ന ഒരു പാർട്ടി നേടിയ അത്രയും സീറ്റുകൾ നേടാനായില്ലെന്നതും ശ്രദ്ധേയമാണ് എന്നും പറയുന്നുണ്ട്.
ബിജെപി ക്ക് ഭൂരിപക്ഷം നഷ്ടമായ വാർത്ത തന്നെയാണ് അൽജസീറയും സ്‌കൈന്യൂസും പ്രധാനമായും നൽകിയിരിക്കുന്നത്. ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടി അപ്രമാദിത്വം നഷ്ടമായതും അൽ ജസീറ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി ബിജെപി തുടരുന്നതും അവർ പറയുന്നുണ്ട്. 240 സീറ്റുകളുമായി ബിജെപി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്ന കാര്യം സ്‌കൈന്യൂസും എടുത്തു പറയുന്നുണ്ട്. പ്രവചനം പിഴച്ചുപോയ എക്സിറ്റ് പോളുകളെ കുറിച്ചും സകൈ ന്യൂസ് പരാമർശിക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം സ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയാണ് മോദി എന്നും സ്‌കൈ ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഹിന്ദു ദേശീയവാദികൾ നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ചിത്രങ്ങളുമായാണ് ഡെയ്ലി മെയിൽ വന്നിരിക്കുന്നത്. ഒരു അട്ടിമറി വിജയം ഉണ്ടാകാത്തതിൽ മോദി ഒരു വിഷമവും പ്രത്യക്ഷത്തിൽ കാണിക്കുന്നില്ലെന്ൻ റിപ്പോർട്ടിൽ പറയുന്നു. ഇരു വിരലുകളുയർത്തി വിജയ ചിഹ്നം കാണിച്ച് അണികളെ അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രങ്ങളും ഡെയ്ലി മെയിൽ നൽകിയിട്ടുണ്ട്.