ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ചില പ്രമുഖ നേതാക്കളുടെ പരാജയവും പാർലമെന്റിലേക്ക് പിൻഗാമികളായി എത്തുന്ന യുവനിരയുടെ കടന്നുവരവുമൊക്കെയാണ് ചർച്ചയാകുന്നത്. രാജ്യത്തെ പ്രമുഖ നേതാക്കളുടെ മക്കൾ പോരാടിയ മണ്ഡലങ്ങളിൽ വിജയവും വാർത്തകളിൽ ഇടംപിടിച്ചുകഴിഞ്ഞു. അതിൽ സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡാമണിയുമൊക്കെയുണ്ട്. മത്സരിച്ച് പരാജയപ്പെട്ടവരിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയടക്കമുണ്ട്.

ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച ബിജെപിയുടെ ശാംഭവി ചൗധരിയാകട്ടെ ബിഹാറിലെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകളാണ്. ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തിൽ ശാംഭവി ചൗധരിയുടെ എതിരാളി. ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്.

എന്നാൽ ലൈംഗികാരോപണ വിധേയനായതോടെ ബിജെപി സീറ്റ് നിഷേധിച്ച റെസ്ലിങ് ഫെഡറേഷന്റെ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന് പകരം ഇത്തവണ മത്സരിക്കാൻ അവസരം ലഭിച്ച മകൻ കരൺ ഭൂഷൺ സിങ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉത്തർപ്രദേശിലെ കൈസെർഗഞ്ചിൽനിന്ന് അഞ്ചു ലക്ഷത്തിനുമേൽ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

ബിജെപി നേതാവ് അന്തരിച്ച സുഷമ സ്വരാജിന്റെ മകൾ ബാംസുരി ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് നാലു ലക്ഷം വോട്ടുകൾക്കുമേൽ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ പാർലമെന്റിലേക്കെത്തുകയാണ്. കല്യാൺ പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടരലക്ഷത്തിനുമേൽ ഭൂരിപക്ഷത്തിനാണ് ശ്രീകാന്ത് വിജയിച്ചത്.

കൂടാതെ പ്രമുഖ ഡോക്ടറും മുൻ രാജ്യസഭാംഗവുമായ ഡോ. സി.പി. ഠാക്കൂറിന്റെ മകൻ വിവേക് ഠാക്കൂർ ബിഹാറിലെ നവാഡ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയായി 4,10,608 വോട്ടുകൾക്ക് ജയിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡാമണി കർണാടകയിലെ ഗുലബർഗ മണ്ഡലത്തിൽനിന്ന് 27,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിന്റെ മുൻ എംപി അബു ഹാസെം ഖാൻ ചൗധരിയുടെ മകൻ ഇഷ ഖാൻ ചൗധരി ബംഗാളിലെ മാൽഡ ദക്ഷിൺ മണ്ഡലത്തിൽനിന്ന് 1,28,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പെൺമക്കൾ രണ്ടുപേർക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയിൽ മത്സരിച്ച മിസ ഭാരതി ജയിച്ചപ്പോൾ മറ്റൊരു മകൾ രോഹിണി ആചാര്യ സരൺ സീറ്റിൽ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് 13,661 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരൻ സൗമേന്ദു അധികാരി കാന്തി മണ്ഡലത്തിൽനിന്ന് 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

കർണാടകയിൽ സെക്‌സ്ടേപ്പ് വിവാദത്തിൽപ്പെട്ട ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്ജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ പരാജയപ്പെട്ടു. കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ 2,34,406 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

കർണാടക മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ മൂന്ന് പേരും ലോക്‌സഭയിലേക്ക് എത്തി. കർണാടക വനംവകുപ്പ് മന്ത്രിയായ ഈശ്വർ ഖാൻട്രേയുടെ മകനായ സാഗർ ഖാൻട്രേ ബിദാറിൽ പരാജയപ്പെടുത്തിയത് കേന്ദ്രമന്ത്രി ഭാഗ്വാന്ത് ഖൂബയേയാണ്. ബിദറിൽ നിന്ന് മൂന്നാമൂഴം തേടിയെത്തിയ ഭാഗ്വാന്ത് ഖൂബയെ 1.28 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സാഗർ ഖാൻട്രേ പരാജയപ്പെടുത്തിയത്.

സാമൂഹ്യ സുരക്ഷാ മന്ത്രിയായ എച്ച് സി മഹാദേവപ്പയുടെ മകനാണ് ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്. ചാമരാജ്‌നഗറിൽ നിന്ന് മത്സരിച്ച സുനിൽ ബോസ് ബിജെപി സ്ഥാനാർത്ഥി ബലരാജ് എസിനെ 1.88 ലക്ഷം വോട്ടുകൾക്കാണ് പിന്നിലാക്കി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. 2019ലാണ് ഇവിടെ ആദ്യമായി ബിജെപി ഇവിടെ വിജയിച്ചത്.

പൊതുമരാമത്ത് മന്ത്രി സതീൽ ജാർഖിഹോളിയുടെ മകളായ പ്രിയങ്ക ജാർഖിഹോളിയാണ് മൂന്നാമത്തെയാൾ. ചിഖോടി മണ്ഡലത്തിൽ നിന്ന് 90834 വോട്ടുകൾക്കാണ് രണ്ടാമൂഴം തേടിയെത്തിയ ബിജെപിയുടെ അന്നാസാഹെബ് ജോല്ലെയെയാണ് പ്രിയങ്ക പരാജയപ്പെടുത്തിയത്.

ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ പരാജയപ്പെട്ടവർ ശക്തമായ പോരാട്ടം കാഴ്ച വച്ചാണ് തോൽവി സ്വീകരിച്ചതെന്നും ശ്രദ്ധേയമാണ്. ടെക്‌സ്‌റ്റൈൽ മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകളായ സംയുക്ത പാട്ടീൽ മൂന്ന് തവണ എംപിയായ പിസി ഗഡ്ഡിഗൗഡറിനോടാണ് പരാജയപ്പെട്ടത്. പലപ്പോഴും ലീഡ് മാറി മറഞ്ഞ മണ്ഡലത്തിൽ 68399 വോട്ടുകൾക്കാണ് പിസി ഗഡ്ഡിഗൗഡർ ജയിച്ചത്. ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബൾക്കറിന്റെ മകനായ മൃണാൾ മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടറിനോടാണ് ബെൽഗാമിൽ പരാജയപ്പെട്ടത്. 2004മുതൽ ബിജെപിയുടെ കോട്ടയാണ് ബെൽഗാം.