- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണി
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന് വെല്ലുവിളി ഉയർത്തി ശക്തമായ പ്രതിപക്ഷമാകാൻ ഇന്ത്യ സഖ്യം. ഡൽഹിയിൽ ചേർന്ന സഖ്യ കക്ഷികളുടെ യോഗം സർക്കാർ രൂപീകരണ ചർച്ചകൾ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നിൽക്കാൻ താൽപര്യമുള്ള കക്ഷികൾക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖർഗേ മാധ്യമങ്ങളോട് പറഞ്ഞു.
മോദി നേതൃത്വം നൽകുന്ന ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ അതിശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യം മുന്നോട്ടുപോകുമെന്ന് ഖാർഗെ പറഞ്ഞു. 'ഭരണഘടന സംരക്ഷിക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകിയത്. ഇത് ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും എതിരായ വിധിയെഴുത്താണ്. ബിജെപി ഭരണം തുടരരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികൾക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യവും സർക്കാർ രൂപീകരണത്തിൽ ഒരു കൈനോക്കിയാലോയെന്ന് തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാനപ്രകാരം തുടർനടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ഡൽഹിയിൽ മുപ്പത്തിമൂന്ന് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പക്ഷേ സർക്കാർ രൂപീകരണ ചർച്ചകൾ നടത്താൻ ഗൗരവമായ നിർദ്ദേശം ഉയർന്നില്ല. മറിച്ച് പ്രതിപക്ഷ നിരയിൽ ശക്തമായ സാന്നിധ്യമാകാൻ തീരുമാനിച്ചു. സർക്കാർ രൂപീകരണത്തിന് ഭാവിയിൽ സാധ്യത തെളിഞ്ഞാൽ ഒന്നിച്ച് നിൽക്കാനും തീരുമാനിച്ചു.
16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെയും ടിഡിപിയേയും, 12 സീറ്റുള്ള ജെഡിയുവിനെയും ഒപ്പം നിർത്താനായിരുന്നു നീക്കം. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിർത്താൻ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം ചെയ്തു. എന്നാൽ എൻഡിഎക്കൊപ്പം ഇരുവരും നിൽക്കാൻ തീരുമാനിച്ചതോടെ നീക്കം പാളി. സ്വതന്ത്രരെ ഒപ്പം നിർത്തി പ്രാദേശിക കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിച്ചാൽ പുറത്ത് നിന്ന് പിന്തുണക്കാൻ കോൺഗ്രസ് ആലോചിച്ചെങ്കിലും ആ വഴിക്കും ചർച്ച അധികം നീണ്ടില്ല.
പാർലമെന്റിൽ ശക്തമായ ശബ്ദമാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെന്നാണ് യോഗത്തിലെ പൊതു വികാരം. വിവിധ കക്ഷികൾ വലിയ ആഹ്ലാദമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. ഖാർഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ കോൺഗ്രസിൽനിന്ന് യോഗത്തിൽ പങ്കെടുത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡി.എം.കെ. നേതാവ് ടി.ആർ ബാലു, ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ, കൽപന സോറൻ, എൻ.സി.പി. നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാൽ യാദവ്, അഭിഷേക് ബാനർജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമർ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, ജോസ് കെ. മാണി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണെന്ന് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപീകരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കി. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ നേതാക്കൾ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാകും ആവശ്യപ്പെടുക.