കോട്ടയം: പുതുപ്പള്ളിയിൽ വിമതനായി മത്സരിക്കില്ലെന്ന് നിബു ജോൺ. കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് പൂർണ്ണ പിന്തുണ നൽകും. കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും നിബു ജോൺ വിശദീകരിച്ചു. പുതുപ്പള്ളിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം കാരണമാണ്. തനിക്ക് പാർലമെന്ററീ വ്യാമോഹമില്ലെന്നും നിബു ജോൺ പറഞ്ഞു. ഇതോടെ പുതുപ്പള്ളിയിൽ കോൺഗ്രസിന് ആശ്വാസമാകുകയാണ്. നിബു ജോണുമായി ഉമ്മൻ ചാണ്ടിയുടെ കുടുംബം നേരിട്ട് സംസാരിച്ചിരുന്നു. പുറത്തു വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും നിബു പറഞ്ഞു. ചാണ്ടി ഉമ്മന്റെ പ്രചാരണ ചുമതല നിബു ഏറ്റെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരിട്ട് വിഷയത്തിൽ ഇടപെട്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബവും ഇടപെടൽ നടത്തി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും നിബു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിലാണ്. നേതാക്കളാരും ഗൗരവമുള്ള വിഷയമായി ഇതിനെ കാണുന്നില്ലെന്ന് നിബു ജോൺ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഇദ്ദേഹത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു വിവരം. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ബന്ധുവിന്റെ മരണവീട്ടിലായിരുന്നു. പുതുപ്പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം തന്നെ വാർത്ത നിഷേധിച്ചല്ലോയെന്നും പറഞ്ഞു.

ഇന്നലെ രാത്രിയാണ് പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസിന്റെ ജനപ്രതിനിധി രാജിവെച്ച് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായതെന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ഉമ്മൻ ചാണ്ടിയുമായി വളരെയേറെ ആത്മബന്ധം പുലർത്തിയ നേതാവാണ് നിബു ജോൺ.ഇദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ചാണ്ടി ഉമ്മനെതിരെ വാർത്താ സമ്മേളനം നടത്തി രംഗത്തിറങ്ങാനായിരുന്നു ആലോചന. ഇനി വാർത്താ സമ്മേളനവും നടത്തില്ല.

താനടക്കമുള്ള പുതുപ്പള്ളിയിലെ മറ്റ് നേതാക്കളെ സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതും, പുതുപ്പള്ളിയിലെ കോൺഗ്രസ് നേതാക്കളെ തീർത്തും അപ്രസക്തരാക്കിയതുമാണ് പ്രകോപനത്തിന് കാരണമായത്. വിവരം മുൻകൂട്ടി മനസിലാക്കി ഇടതുമുന്നണി നീക്കം നടത്തുകയായിരുന്നു. എങ്കിലും നിർണായക ചർച്ചകളിലൂടെ വലിയ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ കോൺഗ്രസിന് സാധിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് വിശദീകരിക്കുന്നു. മുൻ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായ നിബു ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ഏറെ നാളായി അകൽച്ചയിലാണെന്ന് പോലും വാർത്തകളെത്തിയിരുന്നു.

ഓർത്തഡോക്സ് സഭാംഗമായ നിബു മത്സരരംഗത്ത് വന്നാൽ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളിൽ വിള്ളൽ വീഴുമെന്ന അശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. നിബുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നേതൃത്വം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമതനാവാനില്ലെന്ന് നിബു അറിയിച്ചത്.