കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണിനെ ഇടതുസ്വതന്ത്രനായി പുതുപ്പള്ളിയിൽ മത്സരിപ്പിക്കാനുള്ള സിപിഎം. നീക്കം വിജയിക്കാത്തതിന് പിന്നിൽ പാർട്ടി ജാഗ്രതകുറവോ? സിപിഎം. നടത്തിയ നീക്കങ്ങൾ ആ ക്യാമ്പിൽനിന്നുതന്നെ ചോർന്നത് ഇടതുനേതാക്കൾക്കും അമ്പരപ്പുണ്ടാക്കിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെ വിവരം ചോർന്നതോടെ നിബുവുമായി കോൺഗ്രസ് സംസ്ഥാനനേതൃത്വം ബുധനാഴ്ച രാത്രിവൈകി ചർച്ച നടത്തി. ഇതോടെ നിബു പിന്മാറിയെന്നാണ് സൂചന.

നിബു തങ്ങളുമായി നേരത്തേ ബന്ധപ്പെട്ടിരുന്നെന്നും ചില വിഷമങ്ങൾ ശ്രദ്ധയിൽകൊണ്ടുവന്നെന്നും ഡി.സി.സി. അധ്യക്ഷൻ നാട്ടകം സുരേഷ് ബുധനാഴ്ച രാത്രി പറഞ്ഞിരുന്നു. ഡി.സി.സി. നേതൃത്വം അറിയിച്ച പ്രശ്‌നങ്ങളിൽ കെപിസിസി.യിലെ മുതിർന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരും നിബുവുമായി ചർച്ച നടത്തിയെന്നാണ് വിവരം. അതീവ രഹസ്യമായി വിവരം സൂക്ഷിക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഇത് വാർത്തയായി എത്തി. ഇതോടെയാണ് കോൺഗ്രസ് ഇടപെട്ടത്. ഉമ്മൻ ചാണ്ടിയുടെ കുടുംബവും നിബുവുമായി ചർച്ച നടത്തി. ഇതോടെ നിബു അന്തിമ നിലപാടിലെത്തി.

കേട്ടതൊക്കെ കളവാണെന്ന് നിബു വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ തന്നെ ആരും സമീപിച്ചില്ല. ബുധനാഴ്ച രാത്രി താൻ ഒരു മരണവീട്ടിലായിരുന്നു. വിവാദമുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിബു ജോണുമായി സിപിഎം. ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവനും പറഞ്ഞു. തങ്ങൾക്ക് മികച്ചനേതാക്കൾ മത്സരിക്കാനുണ്ട്. ശനിയാഴ്ച സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ കോൺഗ്രസ് പാളയത്തിലെ രസക്കേടുകളാണ് കാണിക്കുന്നത്. ആ തർക്കം തുടരും. തങ്ങൾക്ക് അതിൽ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ കാര്യങ്ങളും നിബു വ്യാഴാഴ്ച നിഷേധിച്ചെങ്കിലും ബുധനാഴ്ച രാത്രി അദ്ദേഹം രംഗത്തുവന്നിരുന്നില്ല. അല്ലാത്ത പക്ഷം അപ്പോൾ തന്നെ വിവാദം തീരുമായിരുന്നു. മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിൽ രാത്രി എത്തിയിരുന്നു. വിവാദങ്ങൾ സഹപ്രവർത്തകർ നിബുവിനെ അറിയിക്കുകയുംചെയ്തു. അദ്ദേഹം ബുധനാഴ്ച രാത്രിതന്നെ ആക്ഷേപങ്ങൾ നിഷേധിക്കാഞ്ഞത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ഏതായാലും രാവിലെയായപ്പോൾ നിബു നിലപാട് പറഞ്ഞു. ഇതോടെ സിപിഎം നീക്കം പൊളിഞ്ഞുവെന്നാണ് വിലയിരുത്തൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രചാരണം താൻ തുടങ്ങിക്കഴിഞ്ഞതായും നിബു ജോൺ പറയുന്നു.

പാർട്ടിയുമായി സഹകരിച്ചു തന്നെ പ്രവർത്തിക്കുമെന്നും പുതുപ്പള്ളി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരു തർക്കവും കോൺഗ്രസിൽ ഇല്ലെന്നും പ്രതികരിച്ചു. പുതുപ്പള്ളിയിൽ കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന വാർത്തകൾ ജില്ലാപഞ്ചായത്തംഗം നിബുജോൺ തള്ളി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ മത്സരിപ്പിക്കാൻ സിപിഐഎം നേതൃത്വം നിബു ജോണിനെ ബന്ധപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ ഒരു മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു വരുന്ന വഴിക്കാണ് വാർത്ത കേട്ടതെന്നും അപ്പോൾ തന്നെ നിഷേധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കെപിസിസി അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിബുജോൺ തീരുമാനം മാറ്റിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഈ മാസം 14ന് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിക്കും. ജെയ്ക്ക്.സി തോമസ്, റെജി സഖറിയ എന്നിങ്ങനെ ഉമ്മൻ ചാണ്ടിക്ക് എതിരേ മുമ്പ് മത്സരിച്ച ചില പേരുകളും സിപിഎം ചർച്ചയിൽ കേൾക്കുന്നുണ്ട്.