- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർ പട്ടികയിൽ ഇത്തവണയും ഉമ്മൻ ചാണ്ടിയുടെ പേര്; 126ാം നമ്പർ ബൂത്തിലെ 647ാം നമ്പർ വോട്ടറായി മുൻ മുഖ്യൻ; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിൽ കാലതാമസം; ഇന്ന് നടക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ 66ാം ഉപതിരഞ്ഞെടുപ്പ്
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിലും ഉമ്മൻ ചാണ്ടിയുടെ പേര്. ജോർജിയൻ പബ്ലിക് സ്‌കൂളിലെ 126ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 647ാം നമ്പറായാണ് ഉമ്മൻ ചാണ്ടിയുടെ പേര് ഇത്തവണയും ഉൾപ്പെടുത്തിയിരിക്കുന്നത്.
വോട്ടർ മരിച്ചാൽ നടപടിക്രമം പാലിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം അതതു മേഖലയിലെ ബൂത്തുതല ഓഫിസർ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറും. തുടർന്നാണു വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുക. ജൂലൈ 18നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം. എല്ലാ തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടി കുടുംബത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ സ്‌കൂളിൽ എത്തിയാണു വോട്ട് ചെയ്തിരുന്നത്.
അതേസമയം ഇന്ന് പുതുപ്പള്ളിയിൽ നടക്കുന്നത് കേരള നിയമസഭയിലേക്കുള്ള 66ാം ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണംമൂലം ഒഴിവുണ്ടായി 49 ദിവസം കഴിഞ്ഞാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. വക്കം പുരുഷോത്തമൻ രാജിവച്ച ഒഴിവിൽ ആറ്റിങ്ങലിൽ 33 ദിവസം കഴിഞ്ഞ് 1985 ജനുവരി 30ന് ഉപതിരഞ്ഞെടുപ്പു നടന്നിരുന്നു. 1985ൽ പെരിങ്ങളം (39 ദിവസം), 2005ൽ അഴീക്കോട് (46 ദിവസം), 1994ൽ ഗുരുവായൂർ (47 ദിവസം) എന്നിവിടങ്ങളിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഉപതിരഞ്ഞെടുപ്പു നടത്തി. അതേസമയം യു.എ.ബീരാൻ രാജിവച്ച് 400 ദിവസം കഴിഞ്ഞാണ് തിരൂരങ്ങാടിയിൽ 1995 മെയ് 27ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. 2019ൽ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് നടന്നത് 366 ദിവസം കഴിഞ്ഞാണ്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോവിഡ് നിയന്ത്രണം മൂലം വോട്ടർമാർക്കു മാസ്‌ക് നിർബന്ധമായിരുന്നു. ഉദ്യോഗസ്ഥരും മാസ്‌ക് ധരിച്ചിരുന്നു. കോവിഡ് ബാധിതർ പിപിഇ കിറ്റ് ധരിച്ചാണു വോട്ട് ചെയ്യാൻ എത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ഇത്തരം നിയന്ത്രണങ്ങളില്ല. മാസ്‌ക്കും പിപിഇ കിറ്റും ഓർമകളിലാണ്.
വലിയ മുന്നൊരുക്കം നടത്തിയ തെരഞ്ഞെടുപ്പിൽ നാട്ടുകാർ പോളിങ് ബൂത്തിലെത്താൻ മഴ മാറിനിൽക്കണേയെന്ന പ്രാർത്ഥനയിലാണ് സ്ഥാനാർത്ഥികൾ. പ്രത്യേകിച്ച് യുഡിഎഫ് ക്യാംപുകൾ. ഇന്നലെയും ജില്ലയിൽ യെലോ അലർട്ടായിരുന്നു. ഇന്നും യെലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇന്നലത്തെ പോലെയായിരിക്കുമെന്ന് ആശ്വാസം കൊള്ളുകയാണ് അവർ.
വോട്ടിങ് യന്ത്രങ്ങൾ ഇന്നലെ ഉച്ചയോടെ 182 ബൂത്തുകളിലും എത്തി. കോട്ടയം ബസേലിയസ് കോളജിൽ സജ്ജീകരിച്ച സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന പോളിങ് സാമഗ്രികളുടെ വിതരണം ജില്ലാ ഇലക്ഷൻ ഓഫിസറും കലക്ടറുമായ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ രാവിലെ 7ന് ആരംഭിച്ചു. അഞ്ച് കൗണ്ടറുകളാണു വിതരണത്തിന് ഒരുക്കിയത്. സ്റ്റേഷനറി സാധനങ്ങൾ കോളജ് കെട്ടിടത്തിനുള്ളിലും യന്ത്രങ്ങളുടെ യൂണിറ്റുകൾ പുറത്ത് പന്തലിൽ പ്രത്യേക കൗണ്ടറുകൾ വഴിയും ചിട്ടയായി വിതരണം ചെയ്തതു മൂലം തിരക്കില്ലാതെ ഉദ്യോഗസ്ഥർക്കു സാമഗ്രികൾ കൈപ്പറ്റാനായി.
യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പർ ബൂത്തിൽ രാവിലെ ഒൻപതിനു വോട്ട് ചെയ്യും. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്‌കൂളിലെ 72-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ടു രേഖപ്പെടുത്തും
ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ഭാമയുടെ വോട്ട് മണർകാട് സെന്റ് മേരീസ് ബൂത്ത് നമ്പർ 84ലാണ്.
മറുനാടന് മലയാളി ബ്യൂറോ