കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്.

പെരുമാറ്റ ചട്ടം നിലവിലുണ്ടെങ്കിലും കിറ്റ് വിതരണത്തിനു തടസമില്ലെന്നു തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കിറ്റ് വിതരണത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കരുത്. രാഷ്ട്രീയ മുതലെടുപ്പും പാടില്ല. രാഷ്ട്രീയ പാർട്ടികൾ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

തിരഞ്ഞെടുപ്പ് കമ്മഷിന്റെ നിർദേശമില്ലാത്തതിനാൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇതുവരെ കിറ്റ് വിതരണം നടന്നിരുന്നില്ല. ഏകദേശം 3500ലധികം കുടുംബങ്ങൾക്കാണ് പുതുപ്പള്ളി മണ്ഡലത്തിൽ കിറ്റ് ലഭിക്കുക.

ഓണക്കിറ്റ് ഇന്നു വാങ്ങാൻ കഴിയത്തവർക്ക് ഓണത്തിനു ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകിയതിന്റെ പേരിൽ കിറ്റ് ആർക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകൾ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്ന് ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേർക്ക് കിറ്റുകൾ വിതരണം ചെയ്തു. രാത്രി എട്ട് മണിയോടെ ഏതാണ്ട് മുഴുവൻ പേർക്കും വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടൽ. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.