- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിങ് ഏജന്റുമാരുടെ മുന്നിൽ സ്ട്രോങ് റൂം തുറന്നു; ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ; അതിവേഗം ഫലം വരുന്ന തരത്തിൽ കൗണ്ടിങ് ടേബിളുകൾ;പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി; ഉമ്മൻ ചാണ്ടിയുടെ പിൻഗാമി അൽപ്പസമയത്തിനകം തെളിയും
കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ നടപടിക്രമം തുടങ്ങി. പോളിങ് ഏജന്റുമാരുടെ മുമ്പിൽ വച്ച് സ്‌ട്രോങ് റൂം തുറന്നു. ഇതോടെ വോട്ടെണ്ണൽ നടപടികൾക്കും തുടക്കമായി. രാവിലെ എട്ടുമുതൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്.
ചാണ്ടി ഉമ്മൻ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എൽ.ഡി.എഫ്.), ലിജിൻലാൽ (എൻ.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള കോളേജിലെ സ്ട്രോങ് റൂം രാവിലെ ഏഴരയോടെ തുറക്കും. എട്ടോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. എട്ടരയോടെ ആദ്യ ഫല സൂചനകൾ വ്യക്തമാകും. ഒൻപത് മണിക്ക് ആരാകും ജയിക്കുക എന്നും തെളിയും. പത്ത് മണിക്ക് അന്തിമ ഫലം പുറത്തു വരും. വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും, ഒരുമേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഒന്നുമുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുക.
പുതുപ്പള്ളിയെ കൂടാതെ മറ്റു ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. ഝാർഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ മണ്ഡലങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്. തൽസമയ ഫലം എത്തിക്കാൻ വിപുലമായ ഒരുക്കങ്ങൾ മറുനാടനും ചെയ്തിട്ടുണ്ട്. മറുനാടൻ ടിവിയിലും തൽസമയ വിശകലനവും ഫലവും ലഭ്യമാകും.
25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് ഐക്യമുന്നണി ക്യാമ്പിന്റെ വിലയിരുത്തൽ. 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപി.യും പ്രതീക്ഷിക്കുന്നു. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ആദ്യ മണിക്കൂറിൽ തന്നെ പുതുപ്പള്ളിയുടെ മനസ് എങ്ങോട്ടേക്കാണെന്ന വ്യക്തമായ സൂചന ലഭിച്ചേക്കും. 72.86 ശതമാനം പോളിംഗോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂർത്തിയായത്.
മറുനാടന് മലയാളി ബ്യൂറോ