- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം; പടമെടുത്ത കാലത്ത് എംഎൽഎ സുരേഷ് കുറുപ്പ്; 2021മുതൽ വാസവനും; പഴിയെല്ലാം പാവം ഉമ്മൻ ചാണ്ടിക്കും; മുൻ മുഖ്യമന്ത്രി 2016ൽ ആ പാലത്തിലൂടെ പേയത് വേലുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ; ആ പാലക്കഥ വ്യാജം; പുതുപ്പള്ളിയിൽ പ്രചരണം മൂക്കുമ്പോൾ
കോട്ടയം: സൈബർ സഖാക്കളുടേത് വ്യാജ പ്രചരണം. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ചൂട് പടർന്നതോടെ ആരോപണ, പ്രത്യാരോപണങ്ങൾക്കു മൂർച്ച കൂട്ടി ഇരുമുന്നണികളും നിറയുകയാണ്. അതിനിടെ ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി വിമർശിക്കാൻ പല കഥകളും സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നു. ഇതെല്ലാം പച്ചക്കള്ളമെന്ന് തെളിയുകയാണ്.
പുതുപ്പള്ളിയിൽ വികസനമില്ല എന്ന ആരോപണത്തിന് ആക്കം കൂട്ടാൻ അന്തരിച്ച ഉമ്മൻ ചാണ്ടി ഒറ്റയടി പാലത്തിലൂടെ പോകുന്ന ചിത്രം പ്രചരിപ്പിച്ചവർ വെട്ടിലായിരിക്കുകയാണ്. ഉമ്മൻ ചാണ്ടി നടന്ന പാലം ഉൾപ്പെടുന്ന മണ്ഡലം സിപിഎം എംഎൽഎ ആയിരുന്ന സുരേഷ് കുറുപ്പിന്റേതായിരുന്നെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി സമൂഹമാധ്യമത്തിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. ഇതോടെ സൈബർ സഖാക്കളുടെ കള്ളം പൊളിഞ്ഞു. ഇതിനിടെയാണ് വികസന ചർച്ചയ്ക്ക് ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസും രംഗത്തു വന്നത്.
ഏതായാലും സൈബർ സഖാക്കൾ പ്രചരിപ്പിച്ച പാലം ഉള്ള ആ സ്ഥലത്തെ എംഎൽഎ മന്ത്രി വി.എൻ.വാസവൻ ആണെന്നും പോസ്റ്റിൽ കുഞ്ഞ് ഇല്ലംപള്ളി പറയുന്നു. ഉമ്മൻ ചാണ്ടി പാലത്തിലൂടെ പോകുന്ന ചിത്രം 2016 നവംബർ 27-ന് താൻ മൊബൈലിൽ പകർത്തിയതാണെന്നും തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്കു പോകുന്ന വഴിയിലാണു പാലം എന്നും കുഞ്ഞ് ഇല്ലംപള്ളി പറയുന്നു.
കുഞ്ഞ് ഇല്ലംപള്ളിയുടെ പോസ്റ്റ്:
ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന പടം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും അതിന് പ്രചരണം നടത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്
ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കറിയാം എന്നാലും, പറയട്ടെ.
ഉമ്മൻ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബർ 27ന് എന്റെ മോബൈലിൽ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവർത്തകൻ എം.ഐ. വേലുവിന്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിക്കാനാണ് അദ്ദേഹം എത്തിയത്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം.
നീണ്ട വർഷം കോട്ടയം എംപിയായും പിന്നീട് അവിടുത്തെ എംഎൽയുമായി 2021 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എംഎൽഎ. 21 മുതൽ മന്ത്രി വാസവനും. വികസനം നടത്താൻ വരുന്നവർക്കായി 2016ലെ പടവും, ഇപ്പോൾ ആ പാലത്തിന്റെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ. താഴോട്ടാണെന്ന് മാത്രം.
പടവലങ്ങ പോലെ 2023ലെ പാലത്തിന്റെ പടത്തിൽ, പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്. ശ്രീ വേലു ഗീബൽസിന്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലർക്കും, അറിഞ്ഞും, അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികൾക്കുമായി ഞാൻ സമർപ്പിക്കുന്നു.
ഇടത് വലത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം മുതൽ വിലക്കയറ്റം വരെ നിരവധി വിഷയങ്ങൾ ചർച്ചയാക്കിയാണ് മുന്നണികൾ മുന്നേറുന്നത്. പുതുപ്പള്ളിയിൽ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോൾ വിലക്കയറ്റം പിടിച്ചുനിർത്താൻ എന്തുചെയ്‌തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മൻ ഉന്നയിക്കുന്നത്.
ഇരു സ്ഥാനാർത്ഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോൾ ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ ബിജെപി പ്രവർത്തകർ. സഭാ മേലധ്യക്ഷന്മാരെ കണ്ട ശേഷമാണ് ഇരുവരും പ്രചാരണം ആരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ