- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ; അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ! വിമർശനം വിഡി സതീശനെങ്കിലും ലക്ഷ്യം മറ്റു ചിലരെ; ഉമ്മൻ ചാണ്ടിയുടെ ചികിൽസയും പുതുപ്പള്ളിയിൽ ചർച്ചയാക്കും; സൂചനകളുമായി സിപിഎം നേതാവിന്റെ പോസ്റ്റ്; പോര് കടുപ്പിക്കാൻ ഇടതുപക്ഷം
കോട്ടയം: പുതുപ്പള്ളിയിൽ എല്ലാ സാധ്യതയും തേടാൻ സിപിഎം. ഉമ്മൻ ചാണ്ടിയുടെ ചികിൽസയും സിപിഎം ചർച്ചയാക്കും. ഇതിന്റെ സൂചനകളുമായി സിപിഎം നേതാവ് അഡ്വ കെ അനിൽകുമാർ രംഗത്തു വന്നു. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ-ഇതാണ് അനിൽ കുമാറിന്റെ പോസ്റ്റിലുള്ളത്. പ്രതിപക്ഷ നേതാവിനുള്ള വിമർശനമാണ് ഇത്. എങ്കിലും ഈ ആരോപണം ലക്ഷ്യമിടുന്നത് മറ്റ് ചിലരെയാണ്. ഈ വിവാദവും പുതുപ്പള്ളിയിൽ സിപിഎം നിറയ്ക്കുമെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഉമ്മൻ ചാണ്ടി തരംഗം പുതുപ്പള്ളിയിൽ ആഞ്ഞെടിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ചാണ്ടി ഉമ്മൻ റിക്കോർഡ് ഭൂരിപക്ഷവും ഉറപ്പ്. ഈ സാഹചര്യത്തിലാണ് സിപിഎം നേട്ടമുണ്ടാക്കാൻ മറു വഴികൾ തേടുന്നത്. കോൺഗ്രസ് നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കി ഇടതു പക്ഷത്തിന് അനുകൂല തരംഗമുണ്ടാക്കാനും ഈ വിഷയം ചർച്ചയാക്കാനും സിപിഎം പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് പാളി. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ചികിൽസയിൽ നേട്ടമുണ്ടാക്കാനാണ് സിപിഎം നീക്കം. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലെ പലർക്കും ചികിൽസയിൽ പരാതിയുണ്ട്. ഇതെല്ലാം ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ.
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വിഎൻ വാസവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയെ പുണ്യാളനും വിശുദ്ധനുമായി ചിത്രീകരിക്കാൻ നടക്കുന്ന ശ്രമങ്ങളെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രതിരോധിക്കും. ഇതിന്റെ സൂചനകളും അനിൽകുമാറിന്റെ പോസ്റ്റിലുണ്ട്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് പുതുപ്പള്ളി. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും. എൽ.ഡി.എഫും ബിജെപിയും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും സഹതാപതരംഗവും തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമാവും എന്ന് പുതുപ്പള്ളിയിലെ ഒരു വിഭാഗം വോട്ടർമാർ പറയുന്നു. ഇതിനിടെയാണ് സിപിഎം പുതിയ വിഷയങ്ങൾ ചർച്ചകളിലേക്ക് കൊണ്ടു വരുന്നത്.
മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും വാസവൻ പറയുന്നു. മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് അനുസ്മരണ യോഗത്തിൽ യുഡിഎഫ് ചെയർമാനായ വിഡി സതീശൻ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ നീക്കം. സഭയും ഇതിന് അനുകൂലമായി പ്രതികരിച്ചു. ഇതോടെ ഉമ്മൻ ചാണ്ടി വിശുദ്ധനാകുമെന്ന തരത്തിൽ ചർച്ച എത്തി.
ഇങ്ങനെയുള്ള ചർച്ചകൾ യുഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സിപിഎം പ്രഖ്യാപനം. ഒരാളെ വിശുദ്ധൻ എന്ന് വിളിക്കുന്നത് എങ്ങനെ മതപരമാകും എന്നതും ഉയരുന്ന ചോദ്യമാണ്.
അനിൽകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
വിഡിസതീശന്റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ?
ബഹു:പ്രതിപക്ഷ നേതാവേ,
അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താങ്കൾ അദ്ദേഹത്തോടുള്ള മുൻ നിലപാട് മാറ്റുന്നതായി കണ്ടു. ഉമ്മൻ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാൻ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്നു് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിന്റെ വിധിയിൽ കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്നു് ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ടു്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോൾ ''നിങ്ങൾ പള്ളിയിലേക്ക് വരൂ ,അവിടെ മറ്റു ചാനലുകൾ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം' എന്നു് ചാണ്ടി ഉമ്മൻ മറുപടി പറയുന്നത് കണ്ടു.
ആരാധനാലയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാൻ ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണു്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിന്റെ വഴിയിൽ സ്ഥാനാർത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു് തെരഞ്ഞെടുപ്പിൽ അയോഗ്യത നൽകിക്കഴിഞ്ഞു. അതിനാൽ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു.
താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള 'സ്‌നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണു്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ.
പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപി ക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയെട്ടെ ..
പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.
അഡ്വ.' കെ.അനിൽകുമാർ.
മറുനാടന് മലയാളി ബ്യൂറോ