- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല; കുറച്ചധികം ഓടേണ്ടി വരും
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹവുമായി എത്തിയ പി സി ജോർജ്ജിനെ വെട്ടിയാണ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയത്. ബിജെപിയിലെ ഗ്രൂപ്പു രാഷ്ട്രീയം തന്നെയാണ് ഇതിൽ പ്രതിഫലിച്ചത്. പി സി ജോർജ്ജ് സ്ഥാനാർത്ഥിയായാൽ വലിയ മത്സരസാധ്യത തന്നെ മണ്ഡലത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അനിലിനെ സ്ഥാനാർത്ഥിയാക്കിയതോടെ ആ സാധ്യത ഇല്ലാതായെന്നാണ് പൊതുവിലയിരുത്തൽ. ബിജെപിക്ക് ദേശീയ തലത്തിൽ ഉയർത്തികാട്ടാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് അനിലെന്നതാണ് ബിജെപി കണ്ട സാധ്യത. എന്നാൽ, കെ സുരേന്ദ്രനാണ് പി സി ജോർജ്ജിനെ വെട്ടിയതെന്നാണ ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം.
അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ പട്ടികയിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ നീരസം വ്യക്തമാക്കി ബിജെപി നേതാവ് പി.സി ജോർജ് രംഗത്ത്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായ അനിൽ ആന്റണിക്ക് പത്തനംതിട്ട ദുഷ്‌കരമാണെന്ന് അദ്ദേഹം പറഞ്ഞു. അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല എന്നുപറഞ്ഞാണ് തന്റെ അതൃപ്തി പരസ്യമാക്കിയത്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു അനിലിനെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തിയെടുക്കണമെന്നും പി.സി ജോർജ് പറഞ്ഞു,
അനിൽ ഓട്ടം കൂടുതൽ വേണ്ടി വരും. സ്ഥാനാർത്ഥിയായി ഞാൻ ഓടുന്നതിൽ കൂടുതൽ ഓടിയാൽ മാത്രമേ അനിൽ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം.' എന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തിൽ ഇല്ലെന്നും പി സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ പി സി ജോർജിന്റെ പേര് പരിഗണനയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആയിരുന്നു അനിൽ ആന്റണിയുടെ പേര് പ്രഖ്യാപിച്ചത്.
'പത്തനംതിട്ടയിൽ ഞാൻ സ്ഥാനാർത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ്. തുഷാർ വെള്ളാപ്പള്ളിയും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ പത്തനംതിട്ടയിൽ പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കണമെന്ന് എൻഡിഎ നേതാക്കൾ ആഗ്രഹിച്ചിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. അവരൊക്കെ പറഞ്ഞപ്പോൾ സ്ഥാനാർത്ഥിയായാൽ എന്താ കുഴപ്പമെന്ന് ഞാനും ആഗ്രഹിച്ചു. സന്തോഷം മാത്രമാണ്.' എന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ താമര വിരിയുമെന്നും പി.സി ജോർജിന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ടെന്നും കാത്തിരുന്നു കാണാം എന്നും പി.സി ജോർജ്ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
195ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി കേന്ദ്ര നേതൃത്വം ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവരിൽ കേരളത്തിലെ 12 സീറ്റുകളും ഉൾപ്പെടും. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശ്ശൂരിൽ സുരേഷ് ഗോപിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, മലപ്പുറത്ത് അബ്ദുൾ സലാം, കാസർകോട് എം.എൽ അശ്വിനി., കോഴിക്കോട് എം ടി രമേശ്, പത്തനംതിട്ടയിൽ അനിൽ ആന്റണി, പാലക്കാട് സി.കൃഷ്ണകുമാർ, കണ്ണൂർ സി.രഘുനാഥ്, വടകര പ്രഫുൽ കൃഷ്ണ, പൊന്നാനി നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് മത്സരരംഗത്തുണ്ടാകുക.