- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐയ്ക്കായി പോരിനിറങ്ങുന്നത് കണ്ണൂരുകാരായ രണ്ടു നേതാക്കൾ
കണ്ണൂർ: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തും വയനാട്ടിലും പോരാടിക്കാൻ സി.പി. ഐ സ്ഥാനാർത്ഥികളായി രണ്ടു ഉശിരൻ നേതാക്കൾ. സമരതീഷ്ണമായ കാലത്തിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച കണ്ണൂരുകാരനായ പന്ന്യൻ രവീന്ദ്രനും സി.പി. ഐ ദേശീയ നേതാവായ ആനിരാജയുമാണ് കളത്തിലിറങ്ങുന്നത്.
അടിയന്തരാവസ്ഥയിൽ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ ജീവിക്കുന്ന നേതാക്കളിൽ അപൂർവ്വം ചിലരിൽ ഒരാളാണ് പന്ന്യൻ രവീന്ദ്രൻ. സ്വന്തം മുടിനീട്ടിവളർത്താൻ കാരണം തന്നെ പന്ന്യൻ പറഞ്ഞിരുന്നത് 1976-ൽ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പൊലിസ് മേധാവിയായിരുന്ന പുലിക്കോടന്റെ അതിക്രൂരമായ മർദ്ദനത്തിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമാണെന്നായിരുന്നു.
നീട്ടിവളർത്തിയ മുടിയുമായി ഇപ്പോഴൂം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന പന്ന്യൻ കണ്ണൂരിലെ കക്കാട് എന്ന പ്രദേശത്തെ രാമൻ-യശോദ ദമ്പതികളുടെ മകനായി ഒരു സാധാരണ കുടുംബത്തിലാണ് ജനിക്കുന്നത്. കോർജാൻ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബീഡിതൊഴിലിൽ ഏർപ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി.
1964- ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. കക്കാട് ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂർ താലൂക്ക് സെക്രട്ടറിയുമായിരുന്നു. ബാങ്ക് ദേശസാൽക്കാരണം ആവശ്യപ്പെട്ടു സി.പി. ഐ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി 1965-ൽ രണ്ടാഴ്ച്ചക്കാലം ജയിൽ വാസം അനുഷ്ഠിച്ചു. അന്ന് പതിനെട്ടു വയസ് തികഞ്ഞിരുന്നില്ല. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന കെ.പി ഗോപാലൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് ജയിൽ വാസം അനുഷ്ഠിച്ചത്. പിന്നീടും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് പന്ന്യൻ.
ആദ്യ ജില്ലാകൗൺസിലിലേക്ക് 1989-ൽ നടന്ന തെരഞ്ഞെടുപ്പിൽ അഴീക്കോട് ഡിവിഷനിൽ നിന്നും ജയിച്ച പന്ന്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 1979- മുതൽ 82-വരെ എ. ഐ. വൈ. എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ചരിത്രത്തിൽ ഇടം നേടിയ തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം നടന്നത് പന്ന്യൻ പ്രസിഡന്റായിരിക്കുമ്പോഴാണ്. 1982-മുതൽ 86-വരെ സി.പി. ഐയുടെ അഭിവക്ത കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു.
1982-ൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായി. 1996-മുതൽ ഒൻപതു വർഷക്കാലം സംസ്ഥാന അസി.സെക്രട്ടറിയുമായിരുന്നു. 2005-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിനകത്തും പുറത്തുമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി. 2005-ൽ ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011-ലെ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2012മുതൽ 2015-വരെ സി.പി. ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. കേന്ദ്രസെക്രട്ടറിയേറ്റംഗവും ദേശീയ കൺട്രോൾകമ്മിഷൻ ചെയർമാനുമായിരുന്നു. 76 വയസുള്ള പന്ന്യനെ വീണ്ടും സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തിയാണ് പാർട്ടി മത്സരരംഗത്തേക്ക് ഇറക്കിയത്.
മികച്ച പൊതുപ്രവർത്തകനുള്ള 2024-ലെ മനിയേരി മാധവൻ പുരസ്കാരം, അബുദാബി, കുവൈത്ത്, മസ്കറ്റ് എന്നിവടങ്ങളിലെ ക്ളബുകൾ ഏർപ്പെടുത്തിയ അവാർഡുകൾ, വി.പി സിങ്, പി.ഗംഗാധരൻ, പി.ടി ചാക്കോ, എം ടി ചന്ദ്രസേനൻ, പി.കെ.വി തുടങ്ങിയവരുടെ പേരിലുള്ള ബഹുമതികളും നേടിയിട്ടുണ്ട്. കണ്ണൂരിൽ ചെറുപ്പക്കാലത്ത് ലക്കിസ്റ്റാർ ക്ളബിനു വേണ്ടി ഫുട്ബോൾ കളിച്ചിരുന്നു. ആകാശവാണിയിൽ ഫുട്ബോൾ റണ്ണിങ് കമന്റേറ്റുമായിരുന്നു. നിരവധി മത്സരങ്ങളിൽ കമന്റേറ്ററായിട്ടുണ്ട്.
ലോകകപ്പ് ചരിത്രത്തിലൂടെ, ഫുട്ബോളിന്റെ ചരിത്രം, ലോകം കാറ്റുനിറച്ച പന്തിന്റെ കൂടെ, ഫുട്ബോളും സോവിയേറ്റ് യൂണിയനും എന്നീ പുസ്തകങ്ങൾ ഫുട്ബോളിനെകുറിച്ചു എഴുതിയിട്ടുണ്ട്. ചരിത്രമെഴുതി ചരിത്രമായവർ, ഒ. എൻ.വി തേജസോടെ എന്നും, ഭരത് മുരളി അഭിനയവും ജീവിതവും എന്നീ പുസ്തകങ്ങളും പന്ന്യന്റെതായിട്ടുണ്ട്. പി. എൻ പണിക്കർ ഫൗണ്ടേഷൻ, തോപ്പിൽഭാസി ഫൗണ്ടേഷൻ, പി.ടി ഭാസ്കര പണിക്കർ, എൻ.കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചു വരുന്നു. ഭാര്യ: രത്നവല്ലി. മക്കൾ, രാകേഷ്, രൂപേഷ്, രതീഷ്.
വയനാട്ടിൽ സി.പി. ഐയ്ക്കായി പോരിനിറങ്ങുന്ന ദേശീയനേതാവും കണ്ണൂരിന്റെ മലയോരത്തിന്റെ പുത്രിയുമായ ആനിരാജയ്ക്ക് വിജയപ്രതീക്ഷയാണുള്ളത്. ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി. പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആനിരാജ കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ, ദേവമാതാ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. എ. ഐ. എസ്. എഫിന്റെ മണ്ഡലം സെക്രട്ടറിയായാണ് തുടക്കം. മഹിളാ സംഘം കണ്ണൂർ ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിനെതിരെ ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാസമരങ്ങൾക്കു മുൻപന്തിയിലും ആനിരാജയുണ്ട്. കർഷകസമരത്തിന്റെ മുന്നണിയിലും മണിപ്പൂർ കലാപത്തിനെതിരെ അവിടെയെത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള ജനകീയ ഇടപെടലുകൾക്കും നേതൃത്വം നൽകുന്ന കരുത്തയായ ദേശീയ നേതാവാണ് ഈ കമ്യൂണിസ്റ്റുകാരി. ഡൽഹിയിൽ ഗുണ്ടകളുടെയും പൊലിസിന്റെയും അതിക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നപ്പോഴും മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യദ്രോഹിയായി മുദ്രകുത്തിയപ്പോഴും പതറാത്ത നേതാവാണ് ആനീരാജ. ഝാർഖണ്ഡിൽ മാവോതീവ്രവാദിയെന്ന് മുദ്രകുത്തപ്പോഴും ജെ. എൻ. യു വിദ്യാർത്ഥിനിയായ മകൾ അപരാജിതയെ ഐ. എസ് തീവ്രവാദിയെന്നു വിളിച്ചു ആക്ഷേപിച്ചപ്പോഴും പതറാതെ പോരാട്ടം മുൻപോട്ടു നയിച്ച നേതാവാണ് ആനിരാജ.
ഇരിട്ടിയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബപശ്ചാത്തലമായിരുന്നതിനാൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിൽ വൻ എതിർപ്പുണ്ടായിരുന്നുവെങ്കിലും പിതാവ് തോമസ് കർഷക സംഘം പ്രവർത്തകനായിരുന്നതു കൊണ്ടു എ. ഐ. എസ്. എഫ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ തടസമുണ്ടായില്ല. ഇരിട്ടിയിൽ നടന്ന പാരലൽ കോളേജ് സമരത്തിൽ ആനി തോമസ് മുൻനിരയിലുണ്ടായിരുന്നു. സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പോരാട്ടത്തെ പൊലിസ് ക്രൂരമായാണ് നേരിട്ടത്. പൊലിസ് ജീപ്പിടിച്ചു അന്നു പരുക്കേറ്റു. ബി. എയ്ക്ക് പഠിക്കുമ്പോൾ മഹിളാസംഘത്തിന്റെജില്ലാസെക്രട്ടറിയായി. ഇരുപത്തിരണ്ടാം വയസിൽ സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗമായി. പിന്നീട് മഹിളാസംഘം വടക്കൻ മേഖലാസെക്രട്ടറിി സംസ്ഥാന അസി.സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
കേരളത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്ര അവഗണനയ്ക്കെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എ. ഐ. വൈ. എഫ് നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 51- പെൺകുട്ടികൾ 33 ദിവസം നടത്തിയ വനിതാമാർച്ചിൽ അംഗമായിരുന്നു സി. പി. ഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് ജീവിതപങ്കാളി. എ. ഐ. എസ്. എഫ് നേതാവ് അപരാജിതയാണ് ഏകമകൾ.
1990 ജനുവരി ഏഴിനായിരുന്നു ഡി.രാജയുമായുള്ള വിവാഹം. വിവാഹശേഷം ഡൽഹിയിലെത്തി. പലജോലിയും നോക്കി. ബി. എഡ് ബിരുദമെടുത്ത് അദ്ധ്യാപികയായി. ആകാശവാണിയിൽ വാർത്ത വായന, വിവർത്തനം അങ്ങനെ പൊതു, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു, ഡി.രാജ തമിഴ്നാട്ടിൽ നിന്നും എംപിയായതോടെ സമ്പൂർണ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. ഇന്ത്യയിൽ പ്രത്യേകിച്ചു ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്ത്രീകൾക്കു വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴും തുടരുന്ന ആനിരാജയെന്ന മുതിർന്ന നേതാവിനെയാണ് ഇക്കുറി വയനാട്ട് ലോക്സഭാ മണ്ഡലത്തിൽ പോരിനായി പാർട്ടിയിറക്കിയിരിക്കുന്നത്.