- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അന്നേ പറഞ്ഞതാണ്; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ ലിസ്റ്റിൽ പറഞ്ഞു കേട്ട പേരുകളിൽ പ്രമുഖൻ പന്ന്യൻ രവീന്ദ്രനായിരുന്നു. പന്ന്യൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാർത്തകൾ എന്നാൽ, പട്ടികയിൽ വി എസ് സുനിൽകുമാർ ഒഴികെ മൂന്നിടത്തും സിപിഐ അന്തിമ ധാരണയിൽ എത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാനില്ലെന്ന് സിപിഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ വ്യക്തമക്കി. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും അവ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. അത് വെറും പ്രതീക്ഷയല്ല. അവിടെയുള്ള ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. തിരഞ്ഞെടുപ്പിൽ എന്റെ പേര് എല്ലാ കാലത്തും ഉയർന്നു കേൾക്കാറുണ്ട്.
ലിസ്റ്റിൽ ഒന്നാമനായിട്ടും പേര് വരും. അതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് പറഞ്ഞതാണ്. അത് പാർട്ടിയെ ബോധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനമല്ല. അതുകൊണ്ട് സ്ഥാനാർത്ഥിയാണെന്ന് പ്രചരിപ്പിക്കരുത്. പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്- പന്ന്യൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ കേരളത്തിലെ മിക്ക സീറ്റുകളിലും ഇടതുപക്ഷത്തിന് വിജയപ്രതീക്ഷയുണ്ടെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര ഭരണത്തിനെതിരേ കേരളത്തിലെ ജനങ്ങളും പ്രതിഷേധത്തിലാണെന്നും കൂട്ടിച്ചേർത്തു. എല്ലാവരും ആഗ്രഹിക്കുന്നത് മതനിരപേക്ഷ ഇന്ത്യയാണ്. അതിന് തടസമുണ്ടാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിനോട് ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും കോൺഗ്രസിന് സീറ്റ് ജനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടി ആവശ്യപ്പെട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു മുതിർന്ന സിപിഐ നേതാവ് ആനി രാജയും പറഞ്ഞു. വയനാട് മണ്ഡലത്തിലെ സിപിഐ സാധ്യതാപട്ടികയിൽ താൻ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. "ഞാൻ മത്സരിക്കണമോ വേണ്ടയോ എന്നെല്ലാം പാർട്ടിയുടെ കേരളത്തിലെ സംസ്ഥാന ഘടകം ചർച്ച ചെയ്ത ശേഷം അഖിലേന്ത്യാ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥി നിർണയം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ അനുസരിക്കേണ്ട ബാധ്യതയുണ്ട്" ആനി രാജ വ്യക്തമാക്കി.
കേരളത്തിലെ നാലു സീറ്റിലും ജയിക്കാൻ വേണ്ടിയാണ് സിപിഐ മത്സരിക്കുന്നത്. സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോരാട്ടമാണ് എന്ന കാര്യത്തിൽ സംശയമില്ല. തിരുവനന്തപുരത്തും തൃശൂരിലുമെല്ലാം വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. സിപിഐ അംഗങ്ങളുടെ എണ്ണം ലോക്‌സഭയിൽ വർധിക്കും. കേരളത്തിലെ നാലു സീറ്റുകളിൽ ഇത്തവണ വനിതകളെ കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. സിപിഐ മാത്രമല്ല എല്ലാ പാർട്ടികളും വനിതകളെ കൂടുതൽ സീറ്റുകളിൽ മത്സരിപ്പിക്കാൻ തയാറാകണം" ആനി രാജ പറഞ്ഞു.