ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ വർദ്ധന അനുഭവപ്പെടുന്നു. രാജ്യത്താകെ 96.8 കോടി വോട്ടർമാർ ഉള്ളതിൽ 49.7 കോടി പുരുഷ വോട്ടർമാരാണ്. വനിതാ വോട്ടർമാരുടെ എണ്ണം 47.1 കോടിയിൽ എത്തി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

18-19 പ്രായപരിധിയിൽ 85.3 ലക്ഷം വോട്ടർമാരുണ്ട്. 12 സംസ്ഥാനങ്ങളിൽ ജെൻഡർ അനുപാതം ആയിരത്തിന് മേലേയാണ്. 1.89 കോടി പുതിയ വോട്ടർമാരിൽ 85 ലക്ഷം വനിതകളാണ്. മുൻകൂർ പട്ടികയിൽ 2024 ജനുവരി ഒന്നിന് 18 വയസ് തികയാത്തവരുടെ പേരുകളും ഉൾപ്പെടുത്തി. 13.4 ലക്ഷം അപേക്ഷകൾ മുൻകൂറായി എത്തി. ഏപ്രിൽ 1 ന് മുമ്പ് 5 ലക്ഷത്തിലേറെ പേർ വോട്ടർമാരാകും, രാജീവ് കുമാർ പറഞ്ഞു.