പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ടിയിരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ പുറത്തായി. റാന്നീ മണ്ഡലത്തിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരെ നിയമിച്ചു. പന്തളത്തും ചേരിക്കലിലും തോമസ് ഐസക്കിന്റെ പ്രചാരണത്തിന് ഹരിതകർമ സേനാംഗങ്ങളെ നിയോഗിച്ചുവെന്ന പരാതി. പത്തനംതിട്ട മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങൾ ഇവയാണ്.
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരും അവർക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓർഡർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാൻ ചെല്ലുമ്പോൾ മാത്രമാണ് ഓരോ ഉദ്യോഗസ്ഥനും തങ്ങൾ ഡ്യൂട്ടി ചെയ്യേണ്ടത് ഏത് പോളിങ് സ്റ്റേഷനിലാണ് എന്നറിയേണ്ടത്. ഓരോ പോളിങ് സ്റ്റേഷനിലേക്കും പോകേണ്ട പാർട്ടികൾക്ക് കോഡ് നമ്പർ കൊടുത്തിട്ടുണ്ട്. ഈ കോഡ് നമ്പരിലുള്ളവരെ ഏത് പോളിങ് സ്റ്റേഷനിലേക്കാണ് നിയോഗിച്ചിട്ടുള്ളതെന്നും അവർ ഏത് കൗണ്ടറിൽ നിന്നാണ് ഉപകരണങ്ങൾ ഏറ്റു വാങ്ങേണ്ടത് എന്നുമാണ് പുറത്തായ പട്ടികയിലുള്ളത്.
പോസ്റ്റിങ് ഉത്തരവ് ചോർന്നത് അതീവ ഗൗരവകരമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് അനുകൂല യൂണിയനുകൾ ശ്രമിക്കുന്നുവെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. തന്ത്രപ്രധാനമായ തസ്തികകളിൽ ജോയിന്റ് കൗൺസിലിന്റെയും എൻ.ജി.ഓ യൂണിയന്റെയും നേതാക്കളെയും സജീവ പ്രവർത്തകരെയും നിയമിച്ചത് ചൂണ്ടിക്കാട്ടി എൻ.ജി.ഓ സംഘ് നേരത്തേ തന്നെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും എടുത്തില്ല. അതേ സമയം, വിതരണം നടക്കുന്ന കേന്ദ്രങ്ങളിൽ പതിക്കുന്നതിന് വേണ്ടി പ്രിന്റ് ചെയ്യാൻ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നത് എന്നാണ് ഇതിന്റെ ചുമതലയുള്ളവരുടെ വിശദീകരണം.
റാന്നിയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന വാഹനങ്ങളിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരെ നിയോഗിച്ചുവെന്നാണ് ആക്ഷേപം. നിയോജകമണ്ഡലത്തിലെ വിതരണ കേന്ദ്രമായ സെന്റ് തോമസ് കോളജിൽ നിന്ന് മൂന്നു റൂട്ടുകളിലേക്ക് ഓഫീസർമാരായി നിയോഗിച്ചിരിക്കുന്നത് താൽക്കാലിക ജീവനക്കാരികളെ ആണെന്നാണ് ആക്ഷേപം.
കാഷ്വൽ സ്വീപ്പർമാരാണ് മൂന്നു പേരും. ഇവർ പാർട്ട്ടൈം സ്വീപ്പർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് കോടതിയിൽ കേസ് നടത്തി വരുന്നവരാണ്. കേസ് അവസാനിക്കുകയോ സ്ഥാനക്കയറ്റം കിട്ടുകയോ ചെയ്യാത്തതിനാൽ ഇവർ താൽക്കാലിക ജീവനക്കാരായി തുടരുകയാണ്. ഇവരെയാണ് ചട്ടം മറി കടന്ന സാമഗ്രികളുടെ വിതരണത്തിന് നിയോഗിച്ചിട്ടുള്ളത്. ഭരണാനുകൂല സംഘടനകളിലെ ജീവനക്കാരാണ് ഇതിന് പിന്നിൽ എന്നാണ് ആക്ഷേപം.
പന്തളത്തും ചേരിക്കലും എൽഡിഎഫിന്റെ ഭവനസന്ദർശനത്തിന് ഹരിത കർമ സേനാംഗങ്ങൾ യൂണിഫോമിൽ പോയി ലഘുലേഖകൾ വിതരണം ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സിഐടിയും പന്തളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രചാരണത്തിനും ലഘുലേഖ വിതരണത്തിനും ഹരിത കർമ സേനാംഗങ്ങളെ നിയോഗിച്ചത്. ഇവർ യൂണിഫോമിൽ ചെന്നാണ് വീടുകളിൽ ലഘുലേഖ വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്ന് ആരോപിച്ച് മറ്റു രണ്ടു മുന്നണികളും രംഗത്തുണ്ട്.