- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ പോളിങ് ശതമാനം കുറയാൻ കാരണം ഇതൊക്കെ
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം പത്തനംതിട്ടയിൽ രേഖപ്പെടുത്താൻ കാരണം വോട്ടർമാർക്ക് സ്ഥാനാർത്ഥികളോടുള്ള ഇഷ്ടക്കേടെന്ന് സൂചന. വോട്ടിങിന് പോകാതിരുന്ന മിക്കവരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളോടുള്ള താൽപര്യക്കുറവാണ്. ഏറ്റവും അസംതൃപ്തി തോമസ് ഐസക്കിനോടും ആന്റോ ആന്റണിയോടുമാണ്. കിഫ്ബി കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചതും ശമ്പളവും പെൻഷനും അടക്കം പ്രതിസന്ധിയിലാക്കിയതും തോമസ് ഐസക്കാണെന്നാണ് ഇവരുടെ അഭിപ്രായം.
ആന്റോ ആന്റണി കഴിഞ്ഞ മൂന്നു ടേമിലായി മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല. എൽഡിഎഫിലോ യുഡിഎഫിലോ ആര് ജയിച്ചാലും പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ലാത്തതും വോട്ടർമാരുടെ താൽപര്യക്കുറവിന് കാരണമായി. ഇവരിൽ ആര് ജയിച്ചാലും പാർലമെന്റിൽ ചെന്നാൽ ഒന്നാണ്. പ്രതിപക്ഷത്തിരിക്കുകയും വേണം. പിന്നെ വെയിലും ചൂടും സഹിച്ചത് എന്തിന് വോട്ടു ചെയ്യണം. പകൽ മുഴുവൻ ഭക്ഷണവും കഴിച്ച് സുഖമായി കിടന്ന് ഉറങ്ങിയെന്നാണ് ഒരു വോട്ടർ പ്രതികരിച്ചത്.
കേന്ദ്രമായാലും കേരളമായാലും ഒരു വ്യത്യാസവുമില്ലെന്ന് കരുതുന്ന വോട്ടർമാരുമുണ്ട്. ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഗ്യാസ് സബ്സിഡി നിർത്തലാക്കിയിട്ട് വർഷങ്ങളായി. ഇന്ധനവില വർധനവാണ് മറ്റൊരു കാരണം. കേരളത്തിലേക്ക് വന്നാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടുന്നില്ല. ഇതിനിടെ സർക്കാരിന്റെ ധൂർത്ത് മറ്റൊരു വഴിക്ക് നടക്കുന്നു. കിഫ്ബി കൊണ്ടു വന്ന് കേരളം കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കാണ്. ഭരണത്തിന്റെ പേര് കുട്ടിസഖാക്കളും മുതിർന്ന സഖാക്കളും ഗുണ്ടായിസം കാട്ടുന്നു. സാധാരണക്കാരന് പോലും രക്ഷിയില്ലാത്ത അവസ്ഥ.
രണ്ടു മുന്നണികളെയും തഴഞ്ഞ് എൻഡിഎയ്ക്ക് വോട്ട് ചെയ്യാമെന്ന് കരുതിയാൽ അനിൽ ആന്റണിയോട് താൽപര്യമില്ല. പി.സി. ജോർജ് ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥിയെങ്കിൽ തീർച്ചയായും വോട്ട് ചെയ്യാൻ പോകുമായിരുന്നുവെന്ന് ചില വോട്ടർമാർ പറഞ്ഞു. ഇനി ഒരു വിഭാഗം ഇതേ അഭിപ്രായം വച്ചു പുലർത്തുന്നുണ്ടെങ്കിലും പോയി നോട്ടയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്. വോട്ടിങ് ശതമാനം എങ്ങനെ കുറഞ്ഞുവെന്നതാണ് മുന്നണികൾ ചർച്ച ചെയ്യുന്നതും തല പുകയ്ക്കുന്നതും.
ലോക്സഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ളഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പ് 2009 ലാണ്. അന്ന് 12,13,370 വോട്ടുള്ളതിൽ 7,98,232 വോട്ടാണ് ചെയ്തത്. 65.8 ശതമാനം. 2014 ൽ ആകെ വോട്ട് 13,23,906 ആയിരുന്നു. പോൾ ചെയ്തത്8,69,452. 65.70 ശതമാനം. 2019 ൽ ആകെ വോട്ട് 13,82,741. പോൾ ചെയ്തത് 10,26,553. 74.24 ശതമാനം. ഇക്കുറി ആകെ വോട്ടർമാരുടെ എണ്ണം 14,29,700 ആണ്. ആകെ ചെയ്തിരിക്കുന്നത് 9,05,727 വോട്ടാണ്. 2009 ൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി 51.1 ശതമാനം വോട്ട് നേടി വിജയിച്ചു. എൽ.ഡി.എഫിലെ അനന്തഗോപന് 37.2 ശതമാനം വോട്ട് കിട്ടി. അന്ന് ബിജെപിയുടെ വോട്ട് വിഹിതം വെറും 7.1 ശതമാനമായിരുന്നു.
പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ബിജെപി വോട്ടു വിഹിതം വർധിപ്പിച്ചപ്പോൾ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വോട്ട് ഗണ്യമായി കുറയുന്നതാണ് കാണാൻ സാധിച്ചത്. 2014 ൽ യു.ഡി.എഫ് 41.19 , എൽ.ഡി.എഫ് 34.74, എൻ.ഡി.എ 15.95 എന്നിങ്ങനെയായിരുന്നു മുന്നണികൾക്ക് കിട്ടിയ വോട്ടുകളുടെ ശതമാനം. 2019 ൽ ഇത് യഥാക്രമം 37.08, 32.77, 28.95 എന്നിങ്ങനെയായി. എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് വിഹിതം കുറഞ്ഞപ്പോൾ ബിജെപി അത് ഏറെക്കുറെ ഇരട്ടിയാക്കി. ഇത്തവണ ഈ കണക്കുകളെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് വോട്ടിങ് ശതമാനം 63.37 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ പോളിങ് ശതമാനം കൂടാനുണ്ടായ കാരണം ശബരിമല സ്ത്രീ പ്രവേശന വിഷയമായിരുന്നു. അതു കൊണ്ടു തന്നെ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാക്കിയയത് ബിജെപിയായിരുന്നു. ഇക്കുറി വലിയൊരു വിഭാഗം തെരഞ്ഞെടുപ്പിനോട് മുഖം തിരിച്ചുവെന്നാണ് കരുതേണ്ടത്. മൂന്നു മുന്നണികളും പ്രചാരണം കൊഴുപ്പിച്ചെങ്കിലും താഴേത്തട്ടിലേക്ക് പ്രചാരണം എത്തിച്ചത് എൽ.ഡി.എഫ് മാത്രമാണ്. ഭവന സന്ദർശനം അടക്കമുള്ള കാര്യങ്ങളിൽ എൽ.ഡി.എഫ് മികച്ചു നിന്നു. എൻ.ഡി.എയും യു.ഡി.എഫും ഭവന സന്ദർശനം അടക്കം പലയിടത്തും നടത്തിയിട്ടില്ല.