പത്തനംതിട്ട: മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ കണക്കു കൂട്ടലിൽ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് മുന്നണികൾ. കുറഞ്ഞ പോളിങിനിടയിലും ഉണ്ടായ ശക്തമായ അടിയൊഴുക്കാകും വിധി നിർണയിക്കുക. കുറഞ്ഞ ശതമാനം പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. അരലക്ഷത്തിലധികം വോട്ടിന് തോമസ് ഐസക്ക് ജയിക്കുമെന്നാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ വിശ്വാസം. നിലവിൽ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിന്റെ ജനപ്രതിനിധികളാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ അതേ മുന്നേറ്റം ലോക്സഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് എൽഡിഎഫ് പ്രതിക്ഷിക്കുന്നു.

ആറന്മുളയിൽ 9000, അടൂരിൽ 4000, കോന്നിയിൽ 4000, തിരുവല്ലയിൽ 8000 എന്നിങ്ങനെയാണ് സിപിഎം കണക്കൂ കൂട്ടിയിരിക്കുന്ന ഭൂരിപക്ഷം. റാന്നിയിലും പിന്നാക്കം പോകില്ല. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി മണ്ഡലങ്ങളിൽ കേരളാ കോൺഗ്രസ് മാണിയുടെ സഹായത്തോടെ മികച്ച ഭൂരിപക്ഷം എൽഡിഎഫ് സ്വപ്നം കാണുന്നു. പോളിങ് ശതമാനവും ചെയ്ത വോട്ടും വച്ച് എൽഡിഎഫ് നടത്തിയ വിലയിരുത്തലിൽ ഏഴു മണ്ഡലങ്ങളിലും തോമസ് ഐസക്ക് മുന്നേറ്റം നടത്തും. ചെയ്യാതെ പോയ 10.5 ശതമാനം വോട്ടുകൾ എൽഡിഎഫിന്റേത് വെറും 17,000 മാത്രമാണെന്നാണ് കണക്കു കൂട്ടൽ. ശേഷിച്ച ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾ യുഡിഎഫിന്റെയും എൻഡിഎയുടെയുമാണ്.

അടിത്തട്ടിൽ ശക്തമായ പ്രവർത്തനം നടത്തിയത് എൽ.ഡി.എഫ് മാത്രമാണ്. എല്ലാ ബൂത്തുകളിലും അവർ സജീവമായിരുന്നു. തങ്ങൾക്ക് വേണ്ട വോട്ടുകൾ എല്ലാം തന്നെ ചെയ്യിപ്പിക്കാനും കഴിഞ്ഞു. വളരെ കൃത്യമായിട്ടാണ് അവർ ഓരോ ഘട്ടവും മുന്നോട്ടു പോയത്. ചുരുങ്ങിയത് മൂന്നു തവണ മുഴുവൻ വീടുകളും പ്രവർത്തകർ കയറിയിറങ്ങി. ഒരു ബൂത്തിൽ 250 വോട്ട് തങ്ങൾക്ക് അനുകൂലമാക്കാൻ അഞ്ചു പേരെ വീതം ചുമതലപ്പെടുത്തി. ഒരാൾ 50 വോട്ടർമാരെ വീതം നിർബന്ധമായും ബൂത്തിലെത്തിക്കേണ്ടിയിരുന്നു. ഇത് കൃത്യമായി നടപ്പാക്കി. ചില മേഖലകളിൽ എൽ.ഡി.എഫിന്റെ പ്രവർത്തനം പിന്നാക്കം പോയെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടർമാരെ അവർ ബൂത്തിലെത്തിച്ചു. ഈ വോട്ടുകൾ മുഴുവൻ പാർട്ടിക്ക് ലഭിച്ചാൽ ഐസക്കിന്റെ വിജയം സുനിശ്ചിതമാണ്. പാർട്ടി പ്രവർത്തകർക്കിടയിൽ രണ്ടാം പിണറായി സർക്കാരിനും ഐസക്കിനുമെതിരായി ചിലർക്കെങ്കിലും നിലപാടുകൾ ഉണ്ട്. ഇവർ ഐസക്കിന് വോട്ട് ചെയ്തിട്ടില്ലെങ്കിൽ വിജയം കൈവിടും.

കോൺഗ്രസിലെ അസംതൃപ്തർ തിരുവല്ല മണ്ഡലത്തിൽ വ്യാപകമായി വോട്ട് മറിച്ചതായി പറയുന്നുണ്ട്. മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം, കവിയൂർ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും ഐസക്കിന് വേണ്ടി കോൺഗ്രസ് വോട്ടുകൾ ധാരാളമായി മറിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ. സജി ചാക്കോ, മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സജീവ് തുടങ്ങിയ നേതാക്കൾ വലിയ തോതിൽ കോൺഗ്രസ് വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി നൽകിയിട്ടുണ്ടെന്ന് പറയുന്നു. മേൽപറഞ്ഞ ഘടകങ്ങൾ എല്ലാം ഒന്നിച്ചു വന്നാൽ 15000 മുതൽ 30,000 വോട്ടിന് ഐസക്ക് ജയിക്കും.

പൂഞ്ഞാർ, ഈരാറ്റുപേട്ട മേഖലകളിൽ മുസ്ലിംവോട്ടുകൾ വ്യാപകമായി എൽ.ഡി.എഫ് പെട്ടിയിലാക്കി. പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കാൻ സഹായിച്ചതിലൂടെ അവരുടെ വോട്ടിൽ വലിയൊരു ഭാഗം സിപിഎം നേടിയെടുത്തു. കഴിഞ്ഞ തവണ ആന്റോയുടെ വിജയത്തിൽ ഈ വോട്ടുകൾ നിർണായകമായിരുന്നു. പെന്തക്കോസ്ത് വിഭാഗത്തിലുണ്ടാക്കിയ ഭിന്നതയിലൂടെ ആന്റോയ്ക്ക് ഉറപ്പായ നിരവധി വോട്ടുകൾ എൽ.ഡി.എഫ് കൈവശപ്പെടുത്തി. കഴിഞ്ഞ തവണ വരെ പെന്തക്കോസ്ത് വോട്ടുകൾ മുഴുവനും ആന്റോയ്ക്കാണ് ലഭിച്ചിരുന്നത്.

തോമസ് ഐസക്കിനും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുമെതിരേ പാർട്ടിയിലെ വലിയൊരു വിഭാഗം എൻഡിഎയ്ക്ക് വോട്ട് ചെയ്തിരിക്കാനും സാധ്യതയുണ്ട്. ഈ അടിയൊഴുക്കുകൾ മൂന്നു മുന്നണിയിലുമുണ്ട്. ആര് ജയിച്ചാലും കുറഞ്ഞ ഭൂരിപക്ഷമാവും ഉണ്ടാവുക. വോട്ടിങ് ശതമാനത്തിലും വലിയ വ്യത്യാസം വരാൻ സാധ്യതയില്ല.

മണ്ഡലത്തിൽ 63.37 ശതമാനം പോളിങ്

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 63.37 വോട്ടിങ് ശതമാനം രേഖപ്പെടുത്തി. ബാലറ്റു വോട്ടുകൾ കണക്കാക്കാതെ വോട്ട് ചെയ്തവരുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. ആകെയുള്ള 14,29,700 പേരിൽ 9,06,051 പേർ വോട്ട് ചെയ്തു. 6,83,307 പുരുഷന്മാരിൽ 4,42,897 (64.82) ഉം 7,46,384 സ്ത്രീ വോട്ടർമാരിൽ 4,63,148 (62.05) ഉം ഒൻപത് ട്രാൻസിജൻഡറിൽ ആറ് (66.67) പേരും വോട്ടു രേഖപ്പെടുത്തി.

ഏറ്റവും അധികംപേർ വോട്ട് ചെയ്ത മണ്ഡലമെന്ന ബഹുമതി ആറന്മുളയ്ക്ക്.

2,36,632 വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ നിന്നും 1,45,106 പേരാണ് പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടിങ് ഏറ്റവും കുറവുരേഖപ്പെടുത്തിയത് റാന്നിയിൽ. 1,91,442 വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ 1,16,248 പേരാണ് വോട്ടു ചെയ്തത്. അടൂരിൽ ആകെയുള്ള 2,09,760 വോട്ടർമാരിൽ 1,41,454 പേരും വോട്ട് ചെയ്തു. കോന്നി മണ്ഡലത്തിൽ ആകെയുള്ള 2,00,850 വോട്ടർമാരിൽ 1,29,031 പേർ വോട്ട് രേഖപ്പെടുത്തി. തിരുവല്ലയിൽ 2,12,440 വോട്ടർമാരിൽ 1,28,582 പേർ വോട്ട് ചെയ്തു.

കാഞ്ഞിരപ്പള്ളിയിൽ 1,87,898 വോട്ടർമാരിൽ 1,24,552 പേർ വോട്ട് ചെയ്തു. പൂഞ്ഞാറിൽ ആകെയുള്ള 1,90,678 വോട്ടർമാരിൽ 1,21,078 പേർ വോട്ടു ചെയ്തു.