- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ഞാർ നേതാവിനെ മെരുക്കാൻ അനിൽ ആന്റണി നേരിട്ടെത്തും; ഇടപെട്ട് ബിജെപി കേന്ദ്രനേതൃത്വം
പത്തനംതിട്ട: പി.സി. ജോർജിനോട് പ്രചരണത്തിൽ സജീവമാകാൻ നിർദ്ദേശിച്ച് ബിജെപി. ദേശീയ നേതൃത്വം. സമ്മർദ്ദ തന്ത്രം വേണ്ടെന്നാണ് കേന്ദ്ര നേതൃത്വം പി.സി. ജോർജിനെ അറിയിച്ചത്. പിസി ജോർജിനെ നേരിട്ട് കാണാൻ അനിൽ ആന്റണിയും എത്തും. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയെ ഇരു കൈയും നീട്ടി സ്വീകരിക്കണമെന്ന് പിസി ജോർജിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പി.സിയെ അനുനയിപ്പാക്കാനുള്ള നീക്കവുമായി അനിൽ ആന്റണിയും കളത്തിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പൂഞ്ഞാറിലെ വീട്ടിലെത്തി പി.സി. ജോർജിനെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് അനിൽ ആന്റണി അറിയിച്ചു. ഇതിനിടെ പി.സി. ജോർജിനെതിരെ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ എത്തി ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ പൊതു വേദികളിൽ പിസി ജോർജിനെ വിമർശിക്കരുതെന്ന് തുഷാറിനോടും ബിജെപി ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമ്മർദ്ദ തന്ത്രങ്ങളും പരസ്യ വിലക്കുകളും ആരും നടത്തരുത് എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.. അതിനിടെയാണ് പത്തനംതിട്ട സീറ്റിനെ ചൊല്ലി പി.സി.ജോർജ് ഇടഞ്ഞത്. പത്തനംതിട്ടയിൽ തന്നെ സ്ഥാനാർത്ഥിയാകാത്തത് കേരളത്തിലൂടനീളം ബിജെപിക്ക് പ്രതിസന്ധിയാകുമെന്നായിരുന്നു പി.സി.ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. താൻ സ്ഥാനാർത്ഥിയായാൽ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോർജിന്റെ പ്രസ്താവനയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി ശക്തമായിരുന്നു. ഇക്കാര്യം സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതാക്കളെ അറിയിച്ചു. വിഷയത്തിൽ കേന്ദ്രനേതൃത്വം ഇടപെടണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ചാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിൽ പിസിയുടെ അഭിപ്രായങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അനിൽ ആന്റണിയെ അപമാനിക്കുന്ന തരത്തിൽ പിസി പ്രസ്താവന തുടരുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായാണ് പിസി ബിജെപിയിൽ എത്തിയത്. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നായിരുന്നു ആവശ്യം.
സ്ഥാനാർത്ഥിയെ മറ്റൊരു ബിജെപി നേതാവ് തന്നെ കളിയാക്കുന്നത് ശരിയല്ലെന്നാണ് നിഗമനം. അതിനിടെയും പിസി ഒളിയമ്പ് തുടരുകയാണ്. അനിൽ ആന്റണി പത്തനംതിട്ടയിൽ എത്തുമ്പോൾ എല്ലാം ശുഭമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ദേശീയ നേതൃത്വം. പത്തനംതിട്ടയിൽ ക്രൈസ്തവ വിഭാഗമടക്കം മുഴുവൻ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണി. ബിജെപി കഴിഞ്ഞ തവണ സമാഹരിച്ചതിനേക്കാൾ ഏറെ ദൂരം മുന്നോട്ടുപോകുമെന്നും തന്റെ വിജയത്തിൽ പിസി ജോർജ്ജിനും ഒരു പങ്ക് ഉണ്ടായിരിക്കുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. എന്നാൽ പിസിയുടെ ശ്രമം ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കും. ഇതിനൊപ്പം എൻ എസ് എസ് വോട്ടുകളും വഴിമാറാൻ അവസരമൊരുക്കുമെന്ന ആശങ്ക ബിജെപി സംസ്ഥാന നേൃത്വത്തിനുണ്ട്.
പത്തനംതിട്ടയിൽ മൂന്ന് ക്രൈസ്തവർ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും അനിൽ ആന്റണിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി ശ്രമം.