- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
കോട്ടയം: പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോർജിന്റെ പ്രസ്താവനയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി ശക്തം. ഇക്കാര്യം സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതാക്കളെ അറിയിക്കും. വിഷയത്തിൽ കേന്ദ്രനേതൃത്വം ഇടപെടണമെന്നാണ് ആവശ്യം. പിസി ജോർജിനെതിരെ പരാതിയുമായി ബിഡിജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ പോകുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ തുഷാർ കാണും. അച്ഛനായ വെള്ളപ്പാള്ളി നടേശനും തനിക്കുമെതിരെ പിസി ജോർജ് പ്രസ്താവന തുടർന്നാൽ കോട്ടയത്ത് മത്സരിക്കില്ലെന്ന നിലപാട് ബിജെപി നേതൃത്വത്തെ തുഷാർ അറിയിക്കും. എന്നാൽ പിസിയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടികളൊന്നും എടുക്കില്ല.
ഇതിനൊപ്പമാണ് ബിജെപി സംസ്ഥാന നേതൃത്വവും പിസിയ്‌ക്കെതിരെ കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിൽ പിസിയുടെ അഭിപ്രായങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അനിൽ ആന്റണിയെ അപമാനിക്കുന്ന തരത്തിൽ പിസി പ്രസ്താവന തുടരുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായാണ് പിസി ബിജെപിയിൽ എത്തിയത്. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം. സ്ഥാനാർത്ഥിയെ മറ്റൊരു ബിജെപി നേതാവ് തന്നെ കളിയാക്കുന്നത് ശരിയല്ലെന്നാണ് നിഗമനം. അതിനിടെയും പിസി ഒളിയമ്പ് തുടരുകയാണ്. അനിൽ ആന്റണി പത്തനംതിട്ടയിൽ എത്തുമ്പോൾ എല്ലാം ശുഭമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ദേശീയ നേതൃത്വം.
പത്തനംതിട്ടയിൽ ക്രൈസ്തവ വിഭാഗമടക്കം മുഴുവൻ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണി. ബിജെപി കഴിഞ്ഞ തവണ സമാഹരിച്ചതിനേക്കാൾ ഏറെ ദൂരം മുന്നോട്ടുപോകുമെന്നും തന്റെ വിജയത്തിൽ പിസി ജോർജ്ജിനും ഒരു പങ്ക് ഉണ്ടായിരിക്കുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. എന്നാൽ പിസിയുടെ ശ്രമം ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കും. ഇതിനൊപ്പം എൻ എസ് എസ് വോട്ടുകളും വഴിമാറാൻ അവസരമൊരുക്കുമെന്ന ആശങ്ക ബിജെപി സംസ്ഥാന നേൃത്വത്തിനുണ്ട്. പത്തനംതിട്ടയിൽ മൂന്ന് ക്രൈസ്തവർ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും അനിൽ ആന്റണിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിന് വിഘാതമാകും പിസിയുടെ പരസ്യ പ്രസ്താവനകൾ.
കറുകൃത്യമാണ് പിസിയുടെ പ്രതികരണങ്ങൾ. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും കെ സുരേന്ദ്രനോ, പിഎസ് ശ്രീധരൻപിള്ളയോ പത്തനംതിട്ടയിൽ മത്സരിക്കാമായിരുന്നെന്നും പിസി ജോർജ്ജ് പറഞ്ഞു. പത്ത് പേരെ നിർത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആർക്കും മനസിലാവില്ലെന്ന് പിസി ജോർജ്ജ് പറഞ്ഞു. അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടുന്നത് ഗതികേട് തന്നെയാണ്. കെ സുരേന്ദ്രനോ പിഎസ് ശ്രീധരൻ പിള്ളയോ ആയിരുന്നെങ്കിൽ പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടാവില്ലായിരുന്നുവെന്നും പിസി പറഞ്ഞു. ഇതെല്ലാം കടുത്ത അച്ചടക്ക ലംഘനമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
ബിഷപ്പുമാർക്കും എൻഎസ്എസ് നേതൃത്വത്തിനും പിഎസ് ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകണമെന്നായിരുന്നു താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ തനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പിന്തുണക്കും. വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോൾ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടൻ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താൽ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എടുത്ത ചാട്ടങ്ങൾ വേണ്ടെന്ന സന്ദേശം പിസിക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകും എന്നണാണ് സൂചന. എകെ ആന്റണിയുടെ മകനാണ് അനിൽ. കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണ് എകെ. പ്രതിരോധ മന്ത്രിയായി യുപിഎ ഭരണകാലത്ത് കോൺഗ്രസിൽ പ്രധാനിയായ മുഖം. അനിൽ ആന്റണി എന്ന പ്രവർത്തക സമിതി അംഗത്തിന്റെ മകൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയാകും. ഈ ലക്ഷ്യത്തിലാണ് എ ക്ലാസ് മണ്ഡലം ആന്റണിയുടെ മകന് ബിജെപി നൽകുന്നത്.
ബിജെപിയുടെ ദേശീയ സെക്രട്ടറി കൂടിയായ അനിലിന് വോട്ട് കുറഞ്ഞാൽ കേരളത്തിലെ ബിജെപിക്കാർക്ക് മറുപടി പറയേണ്ടി വരും. പിസിക്കും വിനയായി അതു മാറും. കേരളത്തിലെ ഈഴവ വോട്ടുകളിൽ ബിജെപി പ്രതീക്ഷവയ്ക്കുന്നുണ്ട്. എസ് എൻ ഡി പി നേതാവായ വെള്ളപ്പള്ളി നടേശൻ പരസ്യമായി പിസിയെ തള്ളി പറഞ്ഞതും പത്തനംതിട്ടയിൽ നിർണ്ണായകമായി. ഇതും പിസിയെ തഴഞ്ഞ് അനിൽ ആന്റണിയെ പത്തനംതിട്ടയിലേക്ക് കൊണ്ടു വരാൻ കാരണമായി.