മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. നേരത്തെ ട്ര0ഷറിയിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാൽ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളിൽ ഒന്ന് കാണാതെ പോയത്. ഇത് വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടെയാണ് നാടകീയമായി പെട്ടി വീണ്ടും കണ്ടെത്തിയത്.

രാവിലെ മുതൽ നടത്തിയ തെരച്ചലിനൊടുവിലാണ് പെട്ടി കണ്ടെത്തിയത്. എങ്ങനെയാണെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ പെട്ടിയെത്തിയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. തദ്ദേശതെരഞ്ഞടുപ്പ് സമയത്ത് പെട്ടി അറിയാതെ ഇവിടെയെത്തിയതാവാം എന്നാണ് അധികൃതരുടെ വിശദീകരണം. ഈ വിശദീകരണം വിചിത്രമാണ് താനും. ഇപ്പോഴത്തെ സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി ഇരുവിഭാഗങ്ങളും രംഗത്തു വന്നിട്ടുണ്ട്.

2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോവിഡിന്റെ സാഹചര്യത്തിൽ 80-ന് മുകളിൽ പ്രായമുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാൽ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകൾ വോട്ടെണ്ണൽ വേളയിൽ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പർ, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്.

ഈ വോട്ടുകൾ എണ്ണണമെന്ന് എൽഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ നജീബ് കാന്തപുരം തടസ്സവാദഹർജി നൽകിയിരുന്നെങ്കിലും കെ പി എം മുസ്തഫയുടെ ഹർജി നിലനിൽക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും.

പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ നജീബ് കാന്തപുരം തടസ്സവാദഹർജി നൽകിയിരുന്നെങ്കിലും കെ പി എം മുസ്തഫയുടെ ഹർജി നിലനിൽക്കുന്നതാണെന്ന് കഴിഞ്ഞ നവംബറിൽ കോടതി വ്യക്തമാക്കിയിരുന്നു.