- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ ഇത്തവണയും 'കൊടി' വിവാദം
തിരുവനന്തപുരം: വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതായത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെ പതാകകൾ ഇത്തവണ ഒഴിവാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോർട്ട് ചെയ്ത്. ഇത് ഭീരുത്വമല്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട്ടിലെ റാലിയിൽ കോൺഗ്രസിന്റേയും ലീഗിന്റേയും അടക്കം കൊടികൾ ഒഴിവാക്കിയിരുന്നു.
ലീഗിന്റെ വോട്ടുവേണം, പതാക പാടില്ല എന്നാണ് പറയുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്നും ഒളിച്ചോടാൻ സ്വന്തം കൊടിക്ക് അയിത്തം കൽപ്പിക്കുന്ന വിധത്തിലേക്ക് എന്തുകൊണ്ട് കോൺഗ്രസ് താണുപോയി. ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന് സ്വാഭാവികമായും സംശയം ഉയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ചർച്ച ആളിക്കത്തിക്കാനാണ് സിപിഎമ്മും ഇടതുമുന്നണിയും ശ്രമിക്കുന്നത്. മലബാറിൽ ന്യൂനപക്ഷ വോട്ടുകൾ നേടാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ രാഹുലിന് വേണ്ടി പച്ചക്കൊടികൾ സജീവമായി ഉപയോഗിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാൻ പിന്തുണയോടെ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതെന്ന പ്രചരണം ബിജെപി ഉത്തരേന്ത്യയിൽ സജീവമാക്കുന്നതിന് ഇത് വഴിവച്ചു. ഈ സാഹചര്യത്തിലാണ് ഇത്തവണ തന്ത്രപരമായി കോൺഗ്രസ് കൊടി ഒഴിവാക്കിയതെന്നാണ് വിലയിരുത്തൽ.
ഇതിനൊപ്പമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കുന്നത് യുഡിഎഫിൽ ആലോചനയെന്ന് സൂചന പുറത്തു വരുന്നത്. ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെപിസിസി. താൽകാലിക പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വ്യാഴാഴ്ച പ്രഖ്യാപിക്കും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ദേശീയ തലത്തിൽ എസ് ഡി പി ഐ തീരുമാനം തിരിച്ചടിയാകുമെന്നതിനാലാണ് ഇത്. ഇതിനിടെയാണ് മുസ്ലിം ലീഗ് കൊടി വിവാദം ചർച്ചയാകുന്നത്.
എസ് ഡി പി ഐയുടെ പിന്തുണ പ്രഖ്യാപിക്കലിന് പിന്നിൽ 'രാഷ്ട്രീയ ചതി'യുണ്ടോ എന്ന് കോൺഗ്രസിന് സംശയമുണ്ട്. കേരളത്തിൽ സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള നീക്കത്തിന് എസ് ഡി പി ഐയുടെ പ്രഖ്യാപനം തിരിച്ചടിയാണ്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് ആയുധമാക്കും. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ് ഡി പി ഐ എന്നത് പകൽപോലെ വ്യക്തമാണ്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെയാണ് വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന രാഷ്ട്രീയ ചർച്ച ബിജെപി ദേശീയ തലത്തിൽ ഉയർത്തും. ഇത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് കോൺഗ്രസ് ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ തവണ മുസ്ലിം ലീഗിന്റെ പച്ച പതാക രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പാക്കിസ്ഥാൻ പിന്തുണയാണ് ഇതെന്നായിരുന്നു ആരോപണം. ഇത്തവണ അതുമാറ്റി തീവ്ര മുസ്ലിം സംഘടനയായ പോപ്പുലർ ഫ്രണ്ട് പിന്തുണ രാഹുലിനുണ്ടെന്ന വാദം ബിജെപി ചർച്ചയാക്കും. എസ് ഡി പി ഐ പിന്തുണയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നിട്ടുണ്ട്.
കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ലെന്നും വർഷങ്ങളായി അവർ ഇത്തരത്തിൽ വർഗീയ ശക്തികളെ പിന്തുണച്ചുവരികയാണെന്നും അമിത് ഷാ വിമർശിച്ചു. ഈ സാഹചര്യത്തിലാണ് പച്ചക്കൊടി ഒഴിവാക്കലും ചർച്ചയാകുന്നത്.