മലപ്പുറം: അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിന് പ്രത്യയശാസ്ത്രപരമായി താൽപര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരമെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന് മതനിരപേക്ഷ പാരമ്പര്യം നഷ്ടമായിരിക്കയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കോൺഗ്രസിന് നിലപാടില്ല. പൗരത്വഭേദഗതി നിയമത്തെ കുറിച്ച് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഒന്നും പറയാനില്ല.

രാജ്യത്താകെ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമായുടെയും മുതിർന്ന നേതാക്കളുടെയും പട്ടിക ഇവിടെ ആവർത്തിക്കുന്നില്ല. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്.ഓരോ ദിവസവും പുതിയ വാർത്ത വരികയാണ്. വന്നു വന്ന് കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് ചാടുന്നത് ഒരു വാർത്തയേ അല്ലാതായി. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്.എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ സംഭാവനയാണ്. 2004 ൽ കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും 2011 ൽ പിഎസ് സി ചെയർമാന്റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോൺഗ്രസ്സ് നിയോഗിച്ചിരുന്നത്.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ്സ് പാർട്ടിയുടെ ഐടി സെൽ തലവനുമായിരുന്നു.കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്.മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നയാളാണ്. അതായത് ഇന്ന് കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണ്.

ഇതേ കോൺഗ്രസ്സ് പാർട്ടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിത്? മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും അതിനെ നയിക്കുന്ന ആർ എസ് എസിനെതിരെയും പറയാനും പൊരുതാനും ഇടതു പക്ഷത്തിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറത്തെ വാർത്താസമ്മേളനത്തിൽ നിന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ നടക്കുകയാണ്. കേരളത്തിലും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിക്കഴിഞ്ഞു. ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരം. യു ഡി എഫിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടില്ല. വർഗീയ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയിൽ പരാമർശം പോലുമില്ല. എന്തിന്, സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയർത്തിപ്പിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു. കോൺഗ്രസ്സിന്റെ അധഃപതനത്തെ കുറിച്ച് ഒരുദാഹരണം പറയാം.

2023 ജനുവരി അവസാനവാരം ജമ്മു കാശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിച്ചത്. അന്ന് തന്നെയാണ് ആ സംസ്ഥാനത്തെ കോൺഗ്രസ്സ് മുഖ്യ വക്താവും കത്വ കേസിലെ ഇരയുടെ അഡ്വക്കറ്റുമായിരുന്ന അഡ്വ. ദീപിക സിങ് രജാവത്ത് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജി വെച്ചുത്. ദീപിക സിങ് രജാവത്ത് മലപ്പുറത്തുകാർക്ക് അപരിചിതയല്ല. 2021 ലെ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി നിരവധി വേദികളിൽ സംസാരിച്ച വ്യക്തിയാണവർ.

എന്തിനാണ് ദീപിക കോൺഗ്രസ്സ് വിട്ടത് ? മുൻ ജമ്മു-കാശ്മീർ മന്ത്രിയും ബിജെപി നേതാവുമായ ചൗധരി ലാൽ സിങ്ങിനെ ജോഡോയാത്ര സമാപനവേദിയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു അവരുടെ രാജി. കത്വയിൽ പിഞ്ചു കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന കേസിൽ റേപ്പിസ്റ്റുകളെ പരസ്യമായി ന്യായീകരിക്കാനും കേസ് അട്ടിമറിക്കാനും മുന്നിൽ നിന്ന വ്യക്തിയാണ് അന്നത്തെ ബിജെപി മന്ത്രികൂടിയായ ഈ പറഞ്ഞ ചൗധരി ലാൽ സിങ്ങ്.

കശ്മീരിലെ ഒരു ഗ്രാമത്തിൽ നിന്ന് നാടോടി മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാൻ വേണ്ടിയാണ് കത്വയിൽ ഈ ക്രൂരകൃത്യം ചെയ്തത്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഏക്താ മഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിക്ക് നേതൃത്വം കൊടുത്തത് ചൗധരി ലാൽസിങ് ആയിരുന്നു. അറപ്പുളവാക്കുന്ന ഭാഷയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതും ഇതേ വ്യക്തിയായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്തത് അന്ന് വലിയ വാർത്തയായതാണ്. ആ ലാൽ സിങ്ങിനെ ജോഡോ യാത്രാ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചത് സഹിക്കാതെയാണ് ദീപിക സിങ് രജാവത്തിന് കോൺഗ്രസ്സ് വിട്ടു പോകേണ്ടിവന്നത്.
രാജി പ്രഖ്യാപിച്ചുകൊണ്ട് അഡ്വ. ദീപിക ഇങ്ങനെ കുറിച്ചു: 'In view of Choudhary Lal Singh's proposal of joining Bharat Jodo Yatra and Congress allowing the same, I am left with no other option but to resign from Congress. Lal Singh was responsible for sabotaging the Kathua rape case in 2018 by brazenly defending rapists'

ചൗധരി ലാൽ സിങിനെ കോൺഗ്രസ്സിലേക്ക് ആനയിക്കാൻ ഒരു മനഃസാക്ഷി കുത്തും കോൺഗ്രസ് നേതൃത്വത്തിനുണ്ടായില്ല. അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഇത്തരക്കാരെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ്സ് സംഘപരിവാറിനെ രാഷ്ട്രീയമായി നേരിടാൻ പോകുന്നത്. ജമ്മു കാശ്മീരിലെ ഉധംപൂരിൽ നിന്നും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിക്കുന്നത് ചൗധരി ലാൽ സിങ് ആണ് എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോകുന്ന കാര്യം മാത്രം പറയുന്നു, തിരിച്ച് ബിജെപിയിൽ നിന്ന് കോൺഗ്രസ്സിലേക്ക് വരുന്ന കാര്യം പറയുന്നില്ല എന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ ഒരു പരാതി. ബിജെപിയിൽ നിന്നും കോൺഗ്രസ്സിലേക്ക് വന്ന ഒരാളുടെ കാര്യം പറഞ്ഞു എന്നേയുള്ളൂ.

വാർത്ത സൃഷ്ടിക്കാൻ പി ആർ ഏജൻസികൾ തയാറാക്കുന്ന വാചകങ്ങൾക്കപ്പുറം ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോൺഗ്രസ്സിന് ഒരു താല്പര്യവുമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അധികാരവും - ഇവ രണ്ടിലും മാത്രമേ കോൺഗ്രസ്സിന് ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളും മത്സരവുമുള്ളൂ. സംഘപരിവാറിന്റെ രാഷ്ട്രീയത്തെ തുറന്നെതിർക്കുന്ന എത്ര കോൺഗ്രസ്സ് നേതാക്കളുണ്ട്? ആരും ഇല്ലെന്ന് പറയുന്നില്ല. അധികാര രാഷ്ട്രീയത്തിലിടം നേടാൻ മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞു. അങ്ങനെ ആവരുത് എന്നാണ്
പൊതുവെ ആഗ്രഹിക്കുന്നത്. ബിജെപിയുടെ ബി ടീമായി അധഃപതിക്കുന്ന കോൺഗ്രസ്സ് അതിന്റെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കണമെന്നേ ഞങ്ങൾക്കുള്ളൂ. എന്നാൽ സമീപകാല അനുഭവങ്ങൾ അങ്ങനെയല്ല സൂചിപ്പിക്കുന്നത്.

തങ്ങൾ ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ, അതായത് ഉറപ്പായും ജയിക്കേണ്ട സീറ്റിൽ തോറ്റുപോയ പാർട്ടിയാണ് കോൺഗ്രസ്സ്. ആറ് കോൺഗ്രസ്സ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ടു കുത്തിയത്. അവരിപ്പോൾ ബിജെപിയിൽ ചേരുകയും ചെയ്തു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മനു അഭിഷേക് സിങ് വിയെന്ന ദേശീയ നേതാവ് എന്താണ് പറഞ്ഞതെന്ന് നമ്മൾ കേട്ടതല്ലേ? സംസ്ഥാന ഭരണമുള്ള ഇടത്തുപോലും കോൺഗ്രസ്സിന് ഉറച്ച രാജ്യസഭാ സീറ്റ് വിജയിപ്പിച്ചെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

അരുണാചലിൽ ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കു കൂടി തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. കോൺഗ്രസ്സും ബിജെപിയുമാണ് അവിടത്തെ മുഖ്യ കക്ഷികൾ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മത്സരിക്കുന്ന സീറ്റുകൾ ഉൾപ്പെടെ പത്തു സീറ്റുകളിലാണ് തെരഞ്ഞെടുപ്പിനു മുൻപേ ബിജെപി എതിരില്ലാതെ ജയം നേടിയത്. കോൺഗ്രസ്സ് ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താതെ വാക്കോവർ നൽകുകയായിരുന്നു. ഇതിൽ ഉപമുഖ്യമന്ത്രിക്കെതിരെ ആദ്യം പത്രിക നൽകിയ കോൺഗ്രസ്സ് സ്ഥാനാർത്ഥി അവസാന നിമിഷം പത്രിക പിൻവലിക്കുകയുമായിരുന്നു. ആകെയുള്ള 60 സീറ്റിൽ 10 സീറ്റുകൾ മത്സരം തുടങ്ങും മുൻപേ ബിജെപി നേടിയ സ്ഥിതിയാണ്. എന്താണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത്? ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താതെയും നൽകിയ പത്രികകൾ പിൻവലിച്ചും കോൺഗ്രസ്സ് എന്തു രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്? കോൺഗ്രസ്സാണ് ബിജെപിക്ക് ബദൽ എന്നല്ലേ ഇപ്പോഴും ആ പാർട്ടിക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്? രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അരുണാചൽ പ്രദേശിലൂടെ കടന്നുപോയിട്ട് അധികം കാലമായിട്ടില്ല എന്നു കൂടെ കാണേണ്ടതുണ്ട്.

2016 ൽ കൂടെയുള്ള 43 എംഎൽഎമാരെയും കൊണ്ട് ബിജെപിയിലേക്ക് പോയ അരുണാചൽ പ്രദേശിലെ അന്നത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി പേമ ഖണ്ഡു തന്നെയാണ് ഇപ്പോൾ മത്സരമില്ലാതെ തെരഞ്ഞെടുപ്പ് ജയിച്ച ബിജെപി മുഖ്യമന്ത്രി. കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ നിന്നും മത്സരിച്ച് മുഖ്യമന്ത്രിയായ വ്യക്തിയായി ഇദ്ദേഹം. രാജ്യത്താകെ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമായുടെയും മുതിർന്ന നേതാക്കളുടെയും പട്ടിക ഇവിടെ ആവർത്തിക്കുന്നില്ല. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. ഓരോ ദിവസവും പുതിയ വാർത്ത വരികയാണ്. വന്നു വന്ന് കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് ചാടുന്നത് ഒരു വാർത്തയേ അല്ലാതായി. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ സംഭാവനയാണ്. 2004 ൽ കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും 2011 ൽ പിഎസ് സി ചെയർമാന്റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോൺഗ്രസ്സ് നിയോഗിച്ചിരുന്നത്.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ്സ് പാർട്ടിയുടെ ഐടി സെൽ തലവനുമായിരുന്നു. കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്. മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നയാളാണ്. അതായത് ഇന്ന് കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണ്. ഇതേ കോൺഗ്രസ്സ് പാർട്ടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിത്? മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും അതിനെ നയിക്കുന്ന ആർ എസ് എസിനെതിരെയും പറയാനും പൊരുതാനും ഇടതു പക്ഷത്തിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട. ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവരും ആർ എസ് എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക എന്നെ പറയാനുള്ളൂ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം യു ഡി എഫിന്റെ അവസര വാദത്തിനും നിലപാടില്ലായ്മയ്ക്കും എതിരായ വിധിയാണെഴുതുക. മത്സര ചിത്രത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബിജെപി കൂടുതൽ അപ്രസക്തമാവുകയും എൽ ഡി എഫ് ഉജ്വല വിജയം നേടുകയും ചെയ്യും.