ചേർത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ പോലും ബിജെപി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 ൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. ബിജെപിയുടെ കരുത്തിന്റെ ഭാഗമായി തുറന്നതല്ല. ബിജെപിക്ക് പോലും അങ്ങനെ അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിൽ ആ അക്കൗണ്ട് ഞങ്ങൾ പൂട്ടിച്ചു. വി.ശിവൻകുട്ടി അവിടെനിന്നാണ് ജയിച്ചത്. 2011 ൽ 17.38 ശതമാനം വോട്ട് യുഡിഎഫിന് നേമത്തുണ്ടായിരുന്നു. 2016 ൽ 9.7 ശതമാനമായി കുറഞ്ഞു. കോൺഗ്രസിന്റെ വോട്ട് എവിടെപ്പോയി. ആ വോട്ട് ചെന്നപ്പോഴാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കി യുഡിഎഫ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ- മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ല. സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കുകയും അവരെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യും. യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്നു സിപിഎം, പ്രകടനപത്രികയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പ്രകടനപത്രികയിൽ ഇതു കാണാൻ കഴിയില്ല. സിഎഎ വിഷയത്തിൽ കോൺഗ്രസിന്റേതു കുറ്റകരമായ മൗനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശ സർവകലാശാലകൾ വരുന്നതു സർക്കാർ പരിശോധിക്കുമെന്നാണ് ബജറ്റിൽ പറഞ്ഞത്. അത് അംഗീകാരമല്ല. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടി നിലപാട് വ്യക്തമാക്കി. വിദേശ സർവകാലാശാലകൾക്കു സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിക്കുമെന്നാണു മന്ത്രി വീണാ ജോർജ് പറഞ്ഞതെന്നാണു ഞാൻ മനസ്സിലാക്കിയത്. അവിടെ അരുതാത്ത ചിലതു സംഭവിച്ചു.

വകുപ്പു തലത്തിൽ നടപടിയെടുക്കുന്നുണ്ട്. അത് ആരോടെങ്കിലും വിരോധമോ താൽപര്യമോ വച്ചുകൊണ്ടല്ല. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വിവരം കോടതിയെ അറിയിക്കുമെന്നും അതിൽ കോടതിയുടെ നിർദ്ദേശം പാലിക്കുമെന്നുമാണു മന്ത്രി പറഞ്ഞത്.