മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവരുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയമുണ്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്. പ്രത്യേക രീതിയിലാണ് സർവേ വരുന്നതെന്നും ഇതിനെ പെയ്ഡ് ന്യൂസെന്ന് പറയാമെന്നും മുഖ്യമന്ത്രി മലപ്പുറത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണണത്തിലും പിണറായി പ്രതികരിച്ചു. "വടകരയിൽ കെ.കെ. ശൈലയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണമെല്ലാം ശുദ്ധ തെമ്മാടിത്തമല്ലേ? ഇത്തരം തെമ്മാടിത്തങ്ങൾ രാഷ്ട്രീയത്തിൽ അനുവദിക്കാൻ പാടുള്ളതാണോ? ഇതിനെതിരെ അതതു പാർട്ടികളുടെ നേതൃത്വം തന്നെ രംഗത്തുവരേണ്ടതല്ലേ? എങ്ങനെയാണ് ഇത്രയും ഹീനമായ രീതിയിൽ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താൻ കഴിയുന്നത്? നമ്മുടെ പൊതുവായ സാംസ്‌കാരിക രീതിയെ അല്ലേ അതു വെല്ലുവിളിക്കുന്നത്. അത്തരം ആളുകളെയും അവരുടെ ചെയ്തികളെയും ആ ശൈലിയെയും തള്ളിപ്പറയാൻ എന്താണ് കോൺഗ്രസ് നേതൃത്വത്തിനു മടി?" മുഖ്യമന്ത്രി ചോദിച്ചു.

ജനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ യുഡിഎഫിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശബ്ദം യുഡിഎഫിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. സ്വന്തം പാർട്ടിയുടെയും മുസ്‌ലിം ലീഗിന്റെയും പതാക ഉയർത്തി വോട്ടു ചോദിക്കാൻ അവർക്കാകുന്നില്ല. ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിന് പ്രത്യയശാസ്ത്രപരമായി താൽപര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരം അധികാരത്തിനു വേണ്ടി മാത്രമായി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് അവസാനിക്കുന്നില്ല. കേരളത്തിലും ഇത് തുടങ്ങിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് വിസിയായ ആളാണ്. കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മാവേലിക്ക മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ സംഭാവനകളാണ്. ബിജെപിക്ക് കേരളത്തിൽ നാലിൽ ഒന്നു സ്ഥാനാർത്ഥികളെ നൽകിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി കെ.എം മിൻഹാജിനെതിരെയാണ് കലാപാഹ്വാനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി മട്ടന്നൂർ പൊലീസ് കേസെടുത്തത്. കെ കെ.ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് കേസ്. മിൻഹാജ് കെ.എം പാലോളി എന്ന ഫേസ്‌ബുക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

നേരത്തെ ന്യൂമാഹി പൊലീസ്, ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. അതേസമയം സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ പറഞ്ഞു.